നിയമത്തേക്കാള്‍ കാരുണ്യത്തിനാണു സഭ മുന്‍തൂക്കം നല്‍കുന്നത്: മാര്‍ ആലഞ്ചേരി
നിയമത്തേക്കാള്‍ കാരുണ്യത്തിനാണു സഭ മുന്‍തൂക്കം നല്‍കുന്നത്: മാര്‍ ആലഞ്ചേരി
Thursday, October 23, 2014 12:00 AM IST
കൊച്ചി: കാരുണ്യത്തില്‍ അധിഷ്ഠിതമായ സമീപനമാണു സഭാനിയമത്തേക്കാള്‍ സഭ പ്രാവര്‍ത്തികമാക്കാന്‍ ആഗ്രഹിക്കുന്നതെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. എറണാകുളം-അങ്കമാലി അതിരൂപത അഭിഭാഷക സംഗമം കലൂര്‍ റിന്യൂവല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഭയുടെ പഠനങ്ങളും പ്രബോധനങ്ങളും അവഗണിച്ചു നിലപാടു സ്വീകരിക്കാന്‍ സഭയ്ക്കു ബുദ്ധിമുട്ടുണ്ട്. കത്തോലിക്കാ അഭിഭാഷകര്‍ സിവില്‍ നിയമത്തിലെന്ന പോലെ കാനോന്‍ നിയമത്തിലും അവഗാഹം നേടുന്നതു സഭാസേവനത്തിനു സഹായകരമായിരിക്കും. മനുഷ്യനെ ബുദ്ധിമുട്ടിക്കാത്ത വിധത്തിലായിരിക്കണം സഭാ നിയമങ്ങള്‍ നടപ്പിലാക്കേണ്ടതെന്നും കര്‍ദിനാള്‍ കൂട്ടിച്ചേര്‍ത്തു.


സംസ്ഥാന അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ പി.സി. ഐപ്പ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഉപഭോക്തൃ പരിഹാര കമ്മീഷന്‍ അംഗം അഡ്വ.ജോസ് വിതയത്തില്‍, അഡ്വക്കറ്റ്സ് ഫോറം കണ്‍വീനര്‍ ഫാ.അഡ്വ. ആന്റണി പൂതവേലില്‍, അഡ്വ.റോയി ചാക്കോ, അഡ്വ.ലിറ്റോ പാലത്തിങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു. വിവാഹ കേസുകളില്‍ കാനോന്‍ നിയമത്തിന്റെ പ്രായോഗികതയെക്കുറിച്ച് റവ.ഡോ.വിന്‍സന്റ് ചിറ്റിലപ്പിള്ളിയും ക്രിസ്തീയ വിവാഹത്തിന്റെ സിവില്‍ നടപടിക്രമങ്ങളെക്കുറിച്ച് ഡോ.സെബാസ്റ്യന്‍ ചമ്പപ്പിള്ളിയും ക്ളാസ് നയിച്ചു. തുടര്‍ചര്‍ച്ചയില്‍ സീനിയര്‍ അഡ്വക്കറ്റ് ജോര്‍ജ് തോമസ് മേവട മോഡറേറ്ററായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.