കെഎസ്സി രൂപമെടുത്ത ക്ളാസ്മുറിയില്‍ അവര്‍ വീണ്ടും ഒന്നിച്ചു
കെഎസ്സി രൂപമെടുത്ത ക്ളാസ്മുറിയില്‍ അവര്‍ വീണ്ടും ഒന്നിച്ചു
Saturday, October 25, 2014 12:41 AM IST
ചങ്ങനാശേരി: അഞ്ച് പതിറ്റാണ്ടുകള്‍ക്കു മുമ്പ് ഒമ്പത് വിദ്യാര്‍ഥികള്‍ നളന്ദ കോളജില്‍ യോഗം ചേര്‍ന്നു കെഎസ്സി എന്ന വിദ്യാര്‍ഥി സംഘടനയ്ക്കു രൂപം നല്‍കിയതിന്റെ സ്മരണകള്‍ പുതുക്കി അവര്‍ വീണ്ടും അതേ ക്ളാസ് മുറിയില്‍ ഒത്തുചേര്‍ന്നു.

കെഎസ്സിയുടെ സുവര്‍ണ ജൂബിലി ആഘോഷത്തോടനുബന്ധിച്ചാണ് അവര്‍ ഒത്തുചേര്‍ന്നത്. അതേ ക്ളാസ് മുറിയിലെ പലക ബെഞ്ചുകളില്‍ ഇരുന്നാണ് അന്നത്തെ യോഗത്തിനെത്തിയവരും പിന്നീട് ഭാരവാഹികളായവരും കൂട്ടായ്മയില്‍ പങ്കുചേര്‍ന്നത്. കൊടികളുടെ നിറവും രാഷ്ട്രീയ വ്യത്യാസവുമില്ലാതെ ഓര്‍മകളുടെ ചെപ്പുകള്‍ തുറന്നപ്പോള്‍ അവരുടെ മനസുകളില്‍ വിദ്യാര്‍ഥി രാഷ്ട്രീയ ജീവിതത്തിന്റെ പച്ചപ്പുകള്‍ ഉദിച്ചുയര്‍ന്നു. കെഎസ്സി സ്ഥാപകദിനത്തോടനുബന്ധിച്ചാണ് ഇന്നലെ മുന്‍കാല നേതാക്കളുടെ സംഗമം നടന്നത്. 1964 ഒക്ടോബര്‍ 24ന് രാവിലെ പത്തിനായിരുന്നു പെരുന്ന നളന്ദ കോളജിലെ പ്രഥമ യോഗം.

പഴയകാല രാഷ്ട്രീയാനുഭവങ്ങളുടെ അന്തരീക്ഷത്തില്‍ നടന്ന സ്നേഹ കൂട്ടായ്മ സ്ഥാപക പ്രസിഡന്റ് ഉസ്മാന്‍ കങ്ങഴ ഉദ്ഘാടനം ചെയ്തു. മുന്‍ പ്രസിഡന്റ് തോമസ് കുതിരവട്ടം അധ്യക്ഷത വഹിച്ചു. മുന്‍ പ്രസിഡന്റുമാരായ സണ്ണി മണ്ണത്തുകാരനും സ്റീഫന്‍ ചാമപ്പറമ്പിലും ചേര്‍ന്ന് ദീപം തെളിച്ചു.

കേരള കോണ്‍ഗ്രസ് എന്നു പാര്‍ട്ടിക്ക് നാമകരണം ചെയ്ത ഭാരതകേസരി മന്നത്ത് പദ്മനാഭന്റെ ചെറുമകള്‍ എന്‍. ഇന്ദിരാദേവി സുവര്‍ണ ജൂബിലി സമ്മേളനത്തിന് മംഗളാശംസകള്‍ നേര്‍ന്ന് അയച്ച സന്ദേശം ചടങ്ങില്‍ വായിച്ചു.

തിരുവല്ല മാര്‍ത്തോമ്മാ കോളജ് മുന്‍ യൂണിയന്‍ ചെയര്‍മാന്‍ ഫാ. കെ.വി. ജോണ്‍ സ്ഥാപക പ്രസിഡന്റിനെ പൊന്നാടയണിയിച്ച് ആദരിച്ചു.


കലാപ കലുഷിതമായി കെടുകാര്യസ്ഥതയില്‍പ്പെട്ടു നട്ടം തിരിയുന്ന ഇന്നത്തെ വിദ്യാഭ്യാസ രംഗത്തെക്കുറിച്ച് ഉല്‍ക്കണ്ഠ രേഖപ്പെടുത്തുന്ന വിദ്യാഭ്യാസ പ്രമേയം വര്‍ഗീസ് പേരയിലും കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍ ഉന്നയിക്കുന്ന പ്രമേയം സതീഷ് ചെന്നിത്തലയും അവതരിപ്പിച്ചു.

ചടങ്ങില്‍ മന്ത്രി അനൂപ് ജേക്കബ്, ഫ്രാന്‍സിസ് ജോര്‍ജ്, ഡോ.കെ.സി. ജോസഫ്, പി.എം. മാത്യു, ജോണി നെല്ലൂര്‍, മനക്കര രാധാകൃഷ്ണന്‍, മാടവന ബാലകൃഷ്ണപിള്ള, പി.സി. ജോസഫ്, ഡിജോ കാപ്പന്‍, റേച്ചല്‍ പി. മാത്യു, മേരി കുരുവിള, ഡോ. എല്‍സി മാത്യു, ജോര്‍ജ് സെബാസ്റ്യന്‍, നോബിള്‍ മാത്യു, ജോസ് ടോം, തോമസ് കുന്നപ്പള്ളി, ജോസഫ് അഗസ്റിന്‍, ജോസഫ് കെ. നെല്ലുവേലി, തോമസ് എം. മാത്തുണ്ണി, ജോണ്‍ കെ. മാത്യു, ജോര്‍ജ് തോമസ്, ജേക്കബ് ഏബ്രഹാം, ഡോ. റെയ്മണ്‍ഡ് മൊറൈസ്, ഇ.കെ. ഹസന്‍കുട്ടി, ഏ.കെ. ജോസ്, മാത്യൂസ് ജോര്‍ജ്, ഷോണ്‍ ജോര്‍ജ്, ഉമ്മന്‍ ആലുംമൂട്ടില്‍, സ്കറിയ തോമസ്, സ്റീഫന്‍ ജോര്‍ജ്, ആന്റണി എം. ജോണ്‍, ജോര്‍ജ് വടകര എന്നിവര്‍ പ്രസംഗിച്ചു.

വിദ്യാര്‍ഥി നേതാക്കളായിരുന്ന ടി.എം. ജേക്കബ്, ടി.വി. ഏബ്രഹാം, തോമസ് കല്ലംപള്ളി, തോമസ് കട്ടക്കയം, ബാബു ചാഴിക്കാടന്‍, സാമുവല്‍ കുമ്പഴ, ടി.ഐ. ദാനിയേല്‍, റ്റി.ബി. നന്ദകുമാര്‍, സഖറിയ കാട്ടുവള്ളി, മാമ്മന്‍ മത്തായി, കെ. മോഹന്‍ദാസ്, തോമസ് മാത്യു തുടങ്ങിയ നേതാക്കളുടേയും അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ നേതാക്കളുടേയും പ്രവര്‍ത്തകരുടേയും ഓര്‍മയ്ക്ക് സാജന്‍ ഫ്രാന്‍സിസ് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.