മാര്‍ ജോര്‍ജ് ഞരളക്കാട്ടിന്റെ സ്ഥാനാരോഹണം ഇന്ന്
മാര്‍ ജോര്‍ജ് ഞരളക്കാട്ടിന്റെ സ്ഥാനാരോഹണം ഇന്ന്
Thursday, October 30, 2014 12:37 AM IST
തലശേരി: തലശേരി അതിരൂപതയുടെ നിയുക്ത ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ടിന്റെ സ്ഥാനാരോഹണവും വിരമിക്കുന്ന ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് വലിയമറ്റത്തിനുള്ള യാത്രയയപ്പ് സമ്മേളനവും തലശേരി സെന്റ് ജോസഫ്സ് കത്തീഡ്രലില്‍ ഇന്നു നടക്കും. രാവിലെ ഒന്‍പതിന് പിതാക്കന്മാര്‍ക്കു സ്വീകരണം നല്കും. 9.30ന് ദിവ്യബലിയോടെ അഭിഷേകചടങ്ങുകള്‍ തുടങ്ങും.

സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിക്കും. മാര്‍ ജോര്‍ജ് ജോര്‍ജ് വലിയമറ്റം, തൃശൂര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് എന്നിവര്‍ സഹകാര്‍മികരായിരിക്കും. സിബിസിഐ പ്രസിഡന്റും സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച്ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്ക ബാവ സന്ദേശം നല്കും.

11.30നു നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷത വഹിക്കും. ബാംഗളൂര്‍ ആര്‍ച്ച് ബിഷപ് ഡോ. ബര്‍ണാര്‍ഡ് മോറസ് അനുഗ്രഹപ്രഭാഷണം നടത്തും. വൈദിക പ്രതിനിധിയായി രാഷ്ട്രദീപിക ലിമിറ്റഡ് സിഎംഡി മോണ്‍. മാത്യു എം. ചാലില്‍ മാര്‍ ജോര്‍ജ് ഞരളക്കാട്ടിനും പാസ്ററല്‍ കൌണ്‍സില്‍ സെക്രട്ടറി ജോബി മൂലയില്‍ മാര്‍ ജോര്‍ജ് വലിയമറ്റത്തിനും മെമെന്റോ സമ്മാനിക്കും. തുടര്‍ന്നു മാര്‍ ഞരളക്കാട്ടും മാര്‍ വലിയമറ്റവും മറുപടിപ്രസംഗം നടത്തും.


മന്ത്രിമാരായ കെ.എം. മാണി, പി.ജെ. ജോസഫ്, കെ.സി. ജോസഫ്, കെ.പി മോഹനന്‍, വരാപ്പുഴ ആര്‍ച്ചബിഷപ് ഡോ.ഫ്രാന്‍സിസ് കല്ലറയ്ക്കല്‍, മാനന്തവാടി ബിഷപ് മാര്‍ ജോസ് പൊരുന്നേടം, മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി, എംഎല്‍എമാരായ കോടിയേരി ബാലകൃഷ്ണന്‍, സണ്ണി ജോസഫ്, നഗരസഭാ ചെയര്‍പേഴ്സണ്‍ ആമിന മാളിയേക്കല്‍ എന്നിവര്‍ ആശംസകളര്‍പ്പിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.