സഭയ്ക്ക് എല്ലാ വിഭാഗങ്ങളോടും കരുണാര്‍ദ്ര സമീപനം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി
സഭയ്ക്ക് എല്ലാ വിഭാഗങ്ങളോടും കരുണാര്‍ദ്ര സമീപനം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി
Wednesday, October 22, 2014 12:36 AM IST
സ്വന്തം ലേഖകന്‍

കൊച്ചി: സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളോടും കാരുണ്യപൂര്‍വമായ ഇടപെടല്‍ വേണമെന്ന നിലപാടാണു റോമില്‍ നടന്ന മെത്രാന്‍മാരുടെ അസാധാരണ സിനഡ് ഓര്‍മിപ്പിക്കുന്നതെന്നു സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സിനഡില്‍ ചില വിഷയങ്ങള്‍ തള്ളിക്കളഞ്ഞു എന്ന നിലയിലുള്ള മാധ്യമവാര്‍ത്തകളില്‍ അടിസ്ഥാനമില്ല. സ്വവര്‍ഗാനുരാഗികളുടെ വിവാഹബന്ധം, വിവാഹമോചനം നേടിയവരുടെ കൂദാശാസ്വീകരണം, ആത്മീയമായ ദിവ്യകാരുണ്യ സ്വീകരണം എന്നീ വിഷയങ്ങളില്‍ കൂടുതല്‍ പഠനങ്ങള്‍ക്കുശേഷം അടുത്ത ഒക്ടോബറിലെ സാധാരണ സിനഡില്‍ വ്യക്തത വരുത്തുമെന്നും മാര്‍ ആലഞ്ചേരി പറഞ്ഞു. സിനഡില്‍ പങ്കെടുത്തു മടങ്ങിയെത്തിയശേഷം എറണാകുളം മേജര്‍ ആര്‍ച്ച്ബിഷപ്സ് ഹൌസില്‍ മാധ്യമപ്രവര്‍ത്തകരുമായി ആശയവിനിമയം നടത്തുകയായിരുന്നു അദ്ദേഹം.

കുടുംബജീവിതം നയിക്കുന്നതു ക്രൈസ്തവരെ സംബന്ധിച്ചു മാത്രമല്ല, ഏതു മതങ്ങളിലുള്ളവരെ സംബന്ധിച്ചും ശ്രമകരമായ ശുശ്രൂഷയാണ്. മതങ്ങളും സമൂഹവും കുടുംബങ്ങളുടെ നിലനില്പിനു വലിയ പ്രാധാന്യമാണു കല്പിക്കുന്നത്. കുടുംബങ്ങള്‍ നിലനിന്നാലേ സഭയും സമൂഹവും നിലനില്‍ക്കൂ. ഈ പശ്ചാത്തലത്തിലാണു കുടുംബങ്ങളെക്കുറിച്ചു പ്രത്യേകമായി ചര്‍ച്ച ചെയ്യാന്‍ മാര്‍പാപ്പ അസാധാരണ സിനഡ് വിളിച്ചുചേര്‍ത്തത്.

നാലു സമ്മേളനങ്ങളിലൂടെ നടന്ന രണ്ടാം വത്തിക്കാന്‍ കൌണ്‍സിലിനെ ഓര്‍മിപ്പിക്കുന്ന ശൈലിയിലായിരുന്നു അസാധാരണ സിനഡ്. ഇപ്പോള്‍ നടന്ന സിനഡിന്റെ തുടര്‍ച്ചയായാണു 2015 ഒക്ടോബര്‍ നാലു മുതല്‍ 25 വരെ സാധാരണ സിനഡ് നടക്കുക. ക്രൈസ്തവ കുടുംബങ്ങളുടെ വിളിയും ദൌത്യവും എന്ന വിഷയം അടുത്ത സിനഡ് വിശദമായി ചര്‍ച്ച ചെയ്യും. അസാധാരണ സിനഡില്‍ പങ്കെടുത്ത 192 മെത്രാന്മാരും ചര്‍ച്ചകളില്‍ സജീവമായിരുന്നു. നാലു മിനിറ്റു വീതമാണ് ഓരോരുത്തരും ചര്‍ച്ചകളില്‍ ഇടപെടല്‍ നടത്തിയത്.

സ്വവര്‍ഗാനുരാഗം സംബന്ധിച്ച വിഷയത്തില്‍ സഭയുടെ നിലപാടു സുവ്യക്തമാണ്. ഒരേ ലിംഗത്തില്‍പ്പെട്ടവര്‍ ഒരുമിച്ചു താമസിക്കുന്നതു വിവാഹബന്ധമായി കാണാനാവില്ലെന്നു തന്നെയാണു സഭയുടെ വീക്ഷണം. എന്നാല്‍, ഇക്കൂട്ടരെ പാടെ ഉപേക്ഷിക്കുന്നതു ശരിയല്ലെന്നു സിനഡ് ഓര്‍മിപ്പിക്കുന്നു. 1960കള്‍ക്കുശേഷം ലോകത്തില്‍ വ്യാപകമായ ലൈംഗികവിപ്ളവത്തിന്റെ ഭാഗമായാണു സ്വവര്‍ഗാനുരാഗവും യൂറോപ്യന്‍ രാജ്യങ്ങളില്‍ പ്രചരിച്ചത്. ഒരുമിച്ചു താമസിക്കുന്ന ഒരേ ലിംഗത്തില്‍പ്പെട്ടവര്‍ക്കു കൂദാശകള്‍ സ്വീകരിക്കാനുള്ള സ്വാതന്ത്യ്രം ആവശ്യപ്പെട്ട് അവര്‍ സഭാധികാരികളെ സമീപിക്കുന്ന സാഹചര്യമുണ്ടായി. ഏഷ്യയിലും ആഫ്രിക്കന്‍ രാജ്യങ്ങളിലും ഇത്തരമൊരു സാഹചര്യം ശക്തമല്ല. ജീവിതത്തില്‍ വ്യത്യസ്തത പുലര്‍ത്തുന്നവരോടു കാരുണ്യത്തിന്റെ സമീപനം വേണമെന്നു തന്നെയാണു സഭയുടെ നിലപാട്. ഇവരുടെ ഒരുമിച്ചുതാമസത്തെ വിവാഹമായി കണക്കാക്കാനാവില്ലെന്ന നിലപാടു സംബന്ധിച്ച് അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായതു സ്വാഭാവികമാണ്. ഇക്കാര്യങ്ങളില്‍ അടുത്ത സിനഡിനു മുമ്പു വിവിധ തലങ്ങളിലെ ചര്‍ച്ചകളും പഠനങ്ങളും ഉണ്ടാകും.


വളര്‍ന്നുവരുന്ന തലമുറയെ മൂല്യബോധത്തില്‍ വളര്‍ത്താന്‍ നമുക്കു കടമയുണ്െടന്ന അഭിപ്രായമാണു താന്‍ സിനഡില്‍ ഉന്നയിച്ചതെന്നു കര്‍ദിനാള്‍ പറഞ്ഞു. വ്യക്തിക്ക് എന്തുമാകാമെന്ന പാഠം മുന്നോട്ടുവയ്ക്കുന്ന പാശ്ചാത്യ സംസ്കാരത്തിന്റെ ദൂഷ്യവശങ്ങളില്‍പ്പെടാതെ, മക്കളുടെ ആത്മീയവും ഭൌതികവുമായ തലങ്ങളിലെ വളര്‍ച്ചയില്‍ മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം. സമൂഹത്തിനൊപ്പം നീങ്ങുകയല്ല, സമൂഹത്തിന്റെ ഗതിയെ മൂല്യബോധത്തില്‍ നിയന്ത്രിക്കുകയാണു പ്രധാനം.

കേരളസഭയുടെ അജപാലനത്തില്‍ കൂടുതല്‍ പ്രായോഗിക സമീപനങ്ങള്‍ വേണം. തങ്ങള്‍ ശുശ്രൂഷകരാണെന്ന അവബോധമാണ് അജപാലകര്‍ക്കു വേണ്ടത്. കുടുംബങ്ങളുടെ ആത്മീയവളര്‍ച്ചയിലും അജപാലകര്‍ പ്രത്യേകം ശ്രദ്ധിക്കണം.

സിനഡിലെ ചര്‍ച്ചാവിഷയങ്ങള്‍ പൊതുസമൂഹവും ചര്‍ച്ച ചെയ്യട്ടെയെന്ന നിലപാടാണ് ഇക്കുറി സഭാനേതൃത്വത്തിനുണ്ടായിരുന്നത്. അതുകൊണ്ടാണു പല ചര്‍ച്ചകളെ സംബന്ധിച്ചും വാര്‍ത്തകള്‍ മാധ്യമങ്ങളിലൂടെ ലോകമറിഞ്ഞത്.

സിനഡില്‍ 62 വിഷയങ്ങള്‍ അവതരിപ്പിച്ചതില്‍ മൂന്നു വിഷയങ്ങളാണു വോട്ടെടുപ്പില്‍ പിന്തള്ളപ്പെട്ടത്. വിവാഹമോചനം നേടിയശേഷം പുനര്‍വിവാഹം കഴിച്ചു ജീവിക്കുന്നവരുടെ കൂദാശസ്വീകരണം, ആത്മീയമായ വിശുദ്ധ കുര്‍ബാന സ്വീകരണം, സ്വവര്‍ഗാനുരാഗികളെ സംബന്ധിച്ച വിഷയങ്ങള്‍ എന്നിവയാണു വോട്ടെടുപ്പിലൂടെ പിന്തള്ളപ്പെട്ടത്. എന്നാല്‍, ഈ വിഷയങ്ങളില്‍ കൂടുതല്‍ പഠനങ്ങള്‍ നടക്കേണ്ടതുണ്ട്. അടുത്ത സിനഡില്‍ ഇതു സംബന്ധിച്ചു കൂടുതല്‍ വ്യക്തയുണ്ടാവും.

അടുത്ത ഒക്ടോബറിലെ സിനഡില്‍ എപ്പിസ്കോപ്പല്‍ സഭകളുടെ തലവന്മാരെക്കൂടാതെ വ്യക്തി സഭകളിലെ 25 മെത്രാന്മാര്‍ക്ക് ഒരു പ്രതിനിധി വീതം പങ്കെടുക്കാനാവും. സീറോ മലബാര്‍ സഭയില്‍നിന്നു സഭാതലവനെകൂടാതെ രണ്ടു മെത്രാന്മാര്‍ കൂടി അടുത്ത സിനഡില്‍ പങ്കെടുക്കുമെന്നും കര്‍ദിനാള്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.