വിദ്യാഭ്യാസ സമരപ്രഖ്യാപന മഹാസമ്മേളനം ചങ്ങനാശേരിയില്‍ 25ന്
Tuesday, October 21, 2014 12:31 AM IST
കോട്ടയം: എയ്ഡഡ് മേഖലയെ തകര്‍ക്കുകയും മാനേജ്മെന്റിന്റെ വിദ്യാഭ്യാസ അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയും ചെയ്യുന്ന കെഇആര്‍ പരിഷ്കരണം പിന്‍വലിക്കണമെന്നും മാനേജ്മെന്റിന്റെ വിദ്യാഭ്യാസ അവകാശം നിഷേധിക്കുന്ന നയങ്ങളില്‍നിന്നു സര്‍ക്കാര്‍ പിന്‍മാറണമെന്നും ആവശ്യപ്പെട്ടു ചങ്ങനാശേരി അതിരൂപതാ പാസ്ററല്‍ കൌണ്‍സിലും കോര്‍പറേറ്റ് മാനേജ്മെന്റും സംയുക്തമായി 25നു രാവിലെ 10നു ചങ്ങനാശേരി എസ്ബി കോളജ് കാവുകാട്ട് ഹാളില്‍ വിദ്യാഭ്യാസ സമരപ്രഖ്യാപന മഹാസമ്മേളനം സംഘടിപ്പിക്കും.

സമ്മേളനത്തില്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ ആമുഖപ്രസംഗം നടത്തും. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിക്കും. മ ലങ്കര കത്തോലിക്കാ സഭ മൂവാറ്റുപഴ രൂപതാധ്യക്ഷന്‍ ഏബ്ര ഹാം മാര്‍ യൂലിയോസ് സമ്മേളനം ഉദ്ഘാടനം ചെയ്യും.

തലശേരി അതിരൂപത കോര്‍പറേറ്റ് മാനേജര്‍ ഫാ. ജയിംസ് ചെല്ലങ്കോട്ട് മുഖ്യപ്രഭാഷണം നടത്തും. വികാരി ജനറാള്‍ മോണ്‍. ജോസഫ് മുണ്ടകത്തില്‍ വിദ്യാഭ്യാസ സമരപരിപാടികള്‍ പ്രഖ്യാപിക്കും. വികാരി ജനറാള്‍ മോ ണ്‍. ജയിംസ് പാലയ്ക്കല്‍, കോര്‍പറേറ്റ് മാനേജര്‍ ഫാ. മാത്യു നടമുഖത്ത്, പാസ്ററല്‍ കൌണ്‍സില്‍ സെക്രട്ടറി അഡ്വ. ജോജി ചിറയില്‍, ഫാ. മാത്യു വാരുവേലില്‍, ജോസഫ് കെ. നെല്ലുവേലി എന്നിവര്‍ പ്രസംഗിക്കും.

ഭാവിയിലുണ്ടാകുന്ന ഒഴിവുകളില്‍ നിയമനം നടത്താന്‍ മാനേജ്മെന്റിനുള്ള അവകാശം കെഇആര്‍ പരിഷ്കരണത്തിലൂടെ നിഷേധിക്കപ്പെട്ടിരിക്കുകയാണ്. 2010 മുതല്‍ നിയമനം ലഭിച്ചിട്ടുള്ള അധ്യാപകര്‍ക്ക് ഇപ്പോഴും ശമ്പളം ലഭിക്കുന്നില്ല.


അധ്യാപക ബാങ്ക് എന്ന അപ്രായോഗിക സാങ്കല്പിക സംവിധാനം മാനേജ്മെന്റുകളുടെ അവകാശങ്ങളിലേക്കുള്ള കടന്നു കയറ്റമാണ്. ഇതു വിദ്യാഭ്യാസരംഗത്തു നിലവാരത്തകര്‍ച്ച ഉണ്ടാക്കുകയും മാനേജ്മെന്റിന്റെ അവകാശങ്ങള്‍ നിഷേധിക്കുകയും ചെയ്യുന്നു. ഇത്തരം കരിനിയമങ്ങള്‍ പിന്‍വലിക്കുന്നതുവരെ സമരരംഗ ത്തു നിലയുറപ്പിക്കുമെന്നും ഘട്ടംഘട്ടമായ സമരപരിപാടികള്‍ സമ്മേളനത്തില്‍ പ്രഖ്യാപിക്കുമെന്നും സമരസമിതി അംഗങ്ങള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.സമരപ്രഖ്യാപന ദിനത്തില്‍ മാനേജ്മെന്റ് സ്കൂളിലെ അധ്യാപകര്‍ സ്പെഷല്‍ ക്ളാസുകളും ക്ളസ്ററുകളും ബഹിഷ്കരിച്ചു സമ്മേളനത്തില്‍ പങ്കെടുക്കും. ചങ്ങനാശേരി അതിരൂപതയുടെ കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ വിവിധ ഇടവകകളില്‍നിന്നും അല്മായ നേതാക്കളും അധ്യപകരുമടക്കം മൂവായിരത്തോളം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നും സമരസമിതി നേതാക്കള്‍ അറിയിച്ചു.

പത്രസമ്മേളനത്തില്‍ കോര്‍പറേറ്റ് മാനേജര്‍ ഫാ.മാത്യു നടമുഖത്ത്, പാസ്ററല്‍ കൌണ്‍സില്‍ സെക്രട്ടറി ജോജി ചിറയില്‍, അഡ്വ. പി.പി. ജോസഫ്, അഡ്വ. ടോമി കണയംപ്ളാക്കല്‍, വര്‍ഗീസ് ആന്റണി എന്നിവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.