കൂത്തുപറമ്പ് രക്തസാക്ഷികളോടു സിപിഎം മാപ്പു പറയണം: കോണ്‍ഗ്രസ്
Sunday, November 23, 2014 12:18 AM IST
കണ്ണൂര്‍: എം.വി. രാഘവന്റെ മരണശേഷം എംവിആര്‍ ഞങ്ങളുടെ കൂടെയാണെന്നു പ്രസംഗിക്കുന്ന സിപിഎം നേതാക്കള്‍ ആദ്യം കൂത്തുപറമ്പ് രക്തസാക്ഷി മണ്ഡപത്തിനു മുന്നില്‍ ചെന്നു മാപ്പു പറയുകയാണു ചെയ്യേണ്ടതെന്നു ഡിസിസി പ്രസിഡന്റ്് കെ.സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു. കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണ വാര്‍ഷികങ്ങളിലെല്ലാം എം.വി.ആറിനെ കൊലയാളി രാഘവനെന്നു വിശേഷിപ്പിക്കാറുണ്ടായിരുന്ന സിപിഎം നേതാക്കള്‍ അതു തെറ്റായിരുന്നുവെന്നു തുറന്നു സമ്മതിക്കണം.

എം.വി.ആര്‍ സിപിഎമ്മിന്റെ സ്വന്തക്കാരനാണെങ്കില്‍ കൂത്തുപറമ്പില്‍ രക്തസാക്ഷികളെ സൃഷ്ടിച്ചതിന്റെ ഉത്തരവാദിത്വം ഡിവൈഎഫ്ഐക്കു മാത്രമാണെന്നും സമ്മതിക്കണം. അഞ്ചു ചെറുപ്പക്കാരെ കൊലയ്ക്കു കൊടുത്തതിന്റെയും പുഷ്പനെന്ന ചെറുപ്പക്കാരനെ ജീവിക്കുന്ന രക്തസാക്ഷിയാക്കിയതിന്റെയും പൂര്‍ണമായ ഉത്തരവാദിത്വം ഏറ്റെടുത്തു വേണം ഇത്തവണ നവംബര്‍ 25ന് രക്തസാക്ഷിത്വദിനം ആചരിക്കാനെന്നും സുരേന്ദ്രന്‍ പറഞ്ഞു.


മരണശേഷം എം.വി.ആറിനോടുള്ള സിപിഎമ്മിന്റെ സ്നേഹത്തിനു പിന്നില്‍ എം.വി.ആര്‍ പടുത്തുയര്‍ത്തിയ സ്ഥാപനങ്ങളെ സ്വന്തമാക്കുകയെന്ന കച്ചവടതാത്പര്യമാണെന്ന് എല്ലാവര്‍ക്കുമറിയാം. സിപിഎം നേതാക്കളുടെ നിലപാടു മാറ്റത്തോടു കൂത്തുപറമ്പ് രക്തസാക്ഷിക്കുടുംബങ്ങളുടെയും ഡിവൈഎഫ്ഐ നേതൃത്വത്തിന്റെയും പ്രതികരണമറിയാന്‍ പൊതുസമൂഹത്തിനു താത്പര്യമുണ്െടന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.