എന്‍സിസി വിദ്യാര്‍ഥി വെടിയേറ്റു മരിച്ച സംഭവം : അന്വേഷണ റിപ്പോര്‍ട്ട് ഒരു മാസത്തിനകം
Sunday, November 23, 2014 11:47 PM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: കണ്ണൂര്‍ കൂത്തുപറമ്പില്‍ എന്‍സിസി പരിശീലനത്തിനിടയില്‍ കോഴിക്കോട് സ്വദേശി എം. അനസ് വെടിയേറ്റു മരിച്ചതുമായി ബന്ധപ്പെട്ട വകുപ്പുതല അന്വേഷണം അവസാനഘട്ടത്തിലെന്ന് എന്‍സിസി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ബി. ചക്രവര്‍ത്തി.

അന്വേഷണ സംഘം ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കുമെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ പരിശീലനത്തില്‍ ആവശ്യമായ മാറ്റം വരുത്തുമെന്ന് സംഭവവുമായി ബന്ധപ്പെട്ടു മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടിയായി അദ്ദേഹം അറിയിച്ചു.

എന്‍സിസിയുടെ വാര്‍ഷികാഘോഷം ഇന്നു മുതല്‍ 25 വരെ നടക്കും. ഇന്നു രാവിലെ ഏഴിനു കവടിയാര്‍ സ്ക്വയര്‍ മുതല്‍ പാളയം രക്തസാക്ഷി മണ്ഡപം വരെ കൂട്ടയോട്ടം നടത്തും. രക്തദാനം, ട്രാഫിക് ബോധവത്കരണം, വൃക്ഷ തൈ നടീല്‍, സ്ത്രീധന വിരുദ്ധ പ്രതിജ്ഞ, നേത്രദാന പ്രതിജ്ഞ എന്നിവ എടുക്കും. 25നു വൈകുന്നേരം 4.30ന് പാങ്ങോട് ആര്‍മി ഗ്രൌണ്ടില്‍ എന്‍സിസി കേഡറ്റുകളുടെ കുതിര സവാരിയും പ്രകടനവും നടക്കും. വൈകുന്നേരം ആറിനു പാങ്ങോട് കരിയപ്പ ഓഡിറ്റോറിയത്തില്‍ നടക്കുന്ന എന്‍സിസി ദിനാഘോഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും.


അടുത്ത റിപ്പബ്ളിക് ദിനാഘോഷത്തില്‍ പങ്കെടുക്കുന്ന 110 കേഡറ്റുകളുടെ പരിശീലനം പാങ്ങോട് നടന്നുവരുന്നു. എവറസ്റ് കയറുന്നതിനായി കേരളത്തില്‍ നിന്നു രണ്ടു കേഡറ്റുകള്‍ക്ക് അവസരം ഒരുക്കും. ഇതിനായി രണ്ടു വര്‍ഷം നീളുന്ന മൌണ്ടന്‍ പരിശീലനം നല്‍കും.

എന്‍സിസിയുടെ മൂന്നാംഘട്ട വിപുലീകരണത്തിന്റെ ഭാഗമായി ലക്ഷദ്വീപില്‍ നേവല്‍ യൂണിറ്റും കണ്ണൂരില്‍ ഗ്രൂപ്പ് ഹെഡ്ക്വാര്‍ട്ടേഴ്സും കാസര്‍ഗോഡ്, വയനാട്, ഇടുക്കി എന്നിവിടങ്ങളില്‍ ആര്‍മി യൂണിറ്റും സ്ഥാപിക്കുന്നതിനാവശ്യമായ ഭൂമി വിട്ടുനല്‍കാമെന്നു സംസ്ഥാന സര്‍ക്കാര്‍ തത്ത്വത്തില്‍ അറിയിച്ചിട്ടുണ്ട്. ഇതോടൊപ്പം പയ്യന്നൂര്‍ ആസ്ഥാനമാക്കി നേവല്‍ യൂണിറ്റ് കൂടി സ്ഥാപിക്കാന്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്തെ നേവല്‍ യൂണിറ്റുകളുടെ എണ്ണം ആറായി ഉയരുമെന്നും ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ എന്‍. സനല്‍കുമാര്‍, ഡയറക്ടര്‍ കേണല്‍ പി.ജി. കൃഷ്ണ എന്നിവര്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.