സൂരജ് വിഷയത്തില്‍ ലീഗിനു പരാതിയില്ലെന്നു പി.പി. തങ്കച്ചന്‍
സൂരജ് വിഷയത്തില്‍ ലീഗിനു പരാതിയില്ലെന്നു പി.പി. തങ്കച്ചന്‍
Sunday, November 23, 2014 12:01 AM IST
കൊച്ചി: പൊതുമരാമത്തുമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അറിയാതെ വകുപ്പു സെക്രട്ടറിക്കെതിരേ വിജിലന്‍സ് നടപടി കൈക്കൊണ്ടതില്‍ മുസ്ലിം ലീഗിന്റെ ഭാഗത്തുനിന്ന് ഒരു ആക്ഷേപവും ഉണ്ടായിട്ടില്ലെന്നു യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍. ടി.ഒ.സൂരജിനെതിരേ നടന്ന വിജിലന്‍സ് റെയ്ഡ് സംബനധിച്ച് ഒരു ചര്‍ച്ചയും യോഗത്തിലുണ്ടായിട്ടില്ല. അഴിമതിക്കെതിരേ യുഡിഎഫ് എക്കാലവും ശക്തമായ നടപടിയാണു സ്വീകരിച്ചുവരുന്നത്. അത് ഉദ്യോഗസ്ഥ തലത്തിലായാലും രാഷ്ട്രീയ നേതൃത്വത്തില്‍നിന്നായാലും ഒരേ തരത്തിലായിരിക്കും സമീപനം. അങ്ങനെതന്നെ മുന്നോട്ടുപോകും-യുഡിഎഫ് തീരുമാനം വിശദീകരിച്ച് അദ്ദേഹം പറഞ്ഞു.

പഞ്ചായത്ത് വിഭജനത്തില്‍ കെ.പി.എ. മജീദ് തലവനായ യുഡിഎഫ് സബ് കമ്മിറ്റി അന്തിമതീരുമാനം കൈക്കൊള്ളും. 53 പഞ്ചായത്തുകള്‍ വിഭജിക്കാനായാണു സര്‍ക്കാര്‍ പട്ടിക തയാറാക്കിയിരിക്കുന്നത്. ഡിസംബര്‍ എട്ടിനു തിരുവനന്തപുരത്താണു സബ്കമ്മിറ്റി. ഭൂമിക്കുള്ള ന്യായവില നിശ്ചയിച്ചതു പുനഃപരിശോധിക്കണമെന്നും കെട്ടിടനികുതിയുടെ കാര്യത്തില്‍ പുനഃപരിശോധന ആവശ്യമാണെന്നും നെല്‍വയല്‍ സംരക്ഷണ നിയമത്തില്‍ ചില ഭേദഗതി വേണമെന്നുമുള്ള നിര്‍ദേശങ്ങള്‍ യോഗത്തില്‍ ഉണ്ടായി. ഇക്കാര്യങ്ങള്‍ അടുത്ത യുഡിഎഫ് യോഗം ചര്‍ച്ച ചെയ്യും. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളപരിഷ്കരണ റിപ്പോര്‍ട്ട് എത്രയും വേഗം തയാറാക്കി നല്‍കാനുള്ള നടപടി വേണം.

സൌഹാര്‍ദപരമായ ചര്‍ച്ചകളാണു യോഗത്തില്‍ ഉണ്ടായത്. കേരള കോണ്‍ഗ്രസ്-എമ്മിന്റെ ഭാഗത്തുനിന്നോ മുസ്ലിം ലീഗിന്റെ ഭാഗത്തുനിന്നോ ഒരുതരത്തിലുമുള്ള അതൃപ്തിയും അറിയിച്ചിട്ടില്ല. പി.സി. ജോര്‍ജ് മുഖ്യമന്ത്രിയെക്കുറിച്ച് ആരോപണം ഉന്നയിക്കുന്നതില്‍ ആത്മാര്‍ഥതയുണ്െടങ്കില്‍ അത് ഉന്നയിക്കേണ്ടതു യുഡിഎഫ് യോഗത്തിലാണ്. ഈ യോഗത്തില്‍ അതുണ്ടായില്ലെന്നും പുറത്തുപറഞ്ഞതു കാര്യമാക്കുന്നില്ലെന്നും തങ്കച്ചന്‍ പറഞ്ഞു. സൂരജ്വിഷയത്തില്‍ ഒരുതരത്തിലുള്ള ആക്ഷേപവും പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ഭാഗത്തുനിന്നോ കെ.പി.എ. മജീദിന്റെ ഭാഗത്തുനിന്നോ ഉണ്ടായിട്ടില്ല. മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ഇതു സംബന്ധിച്ചു പുറത്തു പറഞ്ഞത്, നടപടിയെടുക്കുന്ന കാര്യം സ്വാഭാവികമായി തന്നോടു പറയാമായിരുന്നു എന്ന അര്‍ഥത്തിലാവണം.


സര്‍ക്കാരിനു സാമ്പത്തിക ബുദ്ധിമുട്ടുണ്ട്; എന്നാല്‍, സാമ്പത്തിക പ്രതിസന്ധിയില്ലെന്നു തങ്കച്ചന്‍ പറഞ്ഞു. സപ്ളൈകോ വഴി വിതരണം ചെയ്യുന്ന ഉത്പന്നങ്ങളുടെ വില സാധാരണക്കാര്‍ക്കു ബുദ്ധിമുട്ടില്ലാത്ത നിലയിലേക്കു കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. നെല്ലുസംഭരണവുമായി ബന്ധപ്പെട്ടു സിവില്‍ സപ്ളൈസ് കോര്‍പറേഷനു സര്‍ക്കാര്‍ കൊടുക്കേണ്ട ഭീമമായ കുടിശിക എത്രയും പെട്ടെന്നു നല്‍കണം. അടുത്ത യുഡിഎഫ് യോഗം ഡിസംബര്‍ 15ന് തിരുവനന്തപുരത്തു ചേരും. യുഡിഎഫ് ഏകോപനസമിതി യോഗത്തില്‍ മുതിര്‍ന്ന നേതാക്കളില്‍ എം.പി. വീരേന്ദ്രകുമാറും ആര്‍. ബാലകൃഷ്ണപിള്ളയും ഒഴികെയുള്ള എല്ലാവരും സംബന്ധിച്ചു. രണ്ടു നേതാക്കളെയും പ്രതിനിധീകരിച്ച് ഇരു പാര്‍ട്ടികളുടെയും ഭാരവാഹികള്‍ സംബന്ധിച്ചിരുന്നതായി തങ്കച്ചന്‍ അറിയിച്ചു. മദ്യനയവുമായി ബന്ധപ്പെട്ട ചര്‍ച്ച നടക്കുന്ന യോഗമായതിനാല്‍ വകുപ്പുമന്ത്രി കെ. ബാബുവിനെ പ്രത്യേക ക്ഷണിതാവായി യോഗത്തില്‍ പങ്കെടുപ്പി ച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.