റേഷന്‍ വ്യാപാരികള്‍ ജില്ലാ കേന്ദ്രങ്ങളില്‍ ധര്‍ണ നടത്തും
Tuesday, October 21, 2014 12:35 AM IST
തൃശൂര്‍: ഫെബ്രുവരിയില്‍ നടത്തിയ സമരം ഒത്തുതീര്‍പ്പാക്കുന്നതിനായി വ്യവസ്ഥ ചെയ്ത നിര്‍ദേശങ്ങള്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ചു നവംബര്‍ മുതല്‍ ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ വീണ്ടും സമരത്തിലേക്ക്. നവംബര്‍ ഒന്നുമുതല്‍ ഇന്‍ഡന്റ് ബഹിഷ്കരിക്കാനും സ്റോക്കെടുക്കല്‍ നിര്‍ത്തിവയ്ക്കാനുമാണു സംഘടനയുടെ സംസ്ഥാന നേതൃത്വ ക്യാമ്പിലെ തീരുമാനം.

സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂര്‍ ക്യാമ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫെബ്രുവരിയിലെ ഒത്തുതീര്‍പ്പുവ്യവസ്ഥപ്രകാരം റേഷന്‍ വ്യാപാരികള്‍ക്ക് 200 രൂപ കമ്മീഷന്‍ വര്‍ധിപ്പിക്കാമെന്നും ഡോര്‍ ഡെലിവറി സമ്പ്രദായം അനുവദിക്കാമെന്നും ഉറപ്പു നല്‍കിയിരുന്നു. ഇതു നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ചാണു വീണ്ടും സമരത്തിലേക്ക് നീങ്ങുന്നത്. സമരത്തിനു മുന്നോടിയായി ഈ മാസം 27ന് പ്രചാരണയോഗങ്ങള്‍ സംഘടിപ്പിക്കും. കൂടാതെ നവംബര്‍ നാലിനു ജില്ലാ കേന്ദ്രങ്ങളില്‍ ധര്‍ണ നടത്തും. സംസ്ഥാന വൈസ് പ്രസിഡന്റ് മോഹന്‍പിളള, ടി.മുഹമ്മദാലി, സെബാസ്റ്യന്‍ ചൂണ്ടല്‍ തുടങ്ങിയവര്‍ നേതൃത്വ ക്യാമ്പില്‍ പങ്കെടുത്തു.


റേഷന്‍ വ്യാപാരികളുടെ കമ്മീഷന്‍ വര്‍ധിപ്പിക്കുമെന്നു ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഭക്ഷ്യവകുപ്പ് നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.