ഫെലോഷിപ്പ് വിതരണം വൈകുന്നു; ഗവേഷക വിദ്യാര്‍ഥികള്‍ ദുരിതത്തില്‍
Thursday, October 23, 2014 12:21 AM IST
സ്വന്തം ലേഖകന്‍

ആലപ്പുഴ: പ്രതിമാസം ലഭിക്കേണ്ട ഫെലോഷിപ്പ് വിതരണം വൈകുന്നതിനാല്‍ ഗവേഷക വിദ്യാര്‍ഥികള്‍ ദുരിതത്തിലായി.

സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളുടെ കീഴില്‍ ഗവേഷണം നടത്തുന്ന പതിനായിരത്തിലധികം വരുന്ന വിദ്യാര്‍ഥികളാണ് ഇതുമൂലം കഷ്ടതയനുഭവിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ജൂണിയര്‍ റിസര്‍ച്ച് ഫെലോഷിപ്പും സംസ്ഥാനത്തെ യൂണിവേഴ്സിറ്റികള്‍ നല്‍കുന്ന ഫെലോഷിപ്പും പിന്നോക്ക വിഭാഗത്തില്‍ പെട്ട വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാന പട്ടികജാതി വികസന വകുപ്പ് നല്‍കുന്ന ഫെല്ലോഷിപ്പുമാണ് മാസങ്ങളായി മുടങ്ങിക്കിടക്കുന്നത്.

കേന്ദ്രസര്‍ക്കാരിന്റെ പ്രവേശന പരീക്ഷ ജയിച്ചവര്‍ക്കാണ് ജെആര്‍എഫ് ലഭിക്കുന്നത്. ജൂണിയര്‍ റിസര്‍ച്ച് ഫെല്ലോയ്ക്കു പ്രതിമാസം 16,000 രൂപയും സീനിയര്‍ റിസര്‍ച്ച് ഫെലോയ്ക്ക് 18,000 രൂപയുമാണു ലഭിക്കുന്നത്.

സംസ്ഥാന സര്‍വകലാശാലകള്‍ നടത്തുന്ന പ്രവേശന പരീക്ഷ പാസായി ഗവേഷണം നടത്തുന്നവര്‍ക്കു ലഭിക്കുന്ന തുക സര്‍വകലാശാലകളെ അടിസ്ഥാനമാക്കി വ്യത്യസ്തമാണ്. 8000 രൂപയില്‍ തുടങ്ങിയുള്ള തുകയാണ് സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ ഗവേഷക വിദ്യാര്‍ഥികള്‍ക്കു ലഭിക്കുന്നത്.

സര്‍വകലാശാലകളില്‍ ഫെല്ലോഷിപ്പ് തുക ഇതുവരെ ഏകീകരിച്ചിട്ടില്ല. കൂടാതെ എസ്സി-എസ്ടി, മറ്റു പിന്നോക്ക വിഭാഗങ്ങള്‍ എന്നിവയിലുള്‍പ്പെട്ടവര്‍ക്ക് പട്ടികജാതി വകുപ്പും ഫെലോഷിപ്പു നല്കുന്നുണ്ട്. പ്രതിമാസം ലഭിക്കുന്ന ഈ തുക ഉപയോഗിച്ചാണ് ഇവര്‍ പഠനസംബന്ധമായ യാത്രകളും ക്ളറിക്കല്‍ ജോലികളും പഠനാവശ്യത്തിനുള്ള വസ്തുക്കളുടെ വാങ്ങലും നടത്തുന്നത്. കൂടാതെ ഗവേഷക വിദ്യാര്‍ഥികള്‍ ദേശീയ സെമിനാറുകളില്‍ പങ്കെടുത്ത് പ്രബന്ധങ്ങള്‍ അവതരിപ്പിക്കണമെന്ന നിബന്ധനയുണ്ട്.


ഇത്തരം സെമിനാറുകളില്‍ പങ്കെടുക്കുമ്പോള്‍ രജിസ്ട്രേഷന്‍ ഫീസും യാത്രാ ഇനത്തില്‍ ചെലവാകുന്ന തുകയും സ്വയം കണ്െടത്തണമെന്നതാണ് നിലവിലെ അവസ്ഥ. ഫുള്‍ടൈം ഗവേഷക വിദ്യാര്‍ഥി മൂന്നുമുതല്‍ അഞ്ചുവര്‍ഷം വരെയാണ് പ്രോജക്ട് പൂര്‍ത്തീകരിക്കുന്നതിനായി ചെലവഴിക്കുന്നത്.

എംഫില്‍ പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥിയാണെങ്കില്‍ എന്‍ട്രന്‍സ് എഴുതാതെ ഗവേഷണം നടത്താം. ആറുവര്‍ഷ കാലയളവ് ഇതിനായി അനുവദിച്ചിട്ടുമുണ്ട്.

വ്യക്തിപരമായ ആവശ്യമെന്നതിലുപരി സമൂഹത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്നതിനാലാണ് ഗവേഷക വിദ്യാര്‍ഥികള്‍ക്ക് സര്‍വകലാശാലകളും കേന്ദ്രസര്‍ക്കാരും ഫെലോഷിപ്പ് ഏര്‍പ്പെടുത്തിയത്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഉണ്ടായിരുന്ന മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴും ഫെലോഷിപ്പ് തുക നല്കുന്നത്.

പ്രതിമാസം ലഭിക്കേണ്ട തുക വൈകുന്നതു സംബന്ധിച്ച് അന്വേഷിച്ചപ്പോള്‍ ഒരുമിച്ച് ഈ തുക ലഭ്യമാകുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. തുക നല്കാന്‍ ഇനിയും വൈകുകയാണെങ്കില്‍ കൂടുതല്‍ ശക്തമായ സമരപരിപാടിയിലേക്ക് നീങ്ങാനൊരുങ്ങുകയാണ് ഗവേഷക വിദ്യാര്‍ഥികളുടെ സംഘടന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.