ചക്കുളത്തുകാവ് പൊങ്കാല ഡിസംബര്‍ അഞ്ചിന്
Thursday, October 30, 2014 12:33 AM IST
ആലപ്പുഴ: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഡിസംബര്‍ അഞ്ചിനു നടക്കും. പൊങ്കാലയ്ക്കായി ഒരുക്കം തുടങ്ങിയതായി ക്ഷേത്രഭാരവാഹികള്‍ അറിയിച്ചു. കേരളത്തിനു പുറമേ തമിഴ്നാട്, കര്‍ണാടക, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നും വിദേശങ്ങളില്‍നിന്നടക്കം ഭക്തര്‍ പങ്കെടുക്കുമെന്നു പ്രതീക്ഷിക്കുന്നു. ക്ഷേത്രപരിസരം കൂടാതെ തകഴി, തിരുവല്ല, കോഴഞ്ചേരി റോഡ്, ചെങ്ങന്നൂര്‍, പന്തളം, കിടങ്ങറ, പൊടിയാടി, മാന്നാര്‍, മാവേലിക്കര, ഹരിപ്പാട് പ്രദേശങ്ങളിലെ 70 കിലോമീറ്റര്‍ ചുറ്റളവില്‍ പൊങ്കാല അടുപ്പുകള്‍ നിരക്കും.

രാവിലെ ഒന്‍പതിനു ക്ഷേത്ര ശ്രീകോവിലില്‍നിന്നു പണ്ടാര അടുപ്പിലേക്കു ക്ഷേത്രമുഖ്യകാര്‍ദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി അഗ്നി പകരും. മാതാ അമൃതാനന്ദമയി മഠം ജനറല്‍ സെക്രട്ടറി പൂര്‍ണാമൃതാനന്ദപുരി ഭദ്രദീപം തെളിക്കും. എം.പി. വീരേന്ദ്രകുമാര്‍ പൊങ്കാല ഉദ്ഘാടനം ചെയ്യും. 11ന് അഞ്ഞൂറിലധികം വേദപണ്ഡിതന്മാരുടെ കാര്‍മികത്വത്തില്‍ ദേവിയെ 41 ജീവതകളിലാക്കി എഴുന്നള്ളിച്ചു പൊങ്കാല നേദിക്കും. ക്ഷേത്രകാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി പൊങ്കാല ചടങ്ങുകള്‍ക്കു നേതൃത്വം നല്കും.

വൈകുന്നേരം ആറിനു സാംസ്കാരിക സമ്മേളനം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. തോമസ് ചാണ്ടി എംഎല്‍എ അധ്യക്ഷത വഹിക്കും. കൊടിക്കുന്നില്‍ സുരേഷ് എംപി, എം. ഗോപാലകൃഷ്ണന്‍, കെ. വേണുഗോപാല്‍ എന്നിവര്‍ പ്രസംഗിക്കും. ക്ഷേത്രമുഖ്യകാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തും. ഡോ. സി.വി. ആനന്ദബോസ് കാര്‍ത്തിക സ്തംഭത്തില്‍ അഗ്നി പകരും. പോലീസ്, കെഎസ്ആര്‍ടിസി ആരോഗ്യ - തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ഫയര്‍ഫോഴ്സ്, കെഎസ്ഇബി, വാട്ടര്‍ അഥോറിട്ടി, എക്സൈസ്, ജലഗതാഗതം, റവന്യു വകുപ്പുകളുടെ സേവനം ആലപ്പുഴ, പത്തനംതിട്ട കളക്ടര്‍മാരുടെ നേതൃത്വത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. പാര്‍ക്കിംഗിനായി പ്രത്യേക സൌകര്യമേര്‍പ്പെടുത്തും.


ക്ഷേത്ര ട്രസ്റിന്റെയും വിവിധ സംഘടനകളുടെയും ആഭിമുഖ്യത്തില്‍ സൌജന്യ ഭക്ഷണവിതരണവും ചികിത്സയും ലഭ്യമാക്കും. വിവിധ ഇന്‍ഫര്‍മേഷന്‍ സെന്ററുകളില്‍ ആയിരത്തിലധികം വോളന്റിയേഴ്സുമുണ്ടാകും. ക്ഷേത്രത്തിലെ 12 നോമ്പ് ഉത്സവം ഡിസംബര്‍ 18 മുതല്‍ 27 വരെയാണ് നടക്കുക. ഡിസംബര്‍ 19ന് നാരീപുജ നടക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ ക്ഷേത്രം അഡ്മിനിസ്ട്രേറ്റര്‍ അഡ്വ.കെ.കെ. ഗോപാലകൃഷ്ണന്‍നായര്‍, രമേശ് ഇളമണ്‍ നമ്പൂതിരി, പി.ഡി. കുട്ടപ്പന്‍, സന്തോഷ് ഗോകുലം, അജിത്കുമാര്‍ പിഷാരത്ത് എന്നിവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.