ഇടിച്ചിട്ട ടിപ്പറിന്റെ ചക്രം കയറി സ്കൂട്ടര്‍ യാത്രക്കാരി മരിച്ചു
ഇടിച്ചിട്ട ടിപ്പറിന്റെ ചക്രം കയറി  സ്കൂട്ടര്‍ യാത്രക്കാരി മരിച്ചു
Sunday, November 23, 2014 11:35 PM IST
ചങ്ങനാശേരി: ഇടിച്ചിട്ട മിനി ടിപ്പര്‍ തലയിലൂടെ കയറി സ്കൂട്ടര്‍ യാത്രിക ദാരുണമായി മരിച്ചു. തൃക്കൊടിത്താനം അയര്‍ക്കാട്ടുവയല്‍ ചേരിക്കല്‍ ഭാഗത്ത് കണ്ടത്തില്‍പ്പറമ്പില്‍ സുനിലിന്റെ ഭാര്യ ആന്‍സമ്മ(35)യാണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് 12.30ന് ചങ്ങനാശേരി- വാഴൂര്‍ റോഡില്‍ ചൂളപ്പടിയിലാണ് അപകടം. അയര്‍ക്കാട്ടുവയലിലുള്ള വീട്ടില്‍നിന്നു കടമാഞ്ചിറ റോഡിലൂടെ ചങ്ങനാശേരിയിലേക്കു വരുന്നതിനായി ചൂളപ്പടി ജംഗ്ഷനിലേക്കു പ്രവേശിക്കുമ്പോള്‍ ആന്‍സമ്മ സഞ്ചരിച്ചിരുന്ന സ്കൂട്ടറില്‍ കുരിശുംമൂട് ഭാഗത്തുനിന്നു വന്ന മിനി ടിപ്പര്‍ ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്കു തെറിച്ചുവീണ ആന്‍സമ്മയുടെ തലയിലൂടെ ഇതേ ടിപ്പറിന്റെ പിന്‍ചക്രം കയറിയിറങ്ങിയാണ് അപകടം.

ഒഴുകിപ്പരന്ന ചോരയില്‍ കിടന്ന മൃതദേഹം ചങ്ങനാശേരി പോലീസെത്തി ജനറല്‍ ആശുപത്രിയിലെത്തിച്ചു. ജനറല്‍ ആശുപത്രിയില്‍ പോസ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. വീടിനോടു ചേര്‍ന്നു പലചരക്ക് സ്റേഷനറി വ്യാപാര സ്ഥാപനം നടത്തുന്ന ആന്‍സമ്മ ചങ്ങനാശേരി മാര്‍ക്കറ്റില്‍ സാധനങ്ങള്‍ വാങ്ങാനായി പോകുന്നതിനിടെയാണു ദുരന്തം. അപകടത്തെത്തുടര്‍ന്നു റെയില്‍വേ സ്റേഷന്‍ മുതല്‍ കുരിശുംമൂട് വരെ അരമണിക്കൂറോളം തടസപ്പെട്ട ഗതാഗതം പോലീസെത്തിയാണു പരിഹരിച്ചത്.


ആന്‍സമ്മയുടെ ഭര്‍ത്താവ് സുനിലിനു ദുബായിയില്‍ ജോലിയാണ്. അവധിക്കു നാട്ടിലുണ്ടായിരുന്ന സുനില്‍ കഴിഞ്ഞ ഒരു മാസം മുമ്പാണു ദുബായിയിലേക്കു മടങ്ങിയത്. സുനില്‍ എത്തിയ ശേഷമായിരിക്കും സംസ്കാരം. മക്കള്‍: ജീവന്‍(എഴ്), ജിസ(അഞ്ച്), ജോയല്‍(മൂന്ന്).

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.