മാന്നാനത്ത് ഇന്നു ജപമാലറാലി
മാന്നാനത്ത് ഇന്നു ജപമാലറാലി
Saturday, November 22, 2014 12:24 AM IST
കോട്ടയം: ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ പ്രധാന കര്‍മമണ്ഡലമായ മാന്നാനം ഭക്തിസാന്ദ്രം. ആശ്രമദേവാലയത്തിലെ കബറിടത്തില്‍ പ്രാര്‍ഥിക്കാനും അച്ചന്‍ പുണ്യജീവിതം നയിച്ച മുറിയും പൂജ്യാവശിഷ്ടങ്ങള്‍ സൂക്ഷിക്കുന്ന മ്യൂസിയവും സന്ദര്‍ശിക്കാനും ആയിരക്കണക്കിനു തീര്‍ഥാടകരാണ് എത്തിച്ചേരുന്നത്. കേരളത്തിന്റെ ആധ്യാത്മിക വിദ്യാഭ്യാസ മേഖലകളിലെ നവോത്ഥാന നായകനായ ചാവറയച്ചന്റെ അനുഗ്രഹംതേടി വിവിധ ദേശങ്ങളില്‍നിന്നും നാനാജാതി മതസ്ഥരാണു ഇവിടെ വന്നുചേരുന്നത്. ഇന്നലെ മാന്നാനം കെഇ ഇംഗ്ളീഷ് മീഡിയം സ്കൂളിലെ ആയിരത്തിലേറെ വിദ്യാര്‍ഥികളും അധ്യാപകരും പ്രാര്‍ഥനാനിര്‍ഭരമായ ജപമാല റാലിയായി കബറിടത്തിലെത്തി. മുട്ടാര്‍ പള്ളിയില്‍നിന്നുള്ള തീര്‍ഥാടകര്‍ ഇന്ന് കബറിടത്തിലെത്തും.

14ന് ആരംഭിച്ച നൊവേന സമാപിക്കുന്ന ഇന്നു പ്രാര്‍ഥനാദിനമായി ആചരിക്കും. ഇന്നു വൈകുന്നേരം 4.30ന്റ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം വൈകുന്നേരം ആറിനു ചാവറയച്ചന്റെ തിരുശേഷിപ്പു വഹിച്ചുകൊണ്ട് കബറിടത്തില്‍നിന്നും മറ്റപ്പള്ളി, സൂര്യക്കവല വഴി കബറിടത്തില്‍ സമാപിക്കുന്ന ജപമാല റാലി നടത്തും.

നാളെ റോമില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ചാവറയച്ചനെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തുന്ന പുണ്യദിനത്തില്‍ മാന്നാനം കുന്ന് ജനസാഗരമായി മാറും. വിശുദ്ധ പദവി പ്രഖ്യാപനത്തോടനുബന്ധിച്ചുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. കുടമാളൂര്‍, അതിരമ്പുഴ, കൈപ്പുഴ ഫൊറോനകളില്‍നിന്നുള്ള മിഷന്‍ലീഗ് പ്രവര്‍ത്തകരുടെ ജപമാല റാലി നാളെ രാവിലെ 11നു മാന്നാനത്ത് സംഗമിക്കും. ഉച്ചയ്ക്ക് ഒരുമണിക്ക് മാര്‍ട്ടിന്‍ പെരുമാലി പ്രാര്‍ഥനാശുശ്രൂഷ നയിക്കും. വൈകുന്നേരം 4.30ന് 100 വൈദികര്‍ ചേര്‍ന്ന് അര്‍പ്പിക്കുന്ന സമൂഹബലിയില്‍ ആര്‍ച്ച്ബിഷപ് തോമസ് മാര്‍ കൂറിലോസ് വചനസന്ദേശം നല്കും. ആറിനു കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ മാത്യു അറയ്ക്കലിന്റെ അധ്യക്ഷതയില്‍ ചേരുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. വിജയപുരം രൂപതാ വികാരി ജനറാള്‍ റവ.ഡോ. സെബാസ്റ്യന്‍ പൂവത്തിങ്കല്‍ അനുഗ്രഹപ്രഭാഷണം നല്‍കും. സിഎംഐ തിരുവനന്തപുരം പ്രോവിന്‍സിന്റെ ചാവറ ഭവനനിര്‍മാണ പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി കെ.എം. മാണി നിര്‍വഹിക്കും. മന്ത്രിമാരായ രമേശ് ചെന്നിത്തല, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അനൂപ് ജേക്കബ്, എംപിമാരായ ജോസ് കെ. മാണി, ജോയി ഏബ്രഹാം, ആന്റോ ആന്റണി, ജോയിസ് ജോര്‍ജ്, എംഎല്‍എമാരായ സുരേഷ് കുറുപ്പ്, സി.എഫ്. തോമസ്, മോന്‍സ് ജോസഫ്, ജില്ലാ കളക്ടര്‍ എ. അജിത്, തോമസ് ചാഴികാടന്‍, സി.വി. ആനന്ദബോസ്, വൈസ് ചാന്‍സിലര്‍ ഡോ. ബാബു സെബാസ്റ്യന്‍, റോയിസ് ചിറയില്‍, ഡോ. ബി. ഇക്ബാല്‍, കെ.എം. സന്തോഷ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. രാത്രി 7.30നു വിശുദ്ധന്റെ തിരുസ്വരൂപം വഹിച്ചു പട്ടണപ്രദക്ഷിണം നടത്തും. മാന്നാനം കവലയില്‍ തിരക്കഥാകൃത്ത് ബി.ആര്‍. പ്രസാദ് സന്ദേശം നല്‍കും.

ഉച്ചകഴിഞ്ഞ് 1.30 മുതല്‍ വത്തിക്കാനിലെ നാമകരണച്ചടങ്ങുകളുടെ തല്‍സമയസംപ്രേക്ഷണത്തിനുള്ള ക്രമീകരണവും ഒരുക്കിയിട്ടുണ്ട്. നാളെ തിരുകര്‍മങ്ങളിലും വൈകുന്നേരത്തെ പൊതുസമ്മേളനത്തിലും അന്‍പതിനായിരത്തോളം പേരെയാണു പ്രതീക്ഷിക്കുന്നത്.

അരുളിക്കയില്‍ തിരുശേഷിപ്പായി ചാവറയച്ചന്റെ മുടി

ഏറ്റുമാനൂര്‍: മാന്നാനം ആശ്രമ ദേവാലയത്തിനു സമീപമുള്ള ചാവറ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന അപൂര്‍വ തിരുശേഷിപ്പ് വണങ്ങാന്‍ വിശ്വാസികളുടെ തിരക്ക്. ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ തലമുടിയുടെ ഏതാനും ഭാഗങ്ങളാണ് സ്വര്‍ണനൂലില്‍ ബന്ധിച്ച് അരുളിക്കയില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്.
ചാവരുള്‍ വീണ്ടും ചാവറയച്ചനിലൂടെ കേള്‍ക്കാന്‍ അവസരം !

കോട്ടയം: ഒരു കുടുംബം ആചരിക്കേണ്ട കടമകളെക്കുറിച്ചും മക്കളെ വളര്‍ത്തേണ്ട രീതിയെക്കുറിച്ചും ചാവറയച്ചന്‍ പഠിപ്പിച്ച ചാവരുളുകള്‍ വീണ്ടും ചാവറയച്ചനിലൂടെതന്നെ കേള്‍ക്കാന്‍ അവസരം. വാക്കുകള്‍ക്കനുസരിച്ചു ചുണ്ടുകളും തലയും ചലിപ്പിച്ചും ഇടയ്ക്കു കണ്ണുകളടച്ചും ചാവരുളുകള്‍ ഉപദേശിക്കുന്ന രീതിയിലാണ് ചാവറയച്ചന്‍ സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്നത്. ചാവറയച്ചന്റെ വെബ്സൈറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട് 10 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന കോട്ടയത്തെ ബ്രൌസ് ടെക്നോളജീസിന്റെ ഡയറക്ടര്‍ ജോസഫ് പന്തപ്ളാക്കലും സംഘവുമാണ് ആധുനിക സാങ്കേതിക വിദ്യകളിലൂടെ സംസാരിക്കുന്ന ചാവറയച്ചനെ വീണ്ടും സ്ക്രീനില്‍ അവതരിപ്പിക്കുന്നത്.

ചാവറയച്ചന്റെയും എവുപ്രാസ്യമ്മയുടെയും വിശുദ്ധപദ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് മാന്നാനത്ത് ഇന്നും നാളെയും നടക്കുന്ന ആഘോഷപരിപാടികള്‍ക്കിടയിലാണു ചാവറയച്ചനിലൂടെ ചാവരുളുകള്‍ വീണ്ടും കേള്‍ക്കാന്‍ അവസരമുള്ളത്. ഇന്നു വൈകുന്നേരവും നാളെയും ഷോര്‍ട്ട് സര്‍ക്യൂട്ട് ടിവികളിലൂടെ പരിപാടി പ്രദര്‍ശിപ്പിക്കും.

അല്‍ഫോന്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ച വേളയില്‍ ഭരണങ്ങാനത്ത് നടന്ന ആഘോഷപരിപാടികളില്‍ ബ്രൌസ് ടെക്നോളജീസ്, അല്‍ഫോന്‍സാമ്മ സംസാരിക്കുന്ന വിധത്തില്‍ അവതരിപ്പിച്ച ദൃശ്യങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സംസാരിക്കുന്ന ചാവറയച്ചനെ രൂപകല്പന ചെയ്ത സംഘത്തില്‍ റീജോ ജോര്‍ജ്, രാഖി, സൂസന്‍, ഡിബിന്‍ തുടങ്ങിയവരും അംഗങ്ങളാണ്.

വത്തിക്കാനില്‍ അടിയന്തര ചികിത്സാസഹായത്തിനു ക്രമീകരണം

റോം: ചാവറയച്ചനെയും എവുപ്രാസ്യമ്മയെയും വിശുദ്ധരായി പ്രഖ്യാപിക്കുന്ന വത്തിക്കാനിലെ ചടങ്ങുകളില്‍ പങ്കെടുക്കുന്നവരില്‍ അടിയന്തര ചികിത്സാസഹായം വേണ്ടിവരുന്നവരെ ശുശ്രൂഷിക്കാന്‍ ആലപ്പുഴയില്‍നിന്നു വന്ന കാര്‍ഡിയോളജിസ്റ് ഡോ. പൌലോസ് പോത്തന്‍ സന്മനസ് കാണിച്ചിട്ടുണ്ട്. ഡോക്ടറെ അടിയന്തരഘട്ടങ്ങളില്‍ ബന്ധപ്പെടാന്‍ സന്നദ്ധസംഘടനയിലുള്ളവര്‍ സഹായിക്കും.

ഫാ. ജിനു തെക്കേത്തല ഫോണ്‍: 0039-3345413243, സജി തട്ടില്‍ ഫോണ്‍: 0039-3888972126, തോമസ് ഇരുമ്പന്‍ ഫോണ്‍: 0039-3292385643, കുര്യന്‍ തെക്കല്‍ ഫോണ്‍: 0039-3477165585, ജോര്‍ജ് റപ്പായി ഫോണ്‍: 0039-3293936939.

കൈനകരി ആഘോഷത്തിമിര്‍പ്പില്‍

മങ്കൊമ്പ്: ചാവറയച്ചന്‍ വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നതിന്റെ ആഘോഷത്തിലും ആവേശത്തിലുമാണു കൈനകരി ഗ്രാമം. ചാവറയച്ചന്റെ ജന്മഗൃഹമായ ചാവറഭവനും സമീപദേശങ്ങളും വിശുദ്ധപദവി പ്രഖ്യാപനം ആഘോഷമാക്കാനുള്ള തയാറെടുപ്പിലാണ്.

വിശുദ്ധപദ പ്രഖ്യാപനത്തോടനുബന്ധിച്ച് രാവിലെ ഒമ്പതിനു ചാവറയച്ചന്റെ ജ്ഞാനസ്നാന ദേവാലയമായ ചേന്നങ്കരി സെന്റ് ജോസഫ് പള്ളിയില്‍ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം പത്തരയോടെ ജലഘോഷയാത്ര.

ജലഘോഷയാത്ര ധനമന്ത്രി കെ.എം. മാണി ഫ്ളാഗ് ഓഫ് ചെയ്യും. ചുണ്ടന്‍വള്ളങ്ങള്‍, ശിക്കാര വള്ളങ്ങള്‍, ബോട്ടുകള്‍, ചങ്ങാടം കെട്ടിയ വള്ളങ്ങള്‍ എന്നിവ ഘോഷയാത്രയില്‍ അണിനിരക്കും. നിശ്ചല ദൃശ്യങ്ങള്‍, ചെണ്ടമേളം, ബാന്‍ഡുമേളം എന്നിവ ഘോഷയാത്രയ്ക്കു മിഴിവേകും. 12.30ന് ഏലിയാസ് അച്ചന്റെ തിരുശേഷിപ്പുമായി കൊവേന്തയുമായി ചാവറ ജന്മഗൃഹത്തിലേക്ക് പ്രദക്ഷിണം. ഉച്ചയ്ക്ക് ഒന്നിന് നടക്കുന്ന സമാപന സമ്മേളനം.

തുടര്‍ന്ന് നേര്‍ച്ച ഭക്ഷണം. 3.30ന് വിശുദ്ധ കുര്‍ബാന, ആരാധന. നാളെ രാവിലെ 10ന് എസി റോഡിലെ കൈനകരി ചാവറ ജംഗ്ഷനില്‍ നിന്നും കൈനകരി ചാവറ ജന്മ ഗൃഹത്തിലേക്ക് ആലപ്പുഴ ഫൊറോന മതബോധന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ തീര്‍ഥാടന പദയാത്ര. രണ്ടിനു റോമില്‍ നടക്കുന്ന വിശുദ്ധപദ പ്രഖ്യാപന ചടങ്ങുകളുടെ തല്‍സമയ സംപ്രേഷണം. 4.30ന് കൃതജ്ഞത ബലി എന്നിങ്ങനെയാണ് ആഘോഷപരിപാടികള്‍ ക്രമീകരിച്ചിട്ടുള്ളത്.


പൂജ്യാവശിഷ്ടം എത്തിച്ച ചെമ്പുപേടകം മ്യൂസിയത്തില്‍

ഏറ്റുമാനൂര്‍: ചരിത്രത്തിന്റെ തിരുശേഷിപ്പെന്നോണം ചാവറയച്ചന്റെ ശരീരത്തിന്റെ പൂജ്യാവശിഷ്ടങ്ങള്‍ മാന്നാനത്തേക്കു കൊണ്ടുവന്ന ചെമ്പുപേടകം മാന്നാനം ചാവറ മ്യൂസിയത്തില്‍ സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നു. കൂനമ്മാവില്‍നിന്നും മാന്നാനത്തേക്കു കൊണ്ടുവന്ന ചാവറയച്ചന്റെ ഭൌതികാവശിഷ്ടങ്ങള്‍ അടക്കം ചെയ്ത ചെമ്പുപേടകം മ്യൂസിയത്തില്‍ ഭദ്രമായുണ്ട്.

1871 ജനുവരി മൂന്നിനു ദിവംഗതനായ ചാവറയച്ചന്റെ മൃതദേഹം പിറ്റേന്നാണു കൂനമ്മാവ് പള്ളിയില്‍ അടക്കം ചെയ്തത്. അവിടെനിന്നും 1889 മേയ് 24നു ഭൌതികാവശിഷ്ടങ്ങള്‍ ചെമ്പുപേടകത്തിലാക്കി മാന്നാനം ആശ്രമദേവാലയത്തില്‍ എത്തിച്ച് സംസ്കരിക്കുകയായിരുന്നു.

നാമകരണ നടപടികളുടെ ഭാഗമായി പുറത്തെടുത്ത ഭൌതികാവശിഷ്ടങ്ങള്‍ പിന്നീട് സ്റീല്‍ പേടകത്തിലാക്കിയാണ് സംസ്കരിച്ചത്. ഇതോടെ ചെമ്പുപേടകം ഇവിടെ ഭദ്രമായി സൂക്ഷിച്ചുപോന്നു.

ചാവറയച്ചനെ സുറിയാനി സഭയുടെ വികാരി ജനറാളായി നിയമിച്ചുകൊണ്ടു 1861ല്‍ നല്‍കിയ നിയമന പത്രികയും റോക്കോസ് ശീശ്മയെ സംബന്ധിച്ച് ഒമ്പതാം പീയൂസ് മാര്‍പാപ്പ 1861 സെപ്റ്റംബര്‍ അഞ്ചിനു അദ്ദേഹത്തിനെഴുതിയ കത്തും ചാവറയച്ചന്റെ സ്വന്തം കൈപ്പടയിലുള്ള കത്തും മ്യൂസിയത്തിലെ അമൂല്യ വസ്തുക്കളില്‍ പെടുന്നു. കൊവേന്ത സന്ദര്‍ശിക്കുന്ന മെത്രാന്‍മാര്‍ക്കു വിശ്രമിക്കുന്നതിനു ചാവറയച്ചന്‍ ഈട്ടിത്തടിയില്‍ പണികഴിപ്പിച്ച കട്ടിലും മ്യൂസിയത്തിലൂണ്ട്.

ചായക്കപ്പുകള്‍ കൊണ്ടുള്ള ചാവറയച്ചന്റെ ഛായാചിത്രം കൌതുകമായി

2014ിീ്ല22രവമ്മൃമബുശര.ഷുഴതൊടുപുഴ: വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ ഛായാചിത്രം ചായക്കപ്പുകള്‍ കൊണ്ട് ഒരുക്കിയത് വിസ്മയ കാഴ്ചയായി. ചാവറ ദിനാചരണത്തോടനുബന്ധിച്ചു കൊടുവേലി സാന്‍ജോ സിഎംഐ പബ്ളിക് സ്കൂളിലെ വിദ്യാര്‍ഥികളാണ് ചായക്കപ്പുകളില്‍ ചാവറയച്ചന്റെ ഛായാചിത്രം സൃഷ്ടിച്ചെടുത്തത്. പതിനായിരം കപ്പുകളാണ് നിര്‍മാണത്തിനായി ഉപയോഗിച്ചത്.

അറുനൂറ് ചതുരശ്ര അടിയിലധികം വലിപ്പമുള്ള ചിത്രമാണിത്. ഓരോ ചായക്കപ്പിലും വിവിധ നിറക്കൂട്ടുകള്‍ നിറച്ചാണു ചിത്രം തയാറാക്കിയത്. നൂറോളം വിദ്യാര്‍ഥികള്‍ ആറുണിക്കൂറിലധികം സമയമെടുത്താണ് ചിത്രം പൂര്‍ത്തിയാക്കിയത്. വിദ്യാര്‍ഥികളായ ജോസഫ് ജോര്‍ജ് കുന്നപ്പള്ളില്‍, കെ.പി കാവ്യ എന്നിവര്‍ നേതൃത്വം നല്‍കി.

നൂറോളം ചാവറ വേഷധാരികള്‍ അണിനിരന്ന ചാവറ പ്രച്ഛന്നവേഷമത്സരവും കവിയരങ്ങും ചാവറദിനാചരണത്തോടനുബന്ധിച്ചു സംഘടിപ്പിച്ചിരുന്നു.

ചാവറയച്ചന്റെ വിശുദ്ധ പദവി പ്രഖ്യാപനം: കൂനമ്മാവില്‍ നാളെ ആഘോഷം

കൊച്ചി: വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ വിശുദ്ധ പദവി പ്രഖ്യാപന ആഘോഷങ്ങള്‍ക്ക് ചാവറയച്ചന്റെ ജീവിതവുമായി അഭേദ്യമായി ബന്ധപ്പെട്ട കൂനമ്മാവില്‍ അദ്ദേഹത്തിന്റെ ആദ്യ കബറിടം സ്ഥിതി ചെയ്യുന്ന സെന്റ് ഫിലോമിനാസ് ദേവാലയത്തില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ വരാപ്പുഴ അതിരൂപത വികാരി ജനറല്‍ മോണ്‍. ജോസഫ് പടിയാരംപറമ്പില്‍, വൈസ് ചെയര്‍മാനും കൂനമ്മാവ് തീര്‍ഥാടനകേന്ദ്രം റെക്ടറുമായ ഫാ. ആന്റണി ചെറിയകടവില്‍, ജനറല്‍ കണ്‍വീനര്‍ ഫാ. മാര്‍ട്ടിന്‍ തൈപ്പറമ്പില്‍ എന്നിവര്‍ അറിയിച്ചു.

ചാവറയച്ചന്‍ ജീവിതത്തിന്റെ അവസാന ഏഴുവര്‍ഷം സേവനം അനുഷ്ഠിച്ചത് കൂനമ്മാവിലാണ്. വാഴ്ത്തപ്പെട്ട എവുപ്രാസ്യമ്മയും വര്‍ഷങ്ങളോളം കൂനമ്മാവില്‍ കഴിഞ്ഞു. കൂനമ്മാവിലേക്ക് നാടെമ്പാടുനിന്നും ഭക്തസഹസ്രങ്ങള്‍ ഒഴുകുകയാണെന്നു ഫാ. ചെറിയകടവില്‍ പറഞ്ഞു.

നാളെ വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ചാവറയച്ചനെയും എവുപ്രാസ്യമ്മയെയും വിശുദ്ധരായി പ്രഖ്യാപിക്കുന്ന അതേ സമയത്തുതന്നെയാണ് വരാപ്പുഴ അതിരൂപതാ തലത്തില്‍ ചാവറ കുര്യാക്കോസ് തീര്‍ഥാടനകേന്ദ്രമായി പ്രഖ്യാപിച്ച കൂനമ്മാവ് ദേവാലയത്തില്‍ വിപുലമായ ആഘോഷങ്ങള്‍ നടക്കുന്നത്. നാളെ മൂന്നിന് വരാപ്പുഴ അതിരൂപതയിലെ എല്ലാ ഇടവകകളില്‍ നിന്നുമുള്ള വിശ്വാസികള്‍ വൈദികരുടെയും അല്മായ നേതാക്കളുടേയും നേതൃത്വത്തില്‍ കൊങ്ങോര്‍പ്പിള്ളി, കൊച്ചാല്‍, തേവര്‍കാട് എന്നീ കേന്ദ്രങ്ങളില്‍ ഒത്തുകൂടി ഒരേ സമയം കൂനമ്മാവ് സെന്റ് ഫിലോമിനാസ് ദേവാലയത്തിലേക്ക് തീര്‍ഥാടന പദയാത്ര ആരംഭിക്കും.

തീര്‍ഥാടകരുടെ പദയാത്ര പള്ളിയുടെ പ്രധാന കവാടത്തിലെത്തുമ്പോള്‍ അവിടെ 18 അടി വലിപ്പത്തില്‍ സ്ഥാപിച്ചിരിക്കുന്ന വിശുദ്ധ ചാവറയച്ചന്റെ പൂര്‍ണകായ പ്രതിമ കോട്ടപ്പുറം ബിഷപ് ഡോ. ജോസഫ് കാരിക്കശേരി ആശീര്‍വദിക്കും. വത്തിക്കാനില്‍ നിന്നുള്ള വിശുദ്ധപദവി പ്രഖ്യാപന തിരുക്കര്‍മങ്ങളുടെ തത്സമയ സംപ്രേഷണം അപ്പോള്‍ തന്നെ എല്ലാവര്‍ക്കും കാണാനും കേള്‍ക്കാനുമായി ദേവാലയ അങ്കണത്തില്‍ വിവിധ ഭാഗങ്ങളില്‍ എല്‍ഇഡി സ്ക്രീനുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

വിശുദ്ധന്റെ പ്രതിമ അനാച്ഛാദനത്തെ തുടര്‍ന്ന് ബിഷപ്പുമാരും വൈദികരും വിശിഷ്ടാതിഥികളും ദേവാലയത്തില്‍ വിശുദ്ധ ചാവറയച്ചന്റെ കബറിടത്തിങ്കല്‍ പുഷ്പാര്‍ച്ചന നടത്തും. തുടര്‍ന്ന് കൃതജ്ഞതാബലിയില്‍ കൊച്ചി ബിഷപ് ഡോ. ജോസഫ് കരിയില്‍ മുഖ്യകാര്‍മികനായിരിക്കും. കണ്ണൂര്‍ ബിഷപ് ഡോ. അലക്സ് വടക്കുംതല വചനസന്ദേശം നല്‍കും. ചാവറ കുര്യാക്കോസച്ചന്റെ കാശുരൂപം ആശീര്‍വാദവും വിതരണവും മോണ്‍. ജോസഫ് പടിയാരംപറമ്പില്‍ നിര്‍വഹിക്കും. തുടര്‍ന്ന് വിശുദ്ധ ചാവറയച്ചന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ട് ദേവാലയത്തിനു ചുറ്റും പ്രദക്ഷിണമുണ്ടാകും. ചാവറയച്ചനെ വിശുദ്ധനായി പ്രഖ്യാപിച്ചശേഷം വിശുദ്ധന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ട് ലോകത്ത് ആദ്യമായി നടക്കുന്ന പ്രദക്ഷിണമായിരിക്കും ഇത്. ആയിരങ്ങള്‍ പ്രദക്ഷിണത്തില്‍ പങ്കെടുക്കും. സ്നേഹവിരുന്നോടെ ആഘോഷങ്ങള്‍ സമാപിക്കും. വിശുദ്ധപദവി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് വത്തിക്കാനില്‍ നടക്കുന്ന എല്ലാ തിരുക്കര്‍മ്മങ്ങളിലും വരാപ്പുഴ മെത്രാപ്പോലിത്ത ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ പങ്കെടുക്കുന്നുണ്ട്.

തീര്‍ഥാടകര്‍ക്കായി 25,000 പേര്‍ക്ക് ഇരിക്കാവുന്ന പടുകൂറ്റന്‍ പന്തലാണ് കൂനമ്മാവ് സെന്റ് ഫിലോമിനാസ് ദേവാലയാങ്കണത്തില്‍ ഒരുക്കിയിട്ടുള്ളത്. ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ കൂനമ്മാവിലെത്തുന്നവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സൌകര്യം ഒരുക്കിയിട്ടുണ്ട്. വിശ്വാസികളെ കൊണ്ടുവരുന്ന വാഹനങ്ങള്‍ ദേവാലയത്തിനു മുന്നിലും സമീപത്തുമുള്ള ഗ്രൌണ്ടിലും പാര്‍ക്കു ചെയ്യണം. സ്കൂളിന്റെ വടക്കു ഭാഗത്തുള്ള ഗേറ്റിലൂടെയാണ് വാഹനങ്ങള്‍ പ്രവേശിക്കേണ്ടത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.