ഐഎച്ച്ആര്‍ഡിയുടെ കീഴിലുള്ള അധ്യാപകരെ തരം താഴ്ത്തുന്നതു തടഞ്ഞു
Saturday, October 25, 2014 12:57 AM IST
കൊച്ചി: ഐഎച്ച്ആര്‍ഡിയുടെ കീഴിലുള്ള എന്‍ജിനീയറിംഗ് കോളജുകളിലെ അസോസിയേറ്റ് പ്രഫസര്‍മാരെ പിഎച്ച്ഡി ഇല്ലെന്ന കാരണത്താല്‍ തരം താഴ്ത്തരുതെന്നു ഹൈക്കോടതി നിര്‍ദേശിച്ചു. അസോസിയേറ്റ് പ്രഫസര്‍മാരെ തരം താഴ്ത്തുന്നതിനു പകരം എഐസിടിഇയുടെ മാനദണ്ഡമനുസരിച്ച് ഇവരുടെ ഇന്‍ക്രിമെന്റ് തടയുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആലോചിക്കുകയാണു വേണ്ടതെന്നു കോടതി വ്യക്തമാക്കി. ജസ്റീസ് എ.എം. ഷെഫീഖിന്റേതാണ് ഇടക്കാല ഉത്തരവ്.

ഐഎച്ച്ആര്‍ഡിയുടെ കീഴിലുള്ള എന്‍ജിനിയറിംഗ് കോളജുകളിലെ അസോസിയേറ്റ് പ്രഫസര്‍മാര്‍ നല്‍കിയ ഹര്‍ജിയാണു കോടതി പരിഗണിച്ചത്. എഐസിടിഇയുടെ നടപടിക്രമങ്ങളിലൊന്നും പിഎച്ച്ഡി ഇല്ലാത്ത അസോസിയേറ്റ് പ്രാഫസര്‍മാരെ തരംതാഴ്ത്താന്‍ പറയുന്നില്ല. 2007 മുതല്‍ വിവിധ എന്‍ജിനിയറിംഗ് കോളജുകളില്‍ അസോസിയേറ്റ് പ്രഫസര്‍മാരായി ജോലി നോക്കുന്നവരെ പിഎച്ച്ഡിയില്ലെന്ന കാരണത്താല്‍ ഐഎച്ച്ആര്‍ഡി തരം താഴ്ത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. ഈ വാദം കണക്കിലെടുത്താണു തരംതാഴ്ത്തല്‍ നടപടി ഹൈക്കോടതി തടഞ്ഞത്. അഡ്വ.ജാജു ബാബു ഉള്‍പ്പെടെയുള്ള അഭിഭാഷകര്‍ കേസില്‍ ഹാജരായി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.