മദ്യബന്ധമുള്ളവര്‍ കോണ്‍ഗ്രസില്‍ ഉണ്ടാകില്ലെന്നു സുധീരന്‍
മദ്യബന്ധമുള്ളവര്‍ കോണ്‍ഗ്രസില്‍  ഉണ്ടാകില്ലെന്നു സുധീരന്‍
Friday, November 21, 2014 12:01 AM IST
സ്വന്തം ലേഖകന്‍

തൃശൂര്‍: സാമൂഹ്യവിപത്തായ മദ്യത്തിനെതിരേ ശക്തമായ നിലപാടെടുത്തതു രാഷ്ട്രീയ ജീവിതം പണയംവച്ചിട്ടാണെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. ജനപക്ഷയാത്രയ്ക്കിടെ രാമനിലയത്തില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മദ്യത്തിനെതിരായ പോരാട്ടത്തെ ചെറുത്തുതോല്‍പിക്കാന്‍ പല തരത്തിലുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. മദ്യനയം സംബന്ധിച്ച നിയമനടപടികളില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അലംഭാവമില്ല. വലിയ നിയമപോരാട്ടത്തിനൊടുവില്‍ വിജയം മദ്യത്തിനെതിരായ നയത്തിനുതന്നെയാകും. മദ്യശാലകള്‍ക്ക് അനുമതി നല്‍കരുതെന്നു കെപിസിസി കോണ്‍ഗ്രസ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളുടെ സാരഥികള്‍ക്കു നല്‍കിയ നിര്‍ദേശം നടപ്പാക്കിയില്ലെങ്കില്‍ നടപടിയുണ്ടാകും.

മദ്യവ്യവസായവുമായി ബന്ധമുള്ളവര്‍ മന്ത്രിസഭയിലുണ്ടല്ലോയെന്നു മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ഇപ്പോള്‍ അങ്ങനെയുള്ളവര്‍ ഉണ്െടന്നു തോന്നുന്നില്ലെന്നും അത്തരക്കാര്‍ ഇനി കോണ്‍ഗ്രസില്‍ ഉണ്ടാകില്ലെന്നും സുധീരന്‍ പറഞ്ഞു.

കെപിസിസിക്കു കീഴിലുള്ള 21,000 ബൂത്തു കമ്മിറ്റികള്‍ ഇനി പ്രവര്‍ത്തിക്കുന്ന കമ്മിറ്റികളാകും. ജനങ്ങളുമായി അടുത്ത ബന്ധമുള്ള കമ്മിറ്റികളായി അവ പ്രവര്‍ത്തിക്കും. പാര്‍ട്ടി പ്രവര്‍ത്തനത്തിനുള്ള ഫണ്ട് സമാഹരിക്കാന്‍ വന്‍ പണച്ചാക്കുകളില്‍നിന്നു പിരിവു നടത്തരുതെന്നും സാധാരണക്കാരില്‍നിന്നു പത്തുരൂപ മുതല്‍ ആയിരം രൂപ വരെ മാത്രമേ പിരിക്കാവൂവെന്നും കര്‍ശനനിര്‍ദേശം നല്‍കിയിരുന്നു. ഒറ്റപ്പെട്ട എവിടെയെങ്കിലും അതു ലംഘിച്ചിട്ടുണ്െടങ്കില്‍ അതിനെ സാമാന്യവത്കരിക്കുന്നതില്‍ അര്‍ഥമില്ല.


രാഷ്ട്രീയ പാര്‍ട്ടികള്‍ കളങ്കിതരായ പണച്ചാക്കുകളില്‍നിന്നു പണപ്പിരിവു നടത്തി അവരെ സഹായിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്ന നിലപാടു തിരുത്തണം. ചൂഷണം ചെയ്യുന്ന അവസ്ഥയുണ്ടാകരുത്. സുപ്രീം കോടതി വിധിയുടെ മറവില്‍ മുല്ലപ്പെരിയാര്‍ ജലനിരപ്പ് വര്‍ധിപ്പിക്കുന്ന തമിഴ്നാട് സര്‍ക്കാരിന്റെ നടപടി ജനങ്ങളുടെ ജീവന്‍ പന്താടുന്നതിനു തുല്യമാണ്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. തമിഴ്നാടിന്റെ പ്രവര്‍ത്തനങ്ങള്‍ ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണ്.

ഇടതുമുന്നണി 25നു നടത്തുന്ന സെക്രട്ടേറിയറ്റ്, കളക്ടറേറ്റ് മാര്‍ച്ച് അവരുടെ ആഭ്യന്തര കലഹം അവസാനിപ്പിക്കുന്നതിനാണെന്നു സുധീരന്‍ കുറ്റപ്പെടുത്തി. ബാറുടമകളുടെ പ്രശ്നങ്ങള്‍ക്കു പിറകേപോകുന്ന ഇടതുനയം നന്നല്ലെന്ന് അദ്ദേഹം പറഞ്ഞു. അഴിമതി തടയാന്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ നടത്തുന്ന വിജിലന്‍സ് റെയ്ഡുകള്‍ക്കു സുധീരന്‍ പിന്തുണ പ്രഖ്യാപിച്ചു. മന്ത്രി കെ.എം. മാണിക്കെതിരേ ഉന്നയിക്കപ്പെട്ട ആരോപണം അടിസ്ഥാനരഹിതമാണെന്നും മാണി യുഡിഎഫിന്റെ ശക്തിയാണെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.