മഴ കനത്തു; അണക്കെട്ടുകളില്‍ 76 ശതമാനം വെള്ളം
Thursday, October 23, 2014 11:43 PM IST
തിരുവനന്തപുരം: തുലാവര്‍ഷം കൂടി നേരത്തേ എത്തിയതോടെ സംസ്ഥാനത്തെ അണക്കെട്ടുകളില്‍ ജലവിതാനത്തിന്റെ അളവില്‍ കാര്യമായ വര്‍ധനയുണ്ടായി. സംസ്ഥാനത്തെ അണക്കെട്ടുകളില്‍ മൊത്തം സംഭരണശേഷിയുടെ 76 ശതമാനം വെള്ളം നിറഞ്ഞു. കേന്ദ്ര പൂളില്‍നിന്നുള്ളതും സംസ്ഥാനം വാങ്ങുന്നതുമായ വൈദ്യുതി എത്തിക്കാനുള്ള ഇടനാഴി കൂടി ലഭിച്ചാല്‍ വൈദ്യുതി മേഖലയിലെ പ്രതിസന്ധിക്കു പരിഹാരമാകും.

കേന്ദ്രപൂളില്‍നിന്നുള്ള വൈദ്യുതി ലഭിക്കുന്നതില്‍ 300 മെഗാവാട്ടിന്റെ കുറവുണ്െടങ്കിലും മഴയും അവധിയുമായതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ കുറവുണ്ടായതാണു വൈദ്യുതി നിയന്ത്രണം താത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ കാരണമായതെന്നാണു കെഎസ്ഇബി അധികൃതര്‍ നല്‍കുന്ന വിവരം. പ്രതിദിനം 650 ലക്ഷം യൂണിറ്റ് വരെയുണ്ടായിരുന്ന വൈദ്യുതി ഉപയോഗം കഴിഞ്ഞ ചൊവ്വാഴ്ച 570 ലക്ഷം യൂണിറ്റായി കുറഞ്ഞു. പ്രതിമാസ ശരാശരി ഉപയോഗത്തിലും കുറവുണ്ടായിട്ടുണ്ട്.


സംസ്ഥാനത്തിന്റെ പ്രധാന ജലവൈദ്യുതി ഉത്പാദന കേന്ദ്രമായ ഇടുക്കി അണക്കെട്ടില്‍ 73 ശതമാനം വെള്ളമുണ്ട്. മഴ കനത്തതോടെ നീരൊഴുക്ക് ശക്തമായതിനാല്‍ വരുംദിവസങ്ങളില്‍ വെള്ളത്തിന്റെ അളവ് വീണ്ടും ഉയരും. കുണ്ടള, ഷോളയാര്‍, മാട്ടുപ്പെട്ടി, ഇടമലയാര്‍, പൊന്‍മുടി എന്നീ അണക്കെട്ടുകളെല്ലാം നിറഞ്ഞു കവിഞ്ഞു. ചില അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറന്നുവിടുന്നതു സമീപത്തെ നദികളിലേയും പുഴകളിലേയും ജലനിരപ്പ് ക്രമാതീതമായി ഉയരാനും ഇടയാക്കും.

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ജലസംഭരണികളില്‍ നേരിയ കുറവുണ്െടങ്കിലും മഴ തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജലസംഭരിണികള്‍ നിറയുമെന്നാണു കണക്ക്. വെള്ളം പാഴാക്കാതിരിക്കാന്‍ ചെറുകിട ജലസംഭരണികളിലെ ഉത്പാദനം വര്‍ധിപ്പിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.