കേരളത്തെ ശത്രുപക്ഷത്തു നിര്‍ത്തുന്ന തമിഴ്നാട് നിലപാട് അപലപനീയം: ഡീന്‍
കേരളത്തെ ശത്രുപക്ഷത്തു നിര്‍ത്തുന്ന തമിഴ്നാട് നിലപാട് അപലപനീയം: ഡീന്‍
Friday, November 21, 2014 12:16 AM IST
കൊച്ചി: മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേരളത്തെ ശത്രുപക്ഷത്തു നിര്‍ത്തുന്ന തമിഴ്നാടിന്റെ നിലപാട് അപലപനീയമെന്നു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136 അടിയായി നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ടു യൂത്ത് കോണ്‍ഗ്രസ് എറണാകുളം പാര്‍ലമെന്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സുപ്രീം കോടതി ചീഫ് ജസ്റീസിന് ആയിരം പോസ്റ്കാര്‍ഡുകള്‍ അയയ്ക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശത്രുരാജ്യത്തോടെന്നപോലെ കേരളത്തോടുള്ള തമിഴ്നാടിന്റെ സമീപനം ഫെഡറല്‍ സംവിധാനത്തിനു യോജിച്ചതല്ല. ജലനിരപ്പ് 142 അടിയായി ഉയര്‍ത്താനുള്ള തമിഴ്നാടിന്റെ ഏകപക്ഷീയ നിലപാട് മനുഷ്യത്വരഹിതമാണ്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളം സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജി മാനുഷിക പരിഗണനകള്‍ മുന്‍നിര്‍ത്തി തീര്‍പ്പാക്കണം. തമിഴ്നാട്ടുകാരനായ മേല്‍നോട്ടസമിതി ചെയര്‍മാന്റെ മുന്നറിയിപ്പുപോലും അവഗണിക്കുന്നതു സുപ്രീം കോടതിയുടെ നിലപാടുകള്‍ക്ക് എതിരാണ്.


സുപ്രീം കോടതിയും കേന്ദ്ര സര്‍ക്കാരും കേരളജനതയുടെ സുരക്ഷ ഉറപ്പുവരുത്താനായി അടിയന്തരമായി ഇടപെടണമെന്നും ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു. നത്തിംഗ് ലീഗല്‍, നത്തിംഗ് കോണ്‍സ്റിറ്റ്യൂഷണല്‍, പ്യുവര്‍ലി ഹ്യൂമന്‍ എന്ന മുദ്രവാക്യമുയര്‍ത്തിയാണു യൂത്ത് കോണ്‍ഗ്രസ് ആയിരം പോസ്റ് കാര്‍ഡുകള്‍ പൊതുജനങ്ങളില്‍നിന്ന് ഒപ്പു ശേഖരിച്ച് അയച്ചത്. യൂത്ത് കോണ്‍ഗ്രസ് എറണാകുളം പാര്‍ലമെന്റ് പ്രസിഡന്റ് എം.വി. രതീഷ് അധ്യക്ഷത വഹിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.