ഭൂരഹിതരില്ലാത്ത കേരളം പദ്ധതി: പ്രധാനമന്ത്രിക്കു നിവേദനം നല്‍കി
Wednesday, October 22, 2014 12:30 AM IST
തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ പതാകവാഹക പദ്ധതികളില്‍ ഒന്നായ ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയിലൂടെ മൂന്നു സെന്റ് ഭൂമി ലഭിച്ച കുടുംബങ്ങള്‍ക്കു ഗൃഹനിര്‍മാണത്തിനു സര്‍ക്കാര്‍ സഹായം എന്ന നിലയില്‍ മൂന്നു ലക്ഷം രൂപ വീതം നല്‍കാനുള്ള വിശദമായ പദ്ധതി പ്രധാനമന്ത്രിക്കു സമര്‍പ്പിച്ചു. ഓരോരുത്തര്‍ക്കും 21 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള വീട് നിര്‍മിക്കാന്‍ ആവശ്യമുള്ള തുക എന്ന നിലയിലാണ് 750 കോടി രൂപയുടെ പദ്ധതി തയാറാക്കി സമര്‍പ്പിച്ചത്. കിടപ്പുമുറി, അടുക്കള, ശൌചാലയം, പാരമ്പര്യേതര ഊര്‍ജലഭ്യത എന്നീ സൌകര്യങ്ങളോടുകൂടിയ വീടുകളാണു വിഭാവനം ചെയ്തിരിക്കുന്നത്.

ആര്‍ക്കിടെക്ട് ജി. ശങ്കര്‍ തയാറാക്കിയ മാതൃക ഉപയോഗിച്ച് റവന്യു-ദുരന്ത നിവാരണ വകുപ്പിന്റെ പരിശീലന- ഗവേഷണ സ്ഥാപനമായ കിശെേൌലേ ീള ഘമിറ മിറ ഉശമെലൃെേ ങമിമഴലാലി ആണ് ഈ പദ്ധതി തയാറാക്കിയത്.

പ്രധാനമന്ത്രി കേരളത്തിന്റെ ഈ മാതൃകയെ അഭിനന്ദിക്കുകയും വിശദമായ പരിശോധനയ്ക്കായി നിവേദനം ബന്ധപ്പെട്ട വകുപ്പിന് കൈമാറുകയും ചെയ്തതായി റവന്യുമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

കഴിഞ്ഞ 16നു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ്സിംഗിനെ കണ്ട് തെക്കു-പടിഞ്ഞാറന്‍ കാലവര്‍ഷക്കെടുതിയുടെ വിശദമായ നാശനഷ്ട കണക്കുകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. 258 കോടി രൂപയുടെ സഹായമാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

ഇതുകൂടാതെ കേരളത്തില്‍ ശക്തമായ മഴ, ചുഴലിക്കാറ്റ് എന്നിവയുടെ നിരീക്ഷണത്തിനായി മൂന്നു ഡോപ്ളര്‍ റഡാറുകള്‍ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക നിവേദനവും നല്‍കി. നിലവില്‍ അനുമതി ലഭിച്ചിട്ടുള്ളതും നിര്‍മാണം ഏറെക്കുറെ അവസാനിച്ചതുമായ കൊച്ചിയിലെ റഡാര്‍ കേന്ദ്രം ഉടന്‍ പ്രവര്‍ത്തിപ്പിക്കണമെന്നും അഭ്യര്‍ഥിച്ചു.

ഇടിമിന്നലും കടല്‍ക്ഷോഭവും ദുരന്തങ്ങളായി അംഗീകരിക്കണമെന്നും ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് അതിനു സഹായം ലഭിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടു പതിന്നാലാം ധനകാര്യ കമ്മീഷന്‍ ചെയര്‍മാന്‍ വൈ.വി. റെഡ്ഡിക്കും നിവേദനം നല്‍കി. കേരളത്തില്‍ ദീര്‍ഘകാല കണക്കുകളുടെ അടിസ്ഥാനത്തില്‍ ശരാശരി 71 പേര്‍ ഇടിമിന്നല്‍ മൂലം മരിക്കുന്നുണ്ട്. കേരളത്തിലെ 75 ശതമാനം വില്ലേജുകളിലും വര്‍ഷത്തില്‍ ഒരു മരണമെങ്കിലും ഇത്തരത്തില്‍ ഉണ്ടാകുന്നു.


കടല്‍ക്ഷോഭം 2002-12 വര്‍ഷം 78000 ആളുകള്‍ക്ക് മൂലം വീടും ഭൂമിയും നഷ്ടപ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ കേരള ജനതയുടെ നല്ല ഒരു ശതമാനത്തെ ബാധിക്കുന്ന ഈ പ്രകൃതിക്ഷോഭങ്ങള്‍ പ്രകൃതി ദുരന്തമായി അംഗീകരിച്ച് ദേശീയ ദുരന്തപ്രതികരണനിധിയില്‍ നിന്നു സഹായം അനുവദിക്കണമെന്നു കേരളം അഭ്യര്‍ഥിച്ചു.

750 കോടിയുടെ സഹായം തേടി : അടൂര്‍ പ്രകാശ്

തിരുവനന്തപുരം: ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ ഭവന നിര്‍മാണത്തിനായി 750 കോടി രൂപയുടെ കേന്ദ്ര സഹായം തേടി പ്രധാനമന്ത്രിക്ക് നിവേദനം നല്‍കിയതായി മന്ത്രി അടൂര്‍ പ്രകാശ് പത്രസമ്മേളനത്തില്‍ അറിയിച്ചു. മൂന്നു സെന്റ് ഭൂമിവീതം നല്‍കിയ 25,000 കുടുംബങ്ങള്‍ക്ക്, എല്ലാവര്‍ക്കും വീട് എന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയില്‍പെടുത്തി വീടുവച്ചു നല്‍കാനാണു ധനസഹായം തേടിയത്. ഓരോരു ത്തര്‍ക്കും 21 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള വീടാണു നിര്‍മിക്കുന്നത്.

കാലവര്‍ഷക്കെടുതിയിലുണ്ടായ നാശനഷ്ടങ്ങള്‍ക്കു 258 കോടി രൂപയുടെ ധനസഹായം ആവശ്യപ്പെട്ടു. കൃഷിയില്‍ 12 കോടിയും മത്സ്യകൃഷിയില്‍ 6.8 കോടി രൂപയും പൊതുമരാമത്ത് റോഡുകളുടെ തകര്‍ച്ചയില്‍ 193.8 കോടി രൂപയും നഷ്ടമുണ്ടായി. ഇടിമിന്നല്‍, കടല്‍ക്ഷോഭം എന്നിവയില്‍ മരിക്കുന്നവര്‍ക്ക് കാലവര്‍ഷക്കെടുതിയില്‍ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കിയിട്ടുണ്ട്. ഇടിമിന്നല്‍ കാരണം വര്‍ഷം തോറും 71 പേര്‍ മരിക്കുന്നു. കഴിഞ്ഞ വര്‍ഷം കടല്‍ക്ഷോഭംമൂലം 78000 പേര്‍ക്ക് വീടും ഭൂമിയും നഷ്ടമായി. തിരുവനന്തപുരം മുതല്‍ കോട്ടയം വരെയുള്ള കളക്ടര്‍മാരുടെ യോഗംകൂടി ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ പട്ടയം നല്‍കിയ ഭൂമി കാണിച്ചുകൊടുക്കാന്‍ നിര്‍ദേശിച്ചു. 2015 അവസാനത്തോടെ എല്ലാവര്‍ക്കും ഭൂമി നല്‍കുമെന്നും മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.