കേരള യൂണിവേഴ്സിറ്റി പിവിസിയുടെ ഗവേഷണ പ്രബന്ധം വിവാദത്തില്‍: തുടര്‍നടപടിക്കു നിര്‍ദേശം
Saturday, November 22, 2014 12:20 AM IST
തിരുവനന്തപുരം: കേരള സര്‍വകലാശാല പ്രോ വൈസ് ചാന്‍സിലര്‍ ഡോ. എന്‍. വീരമണികണ്ഠന്റെ ഗവേഷണ പ്രബന്ധവുമായി ബന്ധപ്പെട്ട വിവാദത്തില്‍ നടപടി ഉടനുണ്ടാകും. പ്രബന്ധം കോപ്പിയടിയാണെന്നു കണ്െടത്തിയ സാഹചര്യത്തില്‍ അടിയന്തരമായി തുടര്‍നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു.

പ്രബന്ധത്തിന്റെ ആധികാരികത സംബന്ധിച്ച് കാലിക്കട്ട് സര്‍വകലാശാലയില്‍ നിന്നു സര്‍ക്കാരിനു റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും വിശദമായി പരിശോധിച്ചു. തുടര്‍ നടപടികള്‍ക്കായി ഉന്നത വിദ്യാഭ്യാസ വകുപ്പിനു നിര്‍ദേശം നല്കി. ഇതോടെ പിവിസിയുടെ ഡോക്ടറേറ്റ് റദ്ദാക്കുന്നത് ഉള്‍പ്പെടെ നടപടികള്‍ക്കും സാധ്യത നിലനില്ക്കുന്നുണ്ട്.

ആസ്മാ രോഗികളുടെ മാനസികനിലയും പ്രശ്നങ്ങളും എന്ന വിഷയത്തില്‍ കാലിക്കട്ട് സര്‍വകലാശാലയില്‍ നിന്നാണു വീരമണികഠ്ന്‍ ഡോക്ടറേറ്റ് നേടിയത്. ഗവേഷണ പ്രബന്ധം കോപ്പിയടിയാണെന്നു പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രി ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയോടു റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.

പരാതിയെപ്പറ്റി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഡോ. വീരമണികണ്ഠന്‍ ഡോക്ടറേറ്റെടുത്ത കാലിക്കട്ട് സര്‍വകലാശാല കേരളത്തിനു വെളിയില്‍ നിന്നുള്ള അക്കാഡമീഷനെ പരിശോധനയ്ക്കായി നിയോഗിച്ചു. ഡല്‍ഹി സര്‍വകലാശാല സൈക്കോളജി വിഭാഗം മേധാവി ഡോ.എന്‍.കെ. ഛദ്ദയെയാണ് ഇതിനായി നിയോഗിച്ചത്. അദ്ദേഹത്തിന്റെ പരിശോധനയില്‍ ഇന്റര്‍നെറ്റ്, മറ്റു പ്രബന്ധങ്ങള്‍ എന്നിവയില്‍ നിന്നു പകര്‍ത്തിയെഴുതിയതാണു വീരമണികണ്ഠന്റെ പ്രബന്ധത്തില്‍ കൂടുതലായും ഉള്ളതെന്നു തെളിഞ്ഞു. ഛദ്ദ തയാറാക്കിയ പരിശോധനാ റിപ്പോര്‍ട്ട് കാലിക്കട്ട് വിസി കഴിഞ്ഞ ദിവസം തുടര്‍ നടപടിയ്ക്കായി സര്‍ക്കാരിനു കൈമാറി.


റിപ്പോര്‍ട്ട് പരിശോധിച്ച മുഖ്യമന്ത്രി, തുടര്‍നടപടികള്‍ക്ക് അനുമതി നല്‍കുകയായിരുന്നു. ഇതുസംബന്ധിച്ച ഉത്തരവ് ഉടനിറങ്ങും. പിവിസിയുടെ ഡോക്ടറേറ്റ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടന്നാല്‍ അദ്ദേഹത്തിന്റെ നിലവിലുള്ള പദവി നഷ്ടമാകാന്‍ സാധ്യതയുണ്ട്.

എന്നാല്‍, തനിക്കെതിരേയുള്ള ആരോപണം കെട്ടിട്ടമച്ചതാണെന്നു ഡോ. വീരമണികണ്ഠന്‍ ഇന്നലെ പ്രസ്താവനയിലൂടെ അറിയിച്ചു. തന്റെ ഗവേഷണ പ്രബന്ധം കോപ്പിയടിച്ചതല്ല. വ്യക്തിപരമായി തന്നെ അവഹേളിക്കുകയെന്ന ലക്ഷ്യത്തോടെ ചിലര്‍ നടത്തുന്ന ശ്രമത്തിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ ആക്ഷേപം. ഇതിനെതിരെ നിയമനടപടി സ്വീകരിക്കും.

ഗവേഷണ പ്രബന്ധം തയാറാക്കുമ്പോള്‍ സമാന ഗവേഷണ പ്രബന്ധങ്ങളും ബന്ധപ്പെട്ട ഗ്രന്ഥങ്ങളും രേഖകളും വിവരങ്ങളും ശേഖരിക്കുകയും അവ റഫറന്‍സോടെ പ്രബന്ധത്തില്‍ ചേര്‍ക്കുകയും ചെയ്യുന്നത് സ്വാഭാവികമാണെന്നും അക്കാര്യങ്ങള്‍ മാത്രമാണ് താന്‍ ചെയ്തിട്ടുള്ളതെന്നും പിവിസി പ്രസ്താവനയില്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.