മനോജ് വധക്കേസ്: അന്വേഷണ സംഘാംഗത്തെ സിപിഎമ്മുകാര്‍ ഒന്നരമണിക്കൂര്‍ തടഞ്ഞുവച്ചു
Thursday, October 30, 2014 12:26 AM IST
തലശേരി: മനോജ് വധക്കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറെ സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുകയും ഒന്നരമണിക്കൂര്‍ തടഞ്ഞുവയ്ക്കുകയും ചെയ്തു. ജില്ലാ പോലീസ് മേധാവിയുടെ ക്രൈംസ്ക്വാഡ് അംഗമായ പി. വിനോദ് കുമാറിനെയാണു മനോജ് വധക്കേസ് പ്രതിയായ മാലൂരിലെ പ്രഭാകരന്റെ ഭാര്യ ലുധിയ ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ തടഞ്ഞുവച്ചത്. സംഭവത്തില്‍ ലുധിയയും മാതാവ് ശൈലജയും ഉള്‍പ്പെടെ 32 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ പോലീസ് കേസെടുത്തു.

ഇന്ത്യന്‍ ശിക്ഷാനിയമം 342, 353, 506 (1) എന്നീ വകുപ്പുകള്‍ പ്രകാരം തടഞ്ഞുവയ്ക്കല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയത്. അതേസമയം തന്നെയും മാതാവിനെയും വിനോദ് ഭീഷണിപ്പെടുത്തിയെന്നു കാണിച്ചു പ്രഭാകരന്റെ ഭാര്യ ലുധിയയും എഎസ്പിക്കു പരാതിനല്‍കി.

ഇന്നലെ ഉച്ചയ്ക്ക് 12.45ഓടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. സിപിഎമ്മിന്റെ ആഭിമുഖ്യത്തില്‍ മനോജ് വധക്കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന്റെ ക്യാമ്പ് ഓഫീസിനുമുന്നില്‍ സത്യഗ്രഹ സമരത്തിനുശേഷം പാര്‍ട്ടി പ്രവര്‍ത്തകരോടൊപ്പം മടങ്ങുകയായിരുന്ന ലുധിയ പഴയ ബസ്സ്റാന്‍ഡ് പരിസരത്തുവച്ചു വിനോദിനെ കണ്ടതോടെ ഇയാളാണു പ്രഭാകരനെ പിടിച്ചുകൊണ്ടുപോയതെന്നു പറഞ്ഞു വിനോദിനെ വളയുകയായിരുന്നു. സിപിഎം പ്രവര്‍ത്തകരില്‍നിന്നു രക്ഷപ്പെട്ട വിനോദ് തൊട്ടടുത്ത കോംപ്ളക്സില്‍ അഭയംതേടി. ഇതോടെ പ്രവര്‍ത്തകര്‍ ഷോപ്പിംഗ് കോംപ്ളക്സിന്റെ ഗേറ്റ് വളഞ്ഞു. വിവരമറിഞ്ഞു സിഐ വിശ്വംഭരന്‍ നായര്‍, പ്രിന്‍സിപ്പല്‍ എസ്ഐ സുരേന്ദ്രന്‍ കല്യാടന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വന്‍പോലീസ് സംഘവും പ്രത്യേക അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. വിനോദിനെ വിട്ടുകിട്ടണമെന്നതായിരുന്നു സിപിഎം പ്രവര്‍ത്തകരുടെ ആവശ്യം. സിപിഎം നേതാക്കളായ എ.എന്‍. ഷംസീര്‍, പനോളി വല്‍സന്‍, എം.സി. പവിത്രന്‍, സി.ഒ.ടി. നസീര്‍ തുടങ്ങിയ നേതാക്കളും സ്ഥലത്തുണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.