വൈസ് ചാന്‍സലര്‍മാര്‍ തരംതാഴുന്നു: ഡിവൈഎഫ്ഐ
Saturday, October 25, 2014 12:46 AM IST
മലപ്പുറം: മതവും ജാതിയും രാഷ്ട്രീയവും അടിസ്ഥാനമാക്കി സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നത് ഉന്നതവിദ്യാഭ്യാസ മേഖലയെ തകര്‍ക്കുമെന്നു ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം.സ്വരാജ്. താത്പര്യക്കാര്‍ക്കു വേണ്ടി വൈസ് ചാന്‍സലര്‍മാര്‍ അടിമകളേക്കാള്‍ തരം താഴുകയാണെന്നു സ്വരാജ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

ഇതിനെതിരേ ഡിവൈഎഫ്ഐ ശക്തമായ പ്രക്ഷോഭം തുടങ്ങും. ഗവര്‍ണര്‍ ഇടപെടേണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നത്. എയ്ഡഡ് സ്കൂളുകളിലെ പ്രൊട്ടക്ടഡ് അധ്യാപകരെ സര്‍ക്കാര്‍ സ്കൂളുകളിലെ ഒഴിവുകളില്‍ നിയമിക്കാനുള്ള നീക്കം സര്‍ക്കാര്‍ തിരുത്തണം. പിഎസ്സിയുടെ നിയമന ഉത്തരവ് ലഭിച്ച അനേകം പേര്‍ പുറത്ത് നില്‍ക്കുമ്പോഴാണിത്. വിദ്യാര്‍ഥികളുടെ കുറവുമൂലം തസ്തിക നഷ്ടപ്പെട്ട എയ്ഡഡ് സ്കൂള്‍ അധ്യാപകര്‍ക്കു പുതിയ തസ്തികകള്‍ സൃഷ്ടിച്ചാണു മുന്‍കാലങ്ങളില്‍ നിയമനം നല്‍കിയിരുന്നത്. സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന എയ്ഡഡ് സ്ഥാപനങ്ങളില്‍ സംവരണ മാനദണ്ഡങ്ങള്‍ തീര്‍ത്തും പാലിക്കപ്പെടുന്നില്ല. പട്ടികജാതി- വര്‍ഗ ഉദ്യോഗാര്‍ഥികള്‍ക്കു പ്രാധിനിത്യം ലഭിക്കാത്തതും ഇതുമൂലമാണ്. പണത്തിന്റെ അടിസ്ഥാനത്തില്‍ മാനേജര്‍മാര്‍ നടത്തുന്ന നിയമന സമ്പ്രദായം നിര്‍ത്തലാക്കി ഇവ പിഎസ്സിക്കു വിടണം. സദാചാര പോലീസിന്റെ മറവില്‍ നടത്തുന്ന ആക്രമണങ്ങള്‍ മലയാളിയുടെ പൊള്ളത്തരമാണു പുറത്തുകൊണ്ടുവരുന്നതെന്നും സ്വരാജ് വ്യക്തമാക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.