വിജയ് ഫ്ളെക്സില്‍ പാലഭിഷേകത്തിനിടെ ഷീറ്റ് തകര്‍ന്നു യുവാവ് മരിച്ചു
വിജയ് ഫ്ളെക്സില്‍ പാലഭിഷേകത്തിനിടെ ഷീറ്റ് തകര്‍ന്നു യുവാവ് മരിച്ചു
Thursday, October 23, 2014 11:50 PM IST
വടക്കഞ്ചേരി: തിയേറ്ററിനു മുകളില്‍ സ്ഥാപിച്ചിരുന്ന നടന്‍ വിജയ്യുടെ ഫ്ളെക്സില്‍ പാലഭിഷേകം നടത്തി തിയേറ്റര്‍ മേല്‍ക്കൂരയുടെ ആസ്ബസ്റോസ് ഷീറ്റിനു മുകളിലൂടെ നടന്നുവരികയായിരുന്ന യുവാവ് ഷീറ്റു തകര്‍ന്നു താഴെവീണു മരിച്ചു. വടക്കഞ്ചേരി കറ്റുകോട് വാടകയ്ക്കു താമസിക്കുന്ന കാളിദാസിന്റെ മകന്‍ ഉണ്ണിക്കൃഷ്ണനാ(23)ണു ദാരുണാന്ത്യം സംഭവിച്ചത്.

ഇന്നലെ രാവിലെ എട്ടരയോടെ വടക്കഞ്ചേരി ജയഭാരത് തിയേറ്ററിലായിരുന്നു സംഭവം. ഷീറ്റു തകര്‍ന്നു പത്തടിയോളം താഴ്ചയിലേക്കാണു യുവാവ് വീണത്. കസേരകള്‍ കൂട്ടിയിട്ട വരാന്തയിലേക്കാണു തലയടിച്ചു നിലംപതിച്ചത്. നട്ടെല്ലിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ ഉണ്ണിക്കൃഷ്ണനെ വടക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്കും പിന്നീടു തൃശൂരിലെ ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിച്ചെന്നു പോലീസ് പറഞ്ഞു

വിജയ്യുടെ 'കത്തി' എന്ന തമിഴ്പടത്തിന്റെ കൂറ്റന്‍ ഫ്ളെക്സാണു തീയേറ്ററിനുമുന്നില്‍ വിജയ് ഫാന്‍സ് അംഗങ്ങള്‍ സ്ഥാപിച്ചിരുന്നത്. ആവേശംമൂത്ത് ഉണ്ണികൃഷ്ണന്‍ മുകളില്‍ കയറുകയായിരുന്നു. വിജയ് പടത്തിന് ഇന്നലെ വടക്കഞ്ചേരിയിലെ തിയേറ്ററുകളില്‍ അതിരാവിലെ മുതല്‍ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു.


കോയമ്പത്തൂരില്‍ വെല്‍ഡിംഗ് പണിയായിരുന്നു ഉണ്ണിക്കൃഷ്ണന്. നേരത്തേ വടക്കഞ്ചേരി ടൌണില്‍ പഴയ പോസ്റ് ഓഫീസ് റോഡിലുള്ള തുണിക്കടയില്‍ സെയില്‍മാനായി ജോലിചെയ്തിരുന്നു. ഉണ്ണികൃഷ്ണന്റെ വരുമാനംകൊണ്ടാണ് ഈ നിര്‍ധനകുടുംബം കഴിഞ്ഞിരുന്നത്. അച്ഛന്‍ കാളിദാസന്‍ അസുഖത്തെത്തുടര്‍ന്നു പണിക്കു പോകാനാകാതെ വീട്ടില്‍ കഴിയുകയാണ്. സഹോദരി ത്രിവേണിയുടെ വിവാഹം ഫെബ്രുവരിയില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കേയാണു ദുരന്തം. ഇളയ സഹോദരന്‍ വിഷ്ണുദാസ് കോളജ് വിദ്യാര്‍ഥിയാണ്. മാതാവ്: ഷീല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.