മുഖപ്രസംഗം: വികസനചരിത്രമാകാന്‍ വിദ്യാര്‍ഥി സംരംഭകത്വം
Thursday, October 23, 2014 11:11 PM IST
വിദ്യാര്‍ഥികളിലെ സംരംഭകത്വം പ്രോത്സാഹിപ്പിക്കാനും അവരുടെ സാങ്കേതിക കഴിവുകള്‍ വികസിപ്പിക്കാനുമുതകുന്ന ചില പ്രായോഗിക നിര്‍ദേശങ്ങള്‍ കഴിഞ്ഞ ദിവസം നടന്ന വൈസ് ചാന്‍സലര്‍മാരുടെ സമ്മേളനത്തില്‍ മുഖ്യമന്ത്രി മുന്നോട്ടുവയ്ക്കുകയുണ്ടായി. ഈ നിര്‍ദേശങ്ങള്‍ ഫലപ്രദവും കാര്യക്ഷമവുമായി നടപ്പാക്കിയാല്‍ അതു കേരളത്തിലെ വിദ്യാര്‍ഥി സമൂഹത്തിന് ഏറെ പ്രയോജനകരമാകും. എല്ലാ സര്‍വകലാശാലകളിലും സ്റുഡന്റ് ഇന്‍ക്യുബേറ്റര്‍ സെന്ററുകള്‍ ആരംഭിക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കയാണ്. ഇതിനായി ഓരോ സര്‍വകലാശാലയ്ക്കും ഓരോ കോടി രൂപവീതം നല്‍കും.

സ്റാര്‍ട്ടപ് വില്ലേജുമായി ബന്ധപ്പെട്ട പ്രോജക്ടുകള്‍ ചെയ്ത വിദ്യാര്‍ഥികള്‍ക്കു ഗ്രേസ് മാര്‍ക്കും ഹാജരും നല്‍കുന്നതു സംബന്ധിച്ചു സര്‍ക്കാര്‍ ഉത്തരവിറങ്ങിയിട്ടും അതു നടപ്പാക്കാത്ത സര്‍വകലാശാലകളുണ്ട്. പ്രോജക്ട് വര്‍ക്ക് ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്കു നാലു ശതമാനം ഗ്രേസ് മാര്‍ക്കും പത്തു ശതമാനം ഹാജരും നല്കണമെന്നു സര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ചിരുന്നതാണ്. എന്നാല്‍, എംജി, കേരള സര്‍വകലാശാലകള്‍ ഒഴികെയുള്ള സര്‍വകലാശാലകള്‍ ഈ ഉത്തരവു നടപ്പാക്കിയിട്ടില്ല. ഇക്കാര്യത്തില്‍ അടിയന്തര നടപടി വേണമെന്നു മുഖ്യമന്ത്രി വൈസ് ചാന്‍സലര്‍മാരുടെ യോഗത്തില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും അതിന്റെ ഭരണനിര്‍വഹണ സംവിധാനങ്ങളുടെ കാര്യക്ഷമതയില്ലായ്മയെക്കുറിച്ചും വലിയ പരാതികള്‍ ഉയരുന്ന അവസരത്തില്‍ വിദ്യാര്‍ഥികളുമായി ബന്ധപ്പെട്ട ഇത്തരം കാര്യങ്ങളില്‍ വൈസ് ചാന്‍സലര്‍മാര്‍ക്കു കൂടുതല്‍ ഉത്തരവാദിത്വമുണ്ട്. ഇതിനായി വൈസ് ചാന്‍സലര്‍മാരും സിന്‍ഡിക്കറ്റുമൊക്കെ കൂടുതല്‍ ഐക്യത്തോടെയും ചലനാത്മകമായും പ്രവര്‍ത്തിക്കേണ്ടതുണ്ട്. നിര്‍ഭാഗ്യവശാല്‍ കേരളത്തിലെ പല സര്‍വകലാശാലകളിലും ഇത്തരമൊരു അന്തരീക്ഷം നിലവിലില്ല.

സ്റാര്‍ട്ടപ് നയം ഡിസംബറില്‍ പ്രഖ്യാപിക്കാനാണു ലക്ഷ്യമിടുന്നത്. വിദ്യാര്‍ഥി സംരംഭകര്‍ക്കു കൂടുതല്‍ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ക്കു പ്രോത്സാഹനം ലഭിക്കത്തക്കവിധമുള്ള നയരൂപീകരണത്തിനായി ബന്ധപ്പെട്ട എല്ലാവരുടെയും ശ്രമം ഉണ്ടാകണം. സ്വകാര്യ-പൊതുമേഖലയുടെ സംയുക്താഭിമുഖ്യത്തില്‍ കേരളത്തിലെ സ്റാര്‍ട്ടപ് വില്ലേജ് വിജയകരമായി മുന്നോട്ടുപോകുന്ന സാഹചര്യത്തില്‍ അതിന്റെ പ്രയോജനം സര്‍വകലാശാലാ വിദ്യാര്‍ഥികള്‍ക്കു കൂടുതല്‍ ലഭ്യമാക്കാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നത്.

കേരളത്തില്‍ പുതിയൊരു സംരംഭകത്വ സംസ്കാരത്തിനു തുടക്കം കുറിച്ച സ്റാര്‍ട്ടപ് വില്ലേജ് ഇതിനോടകം മറ്റു പല സംസ്ഥാനങ്ങള്‍ക്കും മാര്‍ഗദര്‍ശനമായിട്ടുണ്ട്. കൊച്ചിയിലെ സ്റാര്‍ട്ടപ് വില്ലേജിനെ മാതൃകയാക്കി ഇന്‍കുബേറ്റര്‍ തുടങ്ങാന്‍ വിദഗ്ധോപദേശം തേടി ആന്ധ്രയില്‍നിന്നുള്ള ഉന്നത സംഘം കൊച്ചിയിലെത്തിയിരുന്നു. കേരളത്തിലെ വിദ്യാര്‍ഥി സംരംഭകത്വ പദ്ധതിയും ആന്ധ്രാസംഘത്തെ ആകര്‍ഷിച്ചു. യുവാക്കള്‍ക്കായി സൃഷ്ടിച്ചെടുത്ത ഇവിടത്തെ പ്രവര്‍ത്തനാന്തരീക്ഷവും പ്രത്യേക പ്രശംസയ്ക്കു പാത്രമായി.


നവസംരംഭകര്‍ക്കായി രാജ്യാന്തര നിലവാരമുള്ള അടിസ്ഥാന സൌകര്യങ്ങളും പ്രവര്‍ത്തന സാഹചര്യവും ഒരുക്കുന്നതിനുവേണ്ടി സംസ്ഥാന ബജറ്റിന്റെ ഒരു ശതമാനം നീക്കിവയ്ക്കാനുള്ള തീരുമാനം ദീര്‍ഘകാല ലക്ഷ്യത്തോടുകൂടിയതായിരുന്നു. കാലിഫോര്‍ണിയയിലെ സിലിക്കണ്‍വാലിയില്‍ സ്റാര്‍ട്ടപ്പുകള്‍ക്ക് അനുകൂലമായ സാഹചര്യം ഒരുക്കിയിരിക്കുന്നതിന്റെ മാതൃകയിലാണ് ഇവിടെയും സൌകര്യങ്ങള്‍ ഒരുക്കാന്‍ ശ്രമിച്ചിരിക്കുന്നത്. യുവസംരംഭകര്‍ക്കു പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിനാവശ്യമായ നിക്ഷേപസഹായവും ലഭ്യമാണ്. സ്റാര്‍ട്ടപ്പ് വില്ലേജ് പ്രഖ്യാപിച്ച് ഒരു വര്‍ഷത്തിനകം 1400 സ്റാര്‍ട്ടപ്പുകള്‍ തുടങ്ങാനായി എന്നതു നല്ലൊരു വിജയ സൂചികയാണ്.

ലോകത്തിലെ സ്റാര്‍ട്ടപ് സംരംഭങ്ങളുടെ സംഗമവേദിയായ വിയന്ന പയനിയേഴ്സ് ചലഞ്ചിനു ഹാന്‍ഡ് ഫ്രീ ടെക്നോളജിയുമായി കേരളത്തില്‍നിന്നുള്ള യുവ സംരംഭകര്‍ പങ്കെടുത്തിരുന്നു. ഇത്തരം അന്താരാഷ്ട്രവേദികളില്‍ നവസംരംഭകരുടെ പ്രോജക്ടുകള്‍ക്കു ലഭിക്കുന്ന അംഗീകാരം ഏറെ വിലപ്പെട്ടതാണ്. പുതുമയുള്ള ആശയാവതരണങ്ങളും അവയുടെ വാണിജ്യതലത്തിലുള്ള ഉപയോഗവും വെല്ലുവിളികള്‍ നിറഞ്ഞതാണ്. അത്തരം വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ നമ്മുടെ യുവാക്കള്‍ പൊതുവേ വിമുഖരായിരുന്നു. ഉന്നത വിദ്യാഭ്യാസം അക്കഡേമിക് അറിവു സമ്പാദിക്കാനുള്ളതു മാത്രമല്ല, അതിലൂടെ തൊഴില്‍ സമ്പാദിക്കാനും മറ്റുള്ളവര്‍ക്കു തൊഴില്‍ നല്‍കാനും സാധിക്കും എന്ന ചിന്ത വളര്‍ന്നുവരുന്നതു ശുഭോദര്‍ക്കമാണ്. പുതിയ സംരംഭകത്വനയം ഇത്തരമൊരു ചിന്താഗതി കൂടുതല്‍ വ്യാപകമാക്കാനും അതു വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കി മാറ്റാനും കഴിയുന്നതായിരിക്കണം.

സംരംഭകത്വം വളരണമെങ്കില്‍ അതിനനുകൂലമായി രാഷ്ട്രീയ- സാമൂഹികാന്തരീക്ഷവും അനിവാര്യമാണ്. സ്മാര്‍ട് സിറ്റിയുടെ കാര്യത്തില്‍ത്തന്നെ എത്രമാത്രം തടസങ്ങളാണു സംസ്ഥാനം നേരിട്ടത്. ആരംഭത്തിലെ ആവേശത്തിനപ്പുറം കാര്യങ്ങള്‍ മുന്നോട്ടു നീങ്ങണമെങ്കില്‍ ഇച്ഛാശക്തിയുള്ള ഭരണനേതൃത്വമുണ്ടാകണം. ഭരണം മാറിവന്നാലും പൊതു താത്പര്യമുള്ള പദ്ധതികള്‍ക്കും പുതുസംരംഭങ്ങള്‍ക്കും തടസംകൂടാതെ പിന്തുണ കിട്ടണം. വ്യക്തമായ ആസൂത്രണവും ദീര്‍ഘവീക്ഷണവും ഇതിനാവശ്യമാണ്.

പുതുസംരംഭങ്ങളോടുള്ള ആഭിമുഖ്യം വളര്‍ത്തുക പ്രധാനമാണ്. ലോകത്തിന്റെ മറ്റേതു കോണില്‍ച്ചെന്നാലും പുതുസംരംഭങ്ങളില്‍ ആര്‍ജവത്തോടെ എടുത്തുചാടുന്ന കേരളീയര്‍ സ്വന്തം നാട്ടില്‍ ഇത്തരം സംരംഭങ്ങള്‍ക്കു മുന്നില്‍ അറച്ചുനില്‍ക്കുന്നു. അത്തരം സാഹചര്യങ്ങള്‍ മാറിവരുന്നുണ്െടന്നതു ശരിതന്നെ. സമര്‍ഥരായ യുവസംരംഭകര്‍ക്ക് അവസരമൊരുക്കാന്‍ നമുക്കായില്ലെങ്കില്‍ അതിനു വലിയ വില കൊടുക്കേണ്ടിവരും. മാറുന്ന ലോകക്രമത്തില്‍ വിദ്യാര്‍ഥി സംരംഭകത്വത്തിനു പുതിയൊരു മാനം നല്‍കി സ്റാര്‍ട്ടപ് നയം സംസ്ഥാനത്തിന്റെ വികസനചരിത്രം മാറ്റിയെഴുതട്ടെ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.