തൊണ്ണൂറ്റിയൊന്നിലും വി.എസ് കര്‍മനിരതന്‍
തൊണ്ണൂറ്റിയൊന്നിലും വി.എസ് കര്‍മനിരതന്‍
Tuesday, October 21, 2014 12:24 AM IST
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനു തൊണ്ണൂറ്റിയൊന്നു വയസ്. ജന്മദിനാഘോഷമൊന്നുമില്ലാതെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൌസില്‍ അദ്ദേഹം ഇന്നലെയും കര്‍മനിരതനായിരുന്നു.

ദിനചര്യകള്‍ക്കൊന്നും ഇന്നലെയും മാറ്റമുണ്ടായില്ല. രാവിലെ നാലേകാലിനു തന്നെ എഴുന്നേറ്റു. കന്റോണ്‍മെന്റ് ഹൌസില്‍ മുക്കാല്‍ മണിക്കൂര്‍ നടത്തം. അതിനുശേഷം അരമണിക്കൂര്‍ യോഗ. വെജിറ്റബിള്‍ ജ്യൂസ് കുടിച്ചതിനു ശേഷമായിരുന്നു പ്രഭാത ഭക്ഷണം. മുട്ടയുടെ വെള്ളക്കരുവും ബദാമും ഈന്തപ്പഴവുമായിരുന്നു മെനു. പതിനൊന്നുമണിയോടെ ഓഫീസ് റൂമിലെത്തി. ഇളനീര്‍ കഴിച്ചതിനുശേഷം, തന്നെ കാണാനെത്തിയവരെ കണ്ടു.

ഇന്നലെ പതിവിനേക്കാള്‍ നല്ല തിരക്കായിരുന്നു. കാണാനെത്തിയവരെല്ലാം വി.എസിനു പിറന്നാളാശംസിച്ച ശേഷമാണു മടങ്ങിയത്. രാവിലെതന്നെ ഗവര്‍ണര്‍ പി. സദാശിവം പ്രത്യേക ദൂതന്‍ വഴി വി.എസിന് ആശംസാ കത്തും പൂച്ചെണ്ടും എത്തിച്ചു.

പിന്നാലെ കോഴിക്കോടുള്ള രാജേഷ് എന്ന ആരാധകന്‍ ഒരു പവന്‍ മോതിരവുമായെത്തി. രാജേഷിന്റെ പിറന്നാളാശംസ സന്തോഷപൂര്‍വം സ്വീകരിച്ച വി.എസ് സ്വര്‍ണ മോതിരം തിരികെ നല്‍കി. വിഎസിന്റെ ഓഫീസിലെ ജീവനക്കാര്‍ ചേര്‍ന്നു കേ ക്കു മുറിച്ചതാണു പിറന്നാള്‍ ആഘോഷമായി പറയാനുണ്ടായിരുന്നത്.


ഉച്ചയ്ക്കു പതിവുപോലെ ചുവന്ന ചീരയും ചെറുപയര്‍ കിളിര്‍പ്പിച്ചതും നെല്ലിക്ക ചമ്മന്തിയും മുരിങ്ങക്ക ഇട്ടുള്ള ഒഴിച്ചുകൂട്ടാനും ചേര്‍ത്തുള്ള ഊണ്. അതിനുശേഷം വിശ്രമം. ഉച്ചകഴിഞ്ഞു മൂന്നരയോടെ സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ കന്റോണ്‍മെന്റ് ഹൌസിലെത്തി പിറന്നാളാശംസ നേര്‍ന്നു. സിപിഐ അസിസ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബുവും പന്ന്യനൊപ്പമുണ്ടായിരുന്നു. ചുവപ്പുഷാള്‍ നല്‍കിയാണു നേതാക്കള്‍ ആശംസയര്‍പ്പിച്ചത്. സിപിഐയുടെ ആശംസയായതിനാല്‍ മധുരം കൂടുമെന്നായിരുന്നു വി.എസിന്റെ പ്രതികരണം. സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും എംപിയുമായ സി.പി. നാരായണനും വി.എസിന് ആശംസ നേര്‍ന്നു.

വൈകുന്നേരം നാലരയോടെ വര്‍ക്കല ഇലകമണ്‍ ക്ഷീര സഹകരണ സംഘത്തിന്റെ രജതജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യാനായി അദ്ദേഹം പോയി.ഇന്നലെ പിറന്നാള്‍ ദിന ത്തിലും വി.എസ് ബിജെപി സര്‍ക്കാരിനെയും ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെയും ശക്തമായി വിമര്‍ശിച്ചു. അഴിമതിക്കെതിരേയുള്ള പോരാട്ടം തുടരുമെന്നും വി.എസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.