പ്രതികളെ കോടതിയില്‍ ഹാജരാക്കാന്‍ പോലീസ് എസ്കോര്‍ട്ട് ഉറപ്പാക്കണം: ഹൈക്കോടതി
പ്രതികളെ കോടതിയില്‍ ഹാജരാക്കാന്‍ പോലീസ് എസ്കോര്‍ട്ട് ഉറപ്പാക്കണം: ഹൈക്കോടതി
Friday, November 21, 2014 11:58 PM IST
കൊച്ചി: സംസ്ഥാനത്തെ ജയിലുകളില്‍ കഴിയുന്ന റിമാന്‍ഡ് പ്രതികളെ കോടതിയില്‍ ഹാജരാക്കുന്നതിനു പോലീസ് അകമ്പടി ഉറപ്പാക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. ജോലിതട്ടിപ്പു കേസില്‍ ജയിലില്‍ കഴിയുന്ന ഗീതാ റാണി നല്‍കിയ ഹര്‍ജിയിലാണു ജസ്റീസ് പി. ഉബെദിന്റെ ഉത്തരവ്.

ജയിലില്‍ കഴിയുന്ന പ്രതി പുരുഷനായാലും സ്ത്രീയായാലും കോടതിയില്‍ ഹാജരാക്കണമെന്ന ഉത്തരവു ലഭിച്ചാല്‍ എസ്കോര്‍ട്ടിനായി വേണ്ടത്ര പോലീസിനെ നിയോഗിക്കണമെന്നു ഹൈക്കോടതി നിര്‍ദേശിച്ചു. ഇതിനായി സംസ്ഥാന പോലീസ് ചീഫ് 2012ല്‍ നല്‍കിയ നിര്‍ദേശം കര്‍ശനമായി പാലിക്കണം. വനിതാ പോലീസിനു ക്ഷാമമുണ്െടന്ന കാരണം പറഞ്ഞു പ്രതികളുടെ അവകാശം നിഷേധിക്കരുത്.

ജയില്‍പ്പുള്ളികളെ കോടതിയില്‍ ഹാജരാക്കുന്നതിന് എസ്കോര്‍ട്ട് പോലീസിനെ അനുവദിക്കണമെന്നാവശ്യപ്പെട്ടു നല്‍കുന്ന അപേക്ഷ ജയില്‍ അധികാരികള്‍ പരിഗണിക്കണം. ഇതില്‍ വീഴ്ച വരുത്തരുത്. ഹര്‍ജിക്കാരിയെ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയെന്ന സര്‍ക്കാരിന്റെ വിശദീകരണം പരിഗണിച്ച കോടതി ഹര്‍ജിയിലെ നടപടികള്‍ അവസാനിപ്പിച്ചു.


ഹര്‍ജിക്കാരിയെ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുന്നതിനു നിര്‍ദേശം നല്‍കിയെങ്കിലും എസ്കോര്‍ട്ടിനു പോലീസില്ലെന്ന കാരണത്താല്‍ കോടതിയിലെത്തിച്ചില്ലെന്നും ഈ സാഹചര്യത്തില്‍ ജയിലിനു പുറത്തിറങ്ങുന്നതിനു താമസം നേരിട്ടുവെന്നും ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയാണു ഹൈക്കോടതി പരിഗണിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.