മുഖപ്രസംഗം: തട്ടിപ്പുകളുടെ കുരുക്ക് ഒഴിവാക്കാന്‍
Thursday, October 30, 2014 11:42 PM IST
ചതിയും തട്ടിപ്പും എക്കാലവും ഉണ്ടായിരുന്നു, ഇനിയും തുടരുകയും ചെയ്യുമെന്നുവേണം കരുതാന്‍. എന്നാല്‍, അവയില്‍പ്പെടാതെയും അവ വഴി നഷ്ടം നേരിടാതെയും കഴിക്കാന്‍ ജനങ്ങള്‍ ജാഗരൂകരാകേണ്ടതുണ്ട്.

സാങ്കേതികവിദ്യയിലെയും സമ്പര്‍ക്ക മാധ്യമങ്ങളിലെയും മാറ്റങ്ങള്‍ സമര്‍ഥമായി ഉപയോഗിക്കുന്നവരാണു തട്ടിപ്പുകാര്‍. തട്ടിപ്പുകാര്‍ക്കു തങ്ങളാരെന്നു വെളിപ്പെടുത്താതെതന്നെ തട്ടിപ്പുപരിപാടി നടത്താന്‍ നവീനമാധ്യമങ്ങള്‍ അവസരമൊരുക്കുന്നുണ്ട്. തട്ടിപ്പ് ആഗോളതലത്തിലാക്കാനും അവ സൌകര്യം നല്കുന്നു. ഇ-മെയിലും മൊബൈല്‍ ടെലിഫോണിയും സാമൂഹ്യമാധ്യമങ്ങളുമൊക്കെ തട്ടിപ്പുകാര്‍ക്കു പുതിയ വേദികളൊരുക്കുന്നുണ്ട്.

പല രൂപത്തിലും പല ഭാവത്തിലും തട്ടിപ്പുകാര്‍ സാധാരണക്കാരെ സമീപിക്കുന്നു. ചിലര്‍ക്കു തങ്ങളുടെ അവിഹിതസമ്പാദ്യം കൈകാര്യം ചെയ്യാന്‍ വിശ്വസ്തരെ വേണം, മറ്റു ചിലര്‍ക്കു രാഷ്ട്രീയപീഡനം മൂലം സ്വത്ത് വിദേശത്തേക്കു മാറ്റാന്‍ ഒരു സഹായി വേണം, വേറെ ചിലര്‍ നല്ല മനുഷ്യരെ സഹായിക്കാന്‍ തുനിഞ്ഞിറങ്ങിയവരാണെന്നു പറയുന്നു... ഇങ്ങനെ പോകും കഥകള്‍. ഇതിനെല്ലാം സന്നദ്ധത അറിയിക്കുമ്പോള്‍ ചെറിയ അഡ്വാന്‍സ് തുക ആവശ്യപ്പെടുന്നു. വെറുതേ കിട്ടാവുന്ന അനേക കോടികള്‍ വച്ചുനോക്കുമ്പോള്‍ തുച്ഛമായി തോന്നുന്ന അഡ്വാന്‍സ് നല്‍കാന്‍ പലരും മടിക്കില്ല. അങ്ങനെ ചതിയില്‍ വീഴുന്നു.

വേറേ ചിലര്‍ക്കു കിട്ടുക ലോട്ടറിയടിച്ചെന്ന സന്തോഷവാര്‍ത്തയാകും. അല്ലെങ്കില്‍ നിങ്ങളുടെ മൊബൈല്‍ നമ്പരിനു കോടികളുടെ സമ്മാനം ഉണ്െടന്ന അറിയിപ്പാകും. ഇവയുടെ പിന്നാലെ പോകുന്നവരും തട്ടിപ്പിന് ഇരകളാകുകയാണ്. വീസയുടെയും ജോലി വാഗ്ദാനങ്ങളുടെയും പേരിലും തട്ടിപ്പുകള്‍ വ്യാപകം.

ഇത്തരം തട്ടിപ്പുകളുടെ തുടക്കം നൈജീരിയ ആണെന്നാണു കരുതപ്പെടുന്നത്. അവിടത്തെ ശിക്ഷാനിയമത്തില്‍ തട്ടിപ്പിനെ വിവരിക്കുന്ന വകുപ്പായ 419 ഇത്തരം തട്ടിപ്പുകളുടെ പൊതുപേരായി ലോകമെങ്ങും ഉപയോഗിക്കുന്നു. ഈയിനം തട്ടിപ്പുകളില്‍പ്പെട്ട് 2013-ല്‍ ഇന്ത്യക്കാര്‍ക്ക് 87 കോടി ഡോളര്‍ (5,300 കോടി രൂപ) നഷ്ടപ്പെട്ടിട്ടുണ്െടന്നു ധനകാര്യ കുറ്റങ്ങള്‍ നിരീക്ഷിക്കുന്ന ഡച്ച് പ്രസ്ഥാനമായ അള്‍ട്രാസ്കാന്‍ എജിഐ ഈയിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2006-ല്‍ ഈയിനത്തില്‍ ഇന്ത്യക്കാര്‍ക്കു നഷ്ടപ്പെട്ടത് 3.2 കോടി ഡോളര്‍ (195 കോടി രൂപ) ആയിരുന്നു. വര്‍ഷം ചെല്ലുംതോറും തട്ടിപ്പിനിരയാകുന്നവര്‍ കൂടുന്നുവെന്നാണ് ഇതു കാണിക്കുന്നത്. ഇത്തരം തട്ടിപ്പു നടത്തുന്ന നൈജീരിയയിലെയും മറ്റും സംഘങ്ങള്‍ക്കു സഹായം നല്‍കുന്ന 4700 പേരെങ്കിലും ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതായും പ്രസ്തുത റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. തട്ടിപ്പുകാര്‍ നേടുന്ന പണത്തില്‍ 80 ശതമാനവും വിദേശത്തെ മാതൃതട്ടിപ്പുസംഘങ്ങള്‍ക്കു നല്‍കും. തീവ്രവാദികളും വിഘടനവാദികളും മതമൌലികവാദികളുമൊക്കെ ഈ തട്ടിപ്പുസംഘങ്ങളുമായി സഹകരിക്കുന്നുണ്ട്.

ഇത്തരം തട്ടിപ്പുകളില്‍പ്പെടുന്നവര്‍ വിദ്യാഭ്യാസം കുറഞ്ഞവരോ ദരിദ്രരോ അല്ലെന്നും അള്‍ട്രാസ്കാനിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഡോക്ടര്‍മാര്‍ പോലെയുള്ള വിദ്യാസമ്പന്നരാണ് ഇരകളാകുന്നവരില്‍ ഏറെയും. മാനസികാഘാതമേല്‍പ്പിക്കുന്ന സാഹചര്യങ്ങളിലൂടെ (കുട്ടിയുടെ മരണം, വിവാഹമോചനം തുടങ്ങിയവ) അടുത്തകാലത്തു കടന്നുപോയവരും തട്ടിപ്പുകള്‍ക്ക് എളുപ്പം ഇരകളാകുന്നു.


ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരകളാകുന്നവര്‍ കേവലം അറിവില്ലായ്മകൊണ്ട് ഇരകളാകുന്നുവെന്നു പറയാനാവില്ല. അവിശ്വസനീയമായ തുകകള്‍ അപരിചിതര്‍ നമ്മെ ഏല്‍പ്പിക്കുമെന്നു വിശ്വസിക്കുന്നതും നമ്മള്‍ ചേരാത്ത ലോട്ടറിയില്‍നിന്നു നമുക്കു വന്‍തുക അടിക്കുമെന്നു കരുതുന്നതുമൊക്കെ യുക്തിക്കു നിരക്കുന്നതല്ല. എങ്കിലും വെറുതേ കിട്ടുമെങ്കില്‍ കിട്ടട്ടെ എന്ന മട്ടില്‍ ഒന്നു ശ്രമിച്ചുനോക്കുന്നവരാണു തട്ടിപ്പുകളില്‍ വീഴുന്നവരില്‍ മിക്കവരും എന്നു കാണാം. ഇത്തരം തട്ടിപ്പുകളെപ്പറ്റി ധാരാളം കേട്ടറിവുള്ളവര്‍പോലും ഇവയില്‍ വീഴുന്നത്, അവിശ്വസനീയമായതും ചിലപ്പോള്‍ സംഭവിക്കാം എന്ന ഒരുതരം മിഥ്യാപ്രതീക്ഷയിലാണ്. ഒരു യുക്തിയുമില്ലാത്ത ആ പ്രതീക്ഷയിലേക്കു നയിക്കുന്നതാകട്ടെ വെറുതേ വലിയ സമ്പത്തു കിട്ടാനുള്ള മോഹവും.

അധ്വാനിക്കാതെ പണം കിട്ടാനും ഒന്നും ചെയ്യാതെ സമ്പന്നനാകാനുമുള്ള അതിമോഹവും ദുരയും സമൂഹത്തിലെ ചെറിയൊരു ന്യൂനപക്ഷത്തിന് എക്കാലവും ഉള്ളതാണ് ഇത്തരം തട്ടിപ്പുസംഘങ്ങളെ നിലനിര്‍ത്തുന്നത്. അത്തരക്കാര്‍ ഇങ്ങനെയുള്ള ഏതു തട്ടിപ്പിലും ചേരാന്‍ ആവേശം കാണിക്കുകയും ചെയ്യും. ചന്തസ്ഥലങ്ങളിലും ഉത്സവപ്പറമ്പുകളിലും ആള്‍ക്കാരെ നേരിട്ടു സമീപിച്ചു നടത്തിയിരുന്ന തട്ടിപ്പുകളുടെ തുടര്‍ച്ച മാത്രമാണ് ഇന്നു മാധ്യമങ്ങളിലൂടെ വരുന്നത് എന്നു മനസിലാക്കാന്‍ പ്രയാസമില്ല. പക്ഷേ അങ്ങനെ ചിന്തിക്കാതെ ഇവിടെ സമ്പത്തിലേക്ക് അവസരം തെളിയുന്നുവെന്നു കരുതുമ്പോള്‍ അപകടത്തിലേക്കു വീഴുകയായി.

ജനങ്ങള്‍ അത്യാര്‍ത്തി വെടിയുകയും യുക്തിപരമായി ചിന്തിച്ചു മാത്രം തീരുമാനമെടുക്കുകയും ചെയ്തു തട്ടിപ്പുകളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുകയാണ് ഇക്കാര്യത്തിലുള്ള ഏറ്റവും ഫലപ്രദമായ പരിഹാരം. പക്ഷേ അതു മാത്രം പോരാ. ഇങ്ങനെയുള്ള തട്ടിപ്പുകളെപ്പറ്റി ബോധവത്കരണം നടത്തുകയും ഇത്തരം തട്ടിപ്പ് ഓഫറുകള്‍ പിന്തുടര്‍ന്നു തട്ടിപ്പുകാരെ പിടികൂടുകയും ചെയ്യാന്‍ ഗവണ്‍മെന്റിനും പോലീസിനും ഉത്തരവാദിത്വമുണ്ട്. പരാതി ലഭിച്ചാല്‍ മാത്രം അന്വേഷിക്കുന്ന രീതി വിട്ട് ഇത്തരം തട്ടിപ്പു മെയിലുകള്‍ കണ്ടാലുടന്‍ പിഞ്ചെല്ലുന്ന രീതി ഉണ്ടാകണം. എങ്കിലേ തട്ടിപ്പുകാര്‍ക്കു ഭയമുണ്ടാകൂ. ആരെങ്കിലുമൊക്കെ ഇരകളായിക്കഴിഞ്ഞു മാത്രം അന്വേഷിക്കുന്നതുകൊണ്ടു വേണ്ടത്ര ഫലമില്ല. നൂറുകണക്കിനുപേര്‍ ഇരകളായാല്‍ മാത്രമാണ് ഒന്നോ രണ്േടാ പേര്‍ പരാതി നല്‍കുന്നത്. പലരും നാണക്കേടു ഭയന്നു വിവരം പുറത്തുപറയില്ല. തട്ടിപ്പിനു വഴിയൊരുക്കുന്ന സന്ദേശങ്ങള്‍ ലഭിക്കുമ്പോള്‍ത്തന്നെ അവ പോലീസിന്റെ ഏതെങ്കിലും നമ്പരിലേക്കോ മെയിലിലേക്കോ അയയ്ക്കാനുള്ള സൌകര്യമൊരുക്കണം. അങ്ങനെയായാല്‍ തട്ടിപ്പുകള്‍ നടക്കുംമുമ്പ് തട്ടിപ്പുശ്രമക്കാരെ കുടുക്കാനാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.