മെട്രോ പുരോഗതി കാണാന്‍ മുഖ്യമന്ത്രിയെത്തി
മെട്രോ പുരോഗതി കാണാന്‍ മുഖ്യമന്ത്രിയെത്തി
Tuesday, October 21, 2014 12:19 AM IST
സ്വന്തം ലേഖകന്‍

കൊച്ചി: കൊച്ചി മെട്രോയുടെ നിര്‍മാണ പുരോഗതിയില്‍ പൂര്‍ണ തൃപ്തിയെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഉദ്ദേശിച്ചതരത്തില്‍ തന്നെ നിര്‍മാണം നടക്കുന്നുണ്ട്. ലക്ഷ്യമിട്ട സമയത്തുതന്നെ മെട്രോ നിര്‍മാണം പൂര്‍ത്തീകരിക്കും. പച്ചാളം റെയില്‍വേ മേല്‍പ്പാലത്തിനു സ്ഥലം വിട്ടുനല്‍കുന്നവര്‍ക്കും വാടകക്കാര്‍ക്കും കൊച്ചി മെട്രോയുടെ അതേ തരത്തില്‍ തന്നെയുള്ള നഷ്ടപരിഹാര പാക്കേജ് നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൊച്ചി മെട്രോയുടെ പുരോഗതി വിലയിരുത്താനായി ഇന്നലെ രാവിലെ ചേര്‍ന്ന യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മെട്രോയ്ക്കായി ഭൂമി ഏറ്റെടുക്കല്‍ എത്രയും വേഗം പൂര്‍ത്തിയാക്കുന്നതിനു യോഗത്തില്‍ തീരുമാനമായി. ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച കേന്ദ്രനിയമം അനുസരിച്ചുള്ള ചട്ടങ്ങള്‍ എത്രയും വേഗത്തില്‍ രൂപീകരിക്കുമെന്നു മുഖ്യമന്ത്രി യോഗത്തില്‍ അറിയിച്ചു. ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച് ശേഷിക്കുന്ന തര്‍ക്കങ്ങളില്‍ ഒരുവട്ടംകൂടി ചര്‍ച്ച നടത്തി രമ്യമായി പരിഹരിക്കാന്‍ നീക്കം നടത്തും. ഇതു പരാജയപ്പെടുകയാണെങ്കില്‍ ജില്ലാ ഭരണകൂടം ഭൂമി ഏറ്റെടുക്കല്‍ നിയമം പ്രയോഗിക്കും.

എറണാകുളം സൌത്ത് റെയില്‍വേ സ്റേഷനു സമീപത്തുള്ള നഗരസഭയുടെ കെട്ടിടം എത്രയും വേഗം കെഎംആര്‍എലിനു കൈമാറാന്‍ മുഖ്യമന്ത്രി മേയര്‍ ടോണി ചമ്മണിയോട് ആവശ്യപ്പെട്ടു. കെഎംആര്‍എലിന്റെ പുനരധിവാസ നയപ്രകാരമുള്ള പ്രതിഫലം കെട്ടിടത്തിലെ വാടകക്കാര്‍ക്കു നല്‍കും. മറ്റു സ്ഥലങ്ങളില്‍ നടപ്പിലാക്കിയ തരത്തിലെ പ്രതിഫല പാക്കേജ് നഗരസഭയുമായി ബന്ധപ്പെട്ട സ്ഥലം ഏറ്റെടുക്കലിന്റെ കാര്യത്തിലും പ്രാവര്‍ത്തികമാക്കും.

എറണാകുളം സൌത്ത് റെയില്‍വേ സ്റേഷനിലെ സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് 24 കോടി രൂപ റെയില്‍വേയ്ക്കു കൈമാറി. സ്ഥലം കൈമാറ്റം സംബന്ധിച്ച അന്തിമ തീരുമാനം ഉടന്‍ തന്നെ ഉണ്ടാകുമെന്നു യോഗത്തില്‍ കെഎംആര്‍എല്‍ അറിയിച്ചു. പച്ചാളം മേല്‍പ്പാലത്തിനായി ഭൂമി ഏറ്റെടുക്കുന്നതിനു 10 കോടി രൂപയും നിര്‍മാണത്തിനു 19 കോടി രൂപയും വേണ്ടിവരും. കെഎംആര്‍എല്‍ കാര്യാലയത്തില്‍ നടന്ന ചടങ്ങില്‍ കൊച്ചി മെട്രോ സ്റേഷനുകളുടെ മാതൃകയും മുഖ്യമന്ത്രി പ്രകാശിപ്പിച്ചു. ആലുവ പുളിഞ്ചോട്, കളമശേരി കുസാറ്റ് എന്നിവിടങ്ങളിലെ മെട്രോ നിര്‍മാണത്തിന്റെ പുരോഗതി വിലയിരുത്തിയതിനുശേഷമാണു മുഖ്യമന്ത്രി യോഗത്തിനെത്തിയത്. പച്ചാളം മേല്‍പ്പാലത്തിനുവേണ്ടി സ്ഥലം ഏറ്റെടുക്കുന്നതിന്റെ ചെക്കു വിതരണവും മുഖ്യമന്ത്രി നിര്‍വഹിച്ചു. യോഗത്തിനു ശേഷം മുഖ്യമന്ത്രിയും സംഘവും കലൂരിലെ മെട്രോ നിര്‍മാണ പുരോഗതിയും വിലയിരുത്തി.


കേരളീയ പാരമ്പര്യവും സംസ്കാരവും വിളിച്ചോതുന്ന രീതിയില്‍ ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്ചര്‍ കേരള ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ഒരു സംഘം വാസ്തുശില്പികള്‍ ചേര്‍ന്നു തയാറാക്കിയ സ്റേഷന്‍ മാതൃകയാണു മുഖ്യമന്ത്രി പ്രകാശിപ്പിച്ചത്. ഡിഎംആര്‍സിയുടെ ഡിസൈന്‍ കണ്‍സള്‍ട്ടന്റുമാരായ ഈജിസ് റെയില്‍ തയാറാക്കിയ ഘടനാപരമായ ഡിസൈന്‍ കേരളീയ തനിമയ്ക്കു ചേര്‍ന്ന വിധം ചാരുതയോടെയാണു പുനഃസൃഷ്ടിച്ചിട്ടുള്ളത്.

മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, കെ. ബാബു, അടൂര്‍ പ്രകാശ്, പി. രാജീവ് എംപി, എംഎല്‍എമാരായ ഡൊമിനിക് പ്രസന്റേഷന്‍, ബെന്നി ബഹനാന്‍, ഹൈബി ഈഡന്‍, അന്‍വര്‍ സാദത്ത്, ലൂഡി ലുയീസ്, മേയര്‍ ടോണി ചമ്മണി, ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍, കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ്, ജിസിഡിഎ ചെയര്‍മാന്‍ എന്‍. വേണുഗോപാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.