പെണ്‍കുട്ടിയെ കൊന്നു റെയില്‍വേ ട്രാക്കില്‍ തള്ളി; പിതാവും കാമുകിയും അറസ്റില്‍
പെണ്‍കുട്ടിയെ കൊന്നു റെയില്‍വേ ട്രാക്കില്‍ തള്ളി; പിതാവും കാമുകിയും അറസ്റില്‍
Thursday, October 23, 2014 11:45 PM IST
ഇരിങ്ങാലക്കുട: കാമുകിയുമായുള്ള അവിഹിതബന്ധത്തിനു തടസം നിന്ന സ്വന്തം മകളെ അതിക്രൂരമായി കൊലപ്പെടുത്തിയെന്ന കേസില്‍ പിതാവ് പൊറത്തിശേരി പള്ളിക്കാട് റോഡ് പള്ളന്‍ വീട്ടില്‍ ബെന്നി(42), കാമുകി മലപ്പുറം തിരൂര്‍ പരിയാപുരം പരേതനായ കുറ്റിക്കാട്ടില്‍ ശേഖരന്റെ ഭാര്യ വിനിത(38) എന്നിവരെ അറസ്റ്ചെയ്തു. ബെന്നിയുടെ മകള്‍ ഫെമി(14)യാണു കൊല്ലപ്പെട്ടത്. വിനിതയുടെ മകനെയും ബെന്നിയുടെ മകനെയും കൊലയ്ക്കു കൂട്ടുനിന്നതിനെന്ന പേരില്‍ പോലീസ് കസ്റഡിയിലെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാത്രി എട്ടോടെ കോഴിക്കോട് വെള്ളയില്‍ റെയില്‍വേ സ്റേഷനില്‍നിന്നു തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി എന്‍. വിജയകുമാറിന്റെ നിര്‍ദേശാനുസരണം ഇരിങ്ങാലക്കുട ഡിവൈഎസ്പി പി.എ. വര്‍ഗീസും സിഐ ആര്‍. മധുവും സംഘവുമാണു പ്രതികളെ അറസ്റ്ചെയ്തത്.

പോലീസ് പറയുന്നത്: 18 വര്‍ഷം മുമ്പാണു ബെന്നിയും മുരിങ്ങൂര്‍ സ്വദേശിനി ജൂലിയുമായുള്ള വിവാഹം കഴിഞ്ഞത്. ഇവര്‍ക്കു 14 വയസുള്ള പെണ്‍കുട്ടിയും 12 വയസുള്ള ആണ്‍കുട്ടിയുമാണുള്ളത്. രണ്ടു വര്‍ഷമായി ബെന്നിയും ജൂലിയും വേര്‍പിരിഞ്ഞാണു താമസം. ബെന്നിയും മക്കളും പൊറത്തിശേരിയിലുള്ള ബെന്നിയുടെ വീട്ടിലും ജൂലി മുരിങ്ങൂരുള്ള സ്വന്തം വീട്ടിലും. ഇവരുടെ വിവാഹം സംബന്ധിച്ചു കേസും നിലവിലുണ്ട്. എന്നാല്‍, ബെന്നി പലപ്പോഴും കോടതിയില്‍ ഹാജരാകാറില്ല. ഇക്കഴിഞ്ഞ മാര്‍ച്ച് 20നു കേസ് നടക്കുമ്പോഴും ബെന്നി ഹാജരായില്ല. തുടര്‍ന്നു ബെന്നിയെയും മക്കളെയും കാണാനില്ലെന്നു കാണിച്ചു ജൂലി ഇരിങ്ങാലക്കുട പോലീസില്‍ പരാതി നല്‍കി. ഈ പരാതിയില്‍ ഇരിങ്ങാലക്കുട പോലീസ് കേസെടുത്ത് അന്വേഷിച്ചുവരികയായിരുന്നു.

ഇതിന്റെ ഭാഗമായി കാണാതായവരുടെ ഫോട്ടോ വച്ചു പോലീസ് പത്രത്തില്‍ പരസ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ തിരൂര്‍ പോലീസ് സ്റേഷന്‍ പരിധിയിലെ ചമ്രവട്ടം എന്ന സ്ഥലത്തുണ്െടന്നു വിവരം കിട്ടിയിരുന്നു. ഇരിങ്ങാലക്കുട പോലീസ് ഇവരെ കണ്െടത്തി ചോദ്യംചെയ്തപ്പോഴാണു മകള്‍ കൊല ചെയ്യപ്പെട്ടതടക്കം ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.

പൊറത്തിശേരിയില്‍നിന്നു മക്കളെയും കൂട്ടിക്കൊണ്ടുപോയ ബെന്നി കാമുകിയായ വിനിതയുടെ ചമ്രവട്ടത്തുള്ള വാടകവീട്ടിലാണു താമസിച്ചിരുന്നത്. ഇവരെക്കൂടാതെ വിനിതയുടെ 16 വയസായ മകനാണു വീട്ടിലുള്ളത്.


എന്നാല്‍, വിനിതയുമായുള്ള ബെന്നിയുടെ ബന്ധത്തെ ഫെമി ശക്തമായി എതിര്‍ക്കുകയും അമ്മ ജൂലിയെ കാണാന്‍ വാശിപിടിക്കുകയും ചെയ്തിരുന്നു. ഇതോടെ കുട്ടിയെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. മൃതദേഹം തിരിച്ചറിയാതിരിക്കാന്‍ ഒരാഴ്ചമുമ്പുതന്നെ കുട്ടിയുടെ മുടി വടിച്ചുകളഞ്ഞു. ഇക്കഴിഞ്ഞ ഓഗസ്റ് 20നു കോഴിക്കോട് വെള്ളയില്‍ ബീച്ച് കാണാനായി എല്ലാവരും ചേര്‍ന്നു പോയി. ബീച്ചില്‍വച്ചു കുട്ടിയെ കൊലപ്പെടുത്താനായിരുന്നു പദ്ധതി. പക്ഷേ, ബീച്ചില്‍ പ്രതീക്ഷിച്ചതില്‍ കൂടുതല്‍ തിരക്കുണ്ടായിരുന്നതിനാല്‍ കൃത്യം നടന്നില്ല. തുടര്‍ന്നു ബെന്നി മെഡിക്കല്‍ ഷോപ്പില്‍നിന്നു പാരസെറ്റമോള്‍ ഗുളികകള്‍ വാങ്ങി പൊടിച്ചുകലക്കി ഫെമിക്കു നല്കി. അതിന്റെ ക്ഷീണത്തില്‍ മയങ്ങിയ കുട്ടിയെ ബീച്ചിനടുത്തു നാലാംനമ്പര്‍ ഗേറ്റിനടുത്തുള്ള അഞ്ചുനിലക്കെട്ടിടത്തിന്റെ താഴത്തെ വരാന്തയില്‍ കൊണ്ടുകിടത്തി. ബെന്നിയുടെ 12 വയസായ മകനെ കാവല്‍ നിര്‍ത്തിയശേഷം ഫെമിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയാണുണ്ടായത്. മരണവെപ്രാളത്തില്‍ കുതറിയ കുട്ടിയുടെ കൈകാലുകള്‍ പിടിച്ചുകൊടുത്തതു വിനിതയും മകനും കൂടിയാണ്.

കൊലപ്പെടുത്തി റെയില്‍വേ ട്രാക്കിലേക്കു മൃതദേഹം കൊണ്ടുപോകുമ്പോള്‍ അതുവഴി വന്ന ഒരാള്‍ ചോദിച്ചപ്പോള്‍ പനികൂടി തലചുറ്റി വീണ് ആശുപത്രിയില്‍ കൊണ്ടുപോകുകയാണെന്നാണ് അയാളോടു പറഞ്ഞത്. ട്രാക്കിലുപേക്ഷിച്ച മൃതദേഹം ട്രെയിന്‍ കയറി വികൃതമായിപ്പോയിരുന്നു. കോഴിക്കോട് ടൌണ്‍ പോലീസ് സ്റേഷനില്‍ അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷിച്ചുവരികയായിരുന്നു.

പോലീസിന്റെ മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലില്‍ പ്രതികള്‍ പിടിച്ചുനിന്നതു ഒരു സിനിമയുടെ പ്രചോദനത്തിലാണെന്നും പോലീസ് പറഞ്ഞു.

തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് ചീഫ് എന്‍. വിജയകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തില്‍ ഇരിങ്ങാലക്കുട എസ്ഐ എം.ജെ. ജിജോ, എഎസ്ഐ പ്രദീപ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പി.സി. സുനില്‍, എന്‍.കെ. അനില്‍കുമാര്‍, ടി.യു. സുരേഷ്, അനില്‍ തോപ്പില്‍, വിജു, അബൂബക്കര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ രാജേഷ്, മുഹമ്മദ് സാലി, വഹദ്, വനിത സിവില്‍ പോലീസ് ഓഫീസര്‍ അപര്‍ണ എന്നിവരുമുണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.