ആകാശദൂതിനു സൌന്ദര്യമേകിയ മാന്നാനംകുന്ന്
ആകാശദൂതിനു സൌന്ദര്യമേകിയ മാന്നാനംകുന്ന്
Sunday, November 23, 2014 12:09 AM IST
കോട്ടയം: ചാവറയച്ചന്റെ പാദസ്പര്‍ശം പതിഞ്ഞ മാന്നാനം കുന്നിന്റെ വശ്യമായ സൌന്ദര്യം കണ്ടാണു മാന്നാനത്ത് ആകാശദൂത് സിനിമ ചിത്രീകരിക്കാന്‍ എത്തിയതെന്ന് സംവിധായകന്‍ സിബി മലയില്‍. മാന്നാനം ആശ്രമ ദേവാലയം, പള്ളിയിലേക്കുള്ള നടകള്‍, കവാടത്തിലെ മനോഹരമായ ആര്‍ച്ച്, ചരിത്രസ്മാരകങ്ങള്‍, സിഎംഐ സന്യാസഭവനം എന്നിവ തികഞ്ഞ ക്രിസ്തീയ പശ്ചാത്തലം നല്‍കുന്നതാണ്. കേരളത്തെ കണ്ണീരണിയിച്ച ചിത്രത്തിന്റെ സംവിധായകന്‍ പറഞ്ഞു.

മാന്നാനം പള്ളി മുറ്റത്തുനിന്നാല്‍ ആര്‍പ്പൂക്കര, ഏറ്റുമാനൂര്‍ പ്രദേശങ്ങളും താഴ്വാരങ്ങളിലെ തെങ്ങിന്‍തോപ്പുകളും നെല്‍പ്പാടങ്ങളും കാണാം. 1993ല്‍ ഡെന്നീസ് ജോസഫിന്റെ 'ആകാശദൂത്'തിരക്കഥ ലഭിച്ചപ്പോള്‍ സിനിമ കോട്ടയം മേഖലയില്‍ ചിത്രീകരിക്കണമെന്നു തീരുമാനിച്ചു. മാത്രവുമല്ല, നിര്‍മാതാക്കളായ പ്രേം പ്രകാശും തോമസും കോട്ടയം സ്വദേശികളുമായിരുന്നു. മാന്നാനം പള്ളിയില്‍ എത്തിയപ്പോള്‍ സിനിമയുടെ ക്ളൈമാക്സ് ഉള്‍പ്പെടെ പ്രധാന ഭാഗങ്ങള്‍ മാന്നാനം പള്ളിമുറ്റത്തുതന്നെ ചിത്രീകരിക്കാന്‍ ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു.


മുരളി, മാധവി, നെടുമുടി വേണു, ജോസ് പ്രകാശ്, സീനാ ആന്റണി തുടങ്ങിയവരായിരുന്നു പ്രധാന അഭിനേതാക്കള്‍. ആറു ദിവസത്തോളം മാന്നാനം പള്ളിമുറ്റത്തും ആശ്രമവളപ്പിലും സിനിമയുടെ പ്രധാന ഭാഗങ്ങള്‍ ചിത്രീകരിച്ചു. ഏതാനും ഭാഗങ്ങള്‍ അതിരമ്പുഴ ഫൊറോനാപള്ളിയിലും സെമിത്തേരിയിലുമായി ചിത്രീകരിച്ചിരുന്നു.

ആകാശദൂതിനായി ആര്‍പ്പൂക്കര മെഡിക്കല്‍ കോളജ് വളപ്പിലും പ്രത്യേകം സെറ്റ് തയാറാക്കിയിരുന്നു. ഇവിടെ നിന്നാല്‍ മാന്നാനം കുന്നും ആശ്രമ ദേവാലയവും മന്ദിരങ്ങളും മനോഹരമായ കാഴ്ചയാണ്. പ്രേക്ഷകര്‍ക്കു കാഴ്ചയുടെ വിരുന്നായി മാറിയ ആകാശദൂതിന്റെ വിജയത്തിനു പിന്നില്‍ മാന്നാനത്തിന്റെ പുണ്യം വലിയൊരു ഘടകമായതായി സിബി മലയില്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.