ബ്രദര്‍ ഫോര്‍ത്തുനാത്തൂസ് ഇനി ദൈവദാസന്‍
ബ്രദര്‍ ഫോര്‍ത്തുനാത്തൂസ് ഇനി ദൈവദാസന്‍
Sunday, November 23, 2014 12:10 AM IST
കട്ടപ്പന: താന്‍ ഏറെ സ്നേഹിച്ച, തന്നെ ഏറെ സ്നേഹിച്ച മണ്ണില്‍ ആയിരങ്ങളുടെ പ്രാര്‍ഥനാമന്ത്രങ്ങളുടെ അകമ്പടിയോടെ ബ്രദര്‍ ഫോര്‍ത്തുനാത്തൂസ് താന്‍ഹോയ്സര്‍ ദൈവദാസരുടെ ഗണത്തിലേക്കു പ്രവേശിച്ചു.

ഇന്ത്യയിലെ ഹോസ്പിറ്റലര്‍ സഭയുടെ പ്രവര്‍ത്തന ആരംഭകനും സിസ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് ജോണ്‍ ഓഫ് ഗോഡ് സന്യാസിനിസഭയുടെ സ്ഥാപകനുമായ ബ്രദര്‍ ഫോര്‍ത്തുനാത്തൂസിനെ ദൈവദാസനായി പ്രഖ്യാപിച്ചുകൊണ്ട് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ പുറപ്പെടുവിച്ച ഉത്തരവ് രൂപത ചാന്‍സലര്‍ റവ. ഡോ. കുര്യന്‍ താമരശേരി ഇന്നലെ ഉച്ചയ്ക്ക് 12-നു വായിച്ചപ്പോള്‍ വര്‍ഗ- വര്‍ണ ഭേദങ്ങളില്ലാതെ ‘വല്യച്ചന്റെ’ ധന്യസ്മരണയ്ക്കു മുന്നില്‍ ആയിരങ്ങള്‍ ശിരസു നമിച്ചു.

കട്ടപ്പന സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ രാവിലെ പത്തിന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കലിന്റെ മുഖ്യകാര്‍മികത്വത്തിലുള്ള കൃതജ്ഞതാബലിയോടെയായിരുന്നു ചടങ്ങുകളുടെ തുടക്കം.

തിരുവല്ല അതിരൂപത സഹായമെത്രാന്‍ ഫിലിപ്പോസ് മാര്‍ സ്തേഫാനോസ്, ഇടുക്കി രൂപത വികാരി ജനറാള്‍ മോണ്‍. ജയിംസ് മംഗലശേരി, ബ്രദേഴ്സ് ഓഫ് സെന്റ് ജോണ്‍ ഓഫ് ഗോഡ് ജനറല്‍ പോസ്റുലേറ്റര്‍ ഫാ. ഏലിയാസ് ട്രിപാള്‍ദി ഒഎച്ച്, കുറമ്പനാടം അസംപ്ഷന്‍ ചര്‍ച്ച് വികാരി ഫാ. ജോസഫ് കുറിഞ്ഞിപ്പറമ്പില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.

വിശുദ്ധ കുര്‍ബാനയുടെ ഒടുവിലായിരുന്നു ദൈവദാസന്‍ പ്രഖ്യാപനം. പ്രഖ്യാപനത്തെത്തുടര്‍ന്നു നാമകരണ കോടതിയുടെ സ്ഥാപനവും നടന്നു. നാമകരണ കോടതിയുടെ രക്ഷാധികാരിയായി മാര്‍ മാത്യു അറയ്ക്കല്‍, എപ്പിസ്കോപ്പല്‍ അധികാരിയായി ഫാ. ജയിംസ് തലച്ചെല്ലൂര്‍, പോസ്റുലേറ്ററായി സിസ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് ജോണ്‍ ഓഫ് ഗോഡ് സന്യാസിനി സഭാംഗമായ സിസ്റര്‍ ലില്ലി ട്രീസ, നോട്ടറിയായി സിസ്റര്‍ നിര്‍മല കുര്യാക്കോസ്, വൈസ്നോട്ടറിയായി സിസ്റര്‍ ആല്‍ഫി സെബാസ്റ്യന്‍ എന്നിവരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തുടര്‍ന്നു പള്ളിയില്‍നിന്നും ഘോഷയാത്രയായി സെന്റ് ജോണ്‍സ് ചാപ്പലില്‍ ദൈവദാസന്‍ ബ്രദര്‍ ഫോര്‍ത്തുനാത്തൂസിന്റെ കബറിടത്തില്‍ മാര്‍ മാത്യു അറയ്ക്കലിന്റെ കാര്‍മികത്വത്തില്‍ പ്രത്യേക പ്രാര്‍ഥനയും നടന്നു.


സെന്റ് ജോണ്‍സ് ഓഡിറ്റോറിയത്തില്‍ നടന്ന അനുസ്മരണസമ്മേളനം മാര്‍ മാത്യു അറയ്ക്കല്‍ ഉദ്ഘാടനംചെയ്തു. സെന്റ് ജോണ്‍ ഓഫ് ഗോഡ് ജനറല്‍ കൌണ്‍സിലര്‍ ബ്രദര്‍ റുഡോള്‍ഫ് ഷര്‍മ്മ ഒഎച്ച് അധ്യക്ഷത വഹിച്ചു. സെന്റ് ജോണ്‍ ഓഫ് ഗോഡ് ഇന്ത്യന്‍ പ്രൊവിന്‍ഷ്യല്‍ ബ്രദര്‍ യാങ്കാ ഷര്‍മ ഒഎച്ച് സ്വാഗതം ആശംസിച്ചു.

ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ മുഖ്യപ്രഭാഷണം നടത്തി. ജോയ്സ് ജോര്‍ജ് എംപി, റോഷി അഗസ്റിന്‍ എംഎല്‍എ, ഫാ. ജോസഫ് കുറിഞ്ഞിപ്പറമ്പില്‍, കട്ടപ്പന ഇമാം മുഹമ്മദ് റഫീക് അല്‍കൌസരി, മലനാട് എസ്എന്‍ഡിപി യൂണിയന്‍ മുന്‍ പ്രസിഡന്റ് സി.കെ. മോഹനന്‍, പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ ഫാ. ജോസ് പ്ളാച്ചിക്കല്‍, കട്ടപ്പന ഫൊറോന വികാരി ഫാ. അഗസ്റിന്‍ കാര്യപ്പുറം എന്നിവര്‍ പ്രസംഗിച്ചു. സിസ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ ജോണ്‍ ഓഫ് ഗോഡ് സുപ്പീരിയര്‍ ജനറല്‍ സിസ്റര്‍ വിമല ജോര്‍ജ് നന്ദിയും പറഞ്ഞു.

നേര്‍ച്ചഭക്ഷണത്തോടെ അനുസ്മരണസമ്മേളനം സമാപിച്ചു. ഫാ. ജോസ് പ്ളാച്ചിക്കല്‍, ബ്രദര്‍ ഫ്രാന്‍സിസ് മണ്ണാപറമ്പില്‍, ജോയി വെട്ടിക്കുഴി എന്നിവര്‍ ജനറല്‍ കണ്‍വീനര്‍മാരായുള്ള സമിതി പരിപാടികള്‍ക്കു നേതൃത്വം നല്‍കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.