ബസ് ഫെയര്‍ സ്റേജ് പരിഷ്കരണം നടപ്പായില്ല
Saturday, November 22, 2014 12:17 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ബസ് ഫെയര്‍ സ്റേജ് പരിഷ്കരണം സംസ്ഥാനത്തു നടപ്പാക്കാത്തതിനാല്‍ സര്‍ക്കാര്‍ നിശ്ചയിച്ചതിന്റെ ഇരട്ടിയിലേറെ തുക യാത്രക്കാര്‍ക്കു നല്‍കേണ്ടിവരുന്നു.

ബസ് ടിക്കറ്റ് നിരക്കിലെ അപാകതയില്‍നിന്നു യാത്രക്കാരെ മോചിപ്പിക്കാനായി സര്‍ക്കാര്‍ നിയോഗിച്ച രാമചന്ദ്രന്‍ സമിതിയുടെ കാലാവധി ഈ മാസം അവസാനിക്കുകയാണ്. യാത്രക്കാരുടെ പരാതി കേള്‍ക്കുന്നതിനായി സമിതി സിറ്റിംഗ് പോലും നടത്തിയില്ലെന്നും പരാതി ഉയര്‍ന്നു. ഫെയര്‍ സ്റേജ് പരിഷ്കരണം നടപ്പാക്കാതെ യാത്രക്കാര്‍ അധിക തുക നല്‍കേണ്ട സാഹചര്യം നിലനില്‍ക്കുന്നതിനിടയിലാണ് സെസ് ഇനത്തില്‍ കെഎസ്ആര്‍ടിസി വീണ്ടും നിരക്കുവര്‍ധന നടപ്പാക്കുന്നത്.

സംസ്ഥാനത്തു മൂന്നു വര്‍ഷത്തിനിടെ മൂന്നു തവണ ബസ് നിരക്ക് ഉയര്‍ത്തിയപ്പോള്‍ ഇതേക്കുറിച്ചു പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച രാമചന്ദ്രന്‍ കമ്മിറ്റിയുടെ പരിഗണനയിലുള്ള അഞ്ചു വിഷയങ്ങളിലൊന്നു ഫെയര്‍ സ്റേജ് പരിഷ്കരണമായിരുന്നു. എന്നാല്‍, ഫെയര്‍ സ്റേജ് പരിഷ്കരണം ഒഴിവാക്കി ബസ് ചാര്‍ജ് വര്‍ധന മാത്രം ഓരോ വര്‍ഷവും സംസ്ഥാനത്തു നടപ്പാക്കുകയായിരുന്നു. ഇതോടെ മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇരട്ടിയോളം തുകയാണ് ബസ് ചാര്‍ജായി ഈടാക്കുന്നത്.

ഈ വര്‍ഷം മേയ് അവസാനത്തെ ബസ് ചാര്‍ജ് വര്‍ധന സംസ്ഥാനത്തു നടപ്പാക്കിയപ്പോഴും ഫെയര്‍ സ്റേജ് പരിഷ്കരണം സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നില്ല. തുടര്‍ന്നു ഫെയര്‍ സ്റേജ് പരിഷ്കരണത്തെ കുറിച്ചു മാത്രം പഠിക്കാന്‍ രാമചന്ദ്രന്‍ കമ്മീഷനെ സര്‍ക്കാര്‍ നിയോഗിക്കുകയായിരുന്നു. എന്നാല്‍, ഇതുമായി ബന്ധപ്പെട്ടു കമ്മീഷന്‍ സിറ്റിംഗ് നടത്തിയില്ലെന്ന് യാത്രക്കാരുമായി ബന്ധപ്പെട്ട സംഘടനകള്‍ ആരോപിക്കുന്നു.

1960-ല്‍ നിലവില്‍ വന്ന ഫെയര്‍ സ്റേജിന്റെ അടിസ്ഥാനത്തിലാണു സംസ്ഥാനത്ത് ഇപ്പോഴും ബസ് ചാര്‍ജ് ഈടാക്കുന്നത്. ഇപ്പൊഴത്തെ ഫെയര്‍ സ്റേജ് നിലവില്‍ വന്നശേഷം റോഡിന്റെ ഘടനയില്‍ കാര്യമായ മാറ്റം വന്നു. പ്രദേശങ്ങള്‍ തമ്മിലുള്ള ദൂരം കുറയ്ക്കുന്ന വിധത്തില്‍ വളവുകള്‍ ഇല്ലാതാക്കുകയും കോടികള്‍ മുടക്കി ബൈപാസുകള്‍ സ്ഥാപിക്കുകയും ചെയ്തു. ഇതോടെ കിലോമീറ്ററുകളുടെ ലാഭമാണ് ഉണ്ടായത്. എന്നിട്ടും ഫെയര്‍ സ്റേജുകളിലെ അപാകത പരിഹകരിക്കാന്‍ സര്‍ക്കാര്‍ തയാറായില്ല.


നിലവിലെ നിരക്കനുസരിച്ച് പത്തു കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ 10 മുതല്‍ 12 രൂപവരെ നല്‍കേണ്ടിവരുന്നുണ്ട്. അതായത്, ഒരു കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ഒരു രൂപയോളം നല്‍കേണ്ട അവസ്ഥ. സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ഓര്‍ഡിനറി കിലോമീറ്റര്‍ നിരക്ക് 64 പൈസ മാത്രവും.

പരാതികളുടെ അടിസ്ഥാനത്തില്‍ എറണാകുളത്തു മോട്ടോര്‍ വാഹന വകുപ്പ് നേരത്തേ നടത്തിയ ദൂരപരിശോധനയില്‍ ഫെയര്‍ സ്റേജ് സംബന്ധിച്ച് 65 സ്ഥലങ്ങളില്‍ അപാകതകള്‍ ഉണ്െടന്നു കണ്െടത്തിയിരുന്നു. ഇതു പരിഹരിക്കണമെന്നാവശ്യപ്പെട്ട് ആര്‍ടിഒ മോട്ടോര്‍ വാഹന വകുപ്പിനു കത്തു നല്‍കിയെങ്കിലും സ്വകാര്യബസ് ലോബിയുടെ സമ്മര്‍ദത്തെ തുടര്‍ന്ന് ഇതുവരെ പരിഹരിക്കാനായില്ല.

കെഎസ്ആര്‍ടിസിയുടെ ഫെയര്‍ പോയിന്റ് അപാകത പരിഹരിക്കാനും ഇതുവരെ സാധിച്ചിട്ടില്ല. ഉദാഹരണത്തിന്, തിരുവനന്തപുരത്തുനിന്നു കൊല്ലം ഭാഗത്തേക്കു പോകുന്ന സൂപ്പര്‍ ഫാസ്റിന്റെ ആദ്യ ഫെയര്‍ പോയിന്റ് ആറ്റിങ്ങല്‍ ആണ്. സൂപ്പര്‍ ഫാസ്റിന് കെഎസ്ആര്‍ടിസി ഡിപ്പോ അടിസ്ഥാനത്തിലാണ് ഫെയര്‍ പോയിന്റ് കണക്കാക്കുന്നത്. കണിയാപുരത്തു ബസ് സ്റേഷന്‍ ഉണ്െടങ്കിലും ഇതിനെ ഫെയര്‍ പോയിന്റായി കണക്കാക്കാന്‍ അധികൃതര്‍ക്കു സാധിച്ചിട്ടില്ല. ഇതിനാല്‍ തിരുവനന്തപുരത്തുനിന്ന് ഉള്ളൂരിലോ കഴക്കൂട്ടത്തോ ഇറങ്ങണമെങ്കിലും മിനിമം 31 രൂപ നല്‍കണം.

ഫാസ്റ് പാസഞ്ചറിനു പത്തു രൂപയാണു മിനിമം ചാര്‍ജെങ്കിലും ഫെയര്‍ പോയിന്റ് അപാകത പരിഹരിക്കാത്ത സാഹചര്യത്തില്‍ ഭൂരിഭാഗം സ്ഥലങ്ങളിലും ബസില്‍ കയറാന്‍ 12, 15 രൂപ നല്‍കേണ്ട സ്ഥിതിയാണ്. ബസ് ലോബിക്കു വേണ്ടി ഗതാഗത വകുപ്പു ഫെയര്‍ പോയിന്റ് അപാകത വരുത്തിയതിനാലാണ് യാത്രക്കാര്‍ ഇത്തരത്തില്‍ അധിക തുക നല്‍കേണ്ടി വരുന്നതെന്ന ആക്ഷേപവും ശക്തമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.