കെട്ടിടങ്ങളുടെ തുക കുറച്ചു കാണിച്ചു രജിസ്ട്രേഷന്‍: നിയമഭേദഗതി നടത്താന്‍ സര്‍ക്കാര്‍ നീക്കം
Tuesday, October 21, 2014 12:22 AM IST
പി. ജയകൃഷ്ണന്‍

കണ്ണൂര്‍: കെട്ടിടങ്ങളുടെ തുക കുറച്ചു കാണിച്ചു രജിസ്ട്രേഷന്‍ നടത്തിയാല്‍ പിടിക്കപ്പെടുന്നതിനുള്ള കാലപരിധി അഞ്ചു വര്‍ഷമായി ഉയര്‍ത്തുന്നു. നിലവിലെ രണ്ടുവര്‍ഷ കാലാവധി നിയമ ഭേദഗതിയിലൂടെ അഞ്ചു വര്‍ഷമാക്കാനാണു സര്‍ക്കാര്‍ നീക്കം. അടുത്ത മാസം ഇതുസംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകും.

കെട്ടിടത്തിന്റെ തുക കുറച്ചു കാണിച്ചതു ശ്രദ്ധയില്‍പ്പെട്ടാല്‍ രജിസ്ട്രേഷന്‍ നടത്തിയ രണ്ടു വര്‍ഷത്തിനുള്ളില്‍ ജില്ലാ കളക്ടര്‍ നടപടി സ്വീകരിക്കണമെന്ന വ്യവസ്ഥയിലാണു സര്‍ക്കാര്‍ മാറ്റം വരുത്തുന്നത്. മൂല്യം കുറച്ചുകാണിച്ചാണു രജിസ്ട്രേഷന്‍ നടത്തിയതെന്നു ബോധ്യപ്പെട്ടാല്‍ രജിസ്ട്രാര്‍ക്ക് ഇക്കാര്യം ജില്ലാ കളക്ടര്‍ക്കു റിപ്പോര്‍ട്ട് ചെയ്യാം. കളക്ടര്‍ കെട്ടിടം വീണ്ടും മൂല്യനിര്‍ണയം നടത്തും. മൂല്യം കുറച്ചാണു രജിസ്ട്രേഷനെന്നു വ്യക്തമായാല്‍ യഥാര്‍ഥത്തില്‍ അടയ്ക്കേണ്ടതിന്റെ ഇരട്ടി ഈടാക്കാമെന്നാണു വ്യവസ്ഥ. എന്നാല്‍, പലപ്പോഴും ഇരട്ടി തുക ഈടാക്കാന്‍ കഴിയാറില്ല. തീര്‍പ്പാക്കല്‍ പദ്ധതിയാണു പിഴ ഈടാക്കുന്നതിനു പ്രധാന തടസം. ഇതുകാരണം പിഴയുടെ 20 ശതമാനത്തില്‍ കൂടുതല്‍ പലപ്പോഴും ഉടമയ്ക്ക് അടയ്ക്കേണ്ടിവരാറില്ല.

കളക്ടര്‍ നടപടിയുമായി മുന്നോട്ടുപോയാലും പലവിധ നിയമക്കുരുക്കുകളില്‍പ്പെട്ടു രണ്ടു വര്‍ഷത്തിനുള്ളില്‍ പിഴ ഈടാക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ഉടമ കോടതിയെ സമീപിച്ചാല്‍ പ്രശ്നപരിഹാരം പലപ്പോഴും നീണ്ടുപോകും. ഇതു പിഴ ഈടാക്കുന്നതിനു തിരിച്ചടിയാണ്. ഈ സാഹചര്യം ഒഴിവാക്കണമെന്നു കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ നിര്‍ദേശിച്ചിരുന്നു. മൂല്യം കുറച്ചുകാണിച്ചു സര്‍ക്കാര്‍ ഫീസ് കുറച്ചടച്ച നിരവധി കേസുകളില്‍ തുടര്‍നടപടികള്‍ കാണാത്തതിനെ തുടര്‍ന്നുള്ള സിഎജിയുടെ അന്വേഷണത്തിലാണു വെട്ടിപ്പു വ്യക്തമായത്. ഭൂമിയുടെ ന്യായവില നിശ്ചയിച്ചിട്ടുള്ളതിനാല്‍ അതില്‍ കുറച്ചു വില കാണിച്ച് ആര്‍ക്കും രജിസ്ട്രേഷന്‍ നടത്താനാകില്ല. കെട്ടിടത്തിന്റെ കാര്യത്തില്‍ സ്ഥിതി വ്യത്യസ്തമാണ്. കെട്ടിടത്തിന് ആറു ശതമാനം സ്റാമ്പ് ഡ്യൂട്ടിയും രണ്ടു ശതമാനം രജിസ്ട്രേഷന്‍ ഫീസുമാണു നല്കേണ്ടത്. കെട്ടിടവില കുറച്ചു കാണിക്കുമ്പോള്‍ സര്‍ക്കാരിനു ലഭിക്കേണ്ട വലിയ തുകയാണു നഷ്ടപ്പെടുന്നത്.


തുക കുറച്ചുകാണിച്ചു രജിസ്ട്രേഷന്‍ നടത്തുന്ന വിവരം കൃത്യമായി പരിശോധിക്കാന്‍ സര്‍ക്കാരില്‍ ഫലപ്രദമായ സംവിധാനമില്ലാത്തതും തിരിച്ചടിയാണ്. സാധാരണ രജിസ്ട്രാര്‍ക്കു സംശയം തോന്നിയാല്‍ കളക്ടര്‍ക്ക് ഈ വിവരം കൈമാറുകയാണ്. ചിലര്‍ പരാതിയിലൂടെയും ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്താറുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് ഇതുവരെ നടപടി സ്വീകരിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.