കുട്ടികള്‍ക്കു പോലീസ് മര്‍ദനം: നഷ്ടപരിഹാരം നല്‍കണമെന്നു ബാലാവകാശ കമ്മീഷന്‍
Wednesday, October 22, 2014 12:30 AM IST
തിരുവനന്തപുരം: വയനാട് ജില്ലയിലെ ഒരു വിദ്യാലയത്തിലെ ഒമ്പതാം ക്ളാസ് വിദ്യാര്‍ഥികളും ഗോത്രവര്‍ഗക്കാരുമായ രണ്ടു കുട്ടികളെ മോഷണക്കുറ്റം ആരോപിച്ച് പോലീസ് മര്‍ദിച്ച കേസില്‍ ഇരുവര്‍ക്കും 25,000 രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ശിപാര്‍ശ ചെയ്തു. സംസ്ഥാ ന ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി തുക ഒരുമാസത്തിനകം കുട്ടികളുടെ രക്ഷാകര്‍ത്താക്കള്‍ക്കു കൈമാറാനാണ് ആക്ടിംഗ് ചെയര്‍പേഴ്സണ്‍ ന സീര്‍ ചാലിയം, മെംബര്‍ ഗ്ളോറി ജോര്‍ജ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചത്. സംഭവത്തിന് ഉത്തരവാദികളെന്നു കണ്െടത്തുന്ന പോലീസ് ഉദ്യോഗസ്ഥരില്‍നിന്നു സംസ്ഥാന ഗവണ്‍മെന്റിന് ഈ തുക ഈടാക്കാമെന്നും കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

സ്കൂളിലെ ലാപ്ടോപ്പും കാമറയും മോഷ്ടിച്ചെന്നാരോപിച്ചു കുട്ടികളെ വീട്ടില്‍നിന്ന് കൂട്ടിക്കൊണ്ടുപോയ പോലീസുകാര്‍ അവരെ വഴിയിലും പോലീസ് സ്റേഷനിലും വച്ച് മര്‍ദിച്ചെന്നു കുട്ടികളും രക്ഷിതാക്കളും കമ്മീഷനു മൊഴി നല്‍കിയിരുന്നു. രാത്രി ഒമ്പതു മണിവരെ സ്റേഷനില്‍ തടഞ്ഞുവച്ചതായും കുട്ടികള്‍ കമ്മീഷനെ അറിയിച്ചു.

തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തില്‍, ഗോത്രവര്‍ഗക്കാരായ കുട്ടികളെ പോലീസ് സ്റേഷനില്‍ കൊണ്ടുപോയി മര്‍ദിച്ചതും തെറ്റുകാരല്ലെന്നുകണ്ടു രാത്രി വിട്ടയച്ചതും നിസാരമായി കാണാനാകില്ലെന്നു കമ്മീഷന്‍ ഉത്തരവില്‍ വ്യക്തമാക്കി.


ഏതെങ്കിലും മൊഴിയുടെയോ വിവരത്തിന്റെയോ അടിസ്ഥാനത്തില്‍ കുട്ടികളെ പോലീസ് കസ്റഡിയില്‍ എടുക്കുമ്പോള്‍ മൊഴിയുടെ വിശ്വാസ്യത ഉറപ്പുവരുത്തുകയും കിട്ടിയ വിവരത്തിന്റെ സാധുത പരിശോധിക്കുകയും വേണം. സമൂഹത്തിലെ ദുര്‍ബലരും പിന്നോക്ക ജനവിഭാഗത്തില്‍പ്പെട്ടവരുമായ കുട്ടികളുടെ പരിരക്ഷ ഉറപ്പാക്കേണ്ടതു സര്‍ക്കാരിന്റെ പ്രാഥമിക ഉത്തരവാദിത്തമാണ്.

ഹര്‍ജിക്കാര്‍ക്കെതിരേ നടന്ന ബാലാവകാശലംഘനത്തിന് ഉചിതമായ നഷ്ടപരിഹാരം നല്‍കാന്‍ നാലാം എതിര്‍കക്ഷിയായ ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നിയമപരമായ ബാധ്യതയുണ്െടന്നും കമ്മീഷന്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

നഷ്ടപരിഹാരത്തുക കുട്ടികളുടെ ആവശ്യങ്ങള്‍ക്കു മാത്രമായാണ് ഉപയോഗിക്കുന്നതെന്നു വയനാട് ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ ഉറപ്പു വരുത്തണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ 40 ദിവസത്തിനുളളില്‍ കമ്മീഷനെ അറിയിക്കാനും നിര്‍ദേശമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.