കോതമംഗലം സെന്റ് ജോര്‍ജ് സ്കൂളിനെ അത്ലറ്റിക് അക്കാഡമിയാക്കും
Wednesday, October 22, 2014 12:38 AM IST
കൊച്ചി: ദേശീയ കായിക രംഗത്തു കേരളത്തിന്റെ യശസ് വാനോളമുയര്‍ത്തിയ കോതമംഗലം സെന്റ് ജോര്‍ജ് സ്കൂളിനു സഹായഹസ്തവുമായി പ്രമുഖ വ്യവസായ ഗ്രൂപ്പായ ഈസ്റേണ്‍.

ഈസ്റേണ്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ സെന്റ് ജോര്‍ജ് സ്കൂളിനെ ഏഷ്യയിലെ ഏറ്റവും മികച്ച അത്ലറ്റിക് അക്കാഡമിയാക്കാനുള്ള തീവ്രയത്ന പദ്ധതിക്കു നാളെ തുടക്കം കുറിക്കും. ഈസ്റേണിന്റെ കൊച്ചിയിലെ കോര്‍പറേറ്റ് ഓഫീസില്‍ നാലിനു നടക്കുന്ന ചടങ്ങില്‍ ഈസ്റേണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ നവാസ് മീരാന്‍, മാനേജിംഗ് ഡയറക്ടര്‍ ഫിറോസ് മീരാന്‍ എന്നിവര്‍ പങ്കെടുക്കും.

അഞ്ചു വര്‍ഷത്തിനുള്ളില്‍ ഒരു ഡസന്‍ ഇന്റര്‍നാഷണല്‍ അത്ലിറ്റുകളെ വാര്‍ത്തെടുക്കുകയെന്ന വിശാല ലക്ഷ്യമാണു പദ്ധതിക്കുള്ളതെന്ന് ഈസ്റേണ്‍ ഗ്രൂപ്പ് പത്രക്കുറിപ്പില്‍ അറിയിച്ചു. സെന്റ് ജോര്‍ജ് സ്കൂളില്‍ നടപ്പിലാക്കുന്ന വിഷന്‍ 2020 പദ്ധതിക്കു വിവിധ കോര്‍പറേറ്റുകളുടെയും കായിക സംഘടനകളുടെയും സര്‍ക്കാര്‍ ഏജന്‍സികളുടെയും പങ്കാളിത്തം ഉറപ്പാക്കും.


ഈസ്റേണിന്റെ പിന്തുണയോടെ സ്കൂളില്‍ സിന്തറ്റിക് ട്രാക്കും ഒരുക്കും. സിന്തറ്റിക് ട്രാക്കുള്ള സംസ്ഥാനത്തെ ഏക സ്കൂളാകും സെന്റ് ജോര്‍ജ്. വിഷ്വല്‍ അനലൈസിംഗ് സെന്റര്‍, മഴക്കാലത്തും പരിശീലനത്തിനു പറ്റുന്ന ട്രെയിനിംഗ് സെന്റര്‍, ഹൈടെക് ജിംനേഷ്യം എന്നിവയും വിഷന്‍ 2020ല്‍ ഉള്‍പ്പെടുന്നു.

അന്താരാഷ്ട്ര നിലവാരമുള്ള ഫിറ്റ്നെസ്, വെല്‍നെസ് സൌകര്യങ്ങളാകും കോതമംഗലത്തു സജ്ജമാക്കുക. മാനേജ്മെന്റിന്റെയും നാട്ടുകാരുടെയും പൂര്‍വ വിദ്യാര്‍ഥികളുടെയും പിന്തുണയില്‍ ഒരു ദശാബ്ദക്കാലമായി തുടരുന്ന സ്കൂളിന്റെ കായിക മികവിന് ഈസ്റേണിന്റെ രംഗപ്രവേശം പുതിയ ഊര്‍ജം നല്‍കുമെന്നാണു പ്രതീക്ഷ.

രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്ന സ്കൂളിന് ഇതു ജീവ വായുവാകും. എട്ടു തവണ ദേശീയ ചാമ്പ്യന്‍മാരും എട്ടു തവണ സംസ്ഥാന ചാമ്പ്യന്‍മാരുമായിട്ടുള്ള സെന്റ് ജോര്‍ജ് സ്കൂള്‍ എണ്ണമറ്റ ദേശീയ, അന്തര്‍ദേശീയ താരങ്ങളെ രാജ്യത്തിനു സമ്മാനി ച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.