വിവാദങ്ങളില്‍ കുടുങ്ങി യുഡിഎഫ്
വിവാദങ്ങളില്‍ കുടുങ്ങി യുഡിഎഫ്
Tuesday, November 25, 2014 12:11 AM IST
സാബു ജോണ്‍

തിരുവനന്തപുരം: ഒന്നിനു പിറകെ ഒന്നായി ഉയര്‍ന്നുവരുന്ന വിവാദങ്ങളില്‍ യുഡിഎഫ് രാഷ്ട്രീയം കുഴഞ്ഞുമറിയുന്നു. ബാര്‍ ലൈസന്‍സിലും ബാര്‍പൂട്ടലിലും തുടങ്ങിയ മുന്നണിക്കുള്ളിലെ പോരാട്ടം യുഡിഎഫിലെ പാര്‍ട്ടികള്‍ക്കുള്ളിലും പാര്‍ട്ടികള്‍ തമ്മിലും ചേരിതിരിവിനു വഴിതെളിച്ചിരിക്കുകയാണ്.

ഏറ്റവുമൊടുവില്‍ ബാറുകാരുടെ നോട്ടും വോട്ടും വേണ്െടന്ന കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്റെ പ്രസ്താവനയാണ് മുന്നണിക്കുള്ളില്‍ പുകിലായിരിക്കുന്നത്. മദ്യവര്‍ജനമല്ല, മദ്യനിരോധനമാണ് യുഡിഎഫിന്റെ നയമെന്നു സുധീരന്‍ വ്യക്തമാക്കിയ തോടെ കോണ്‍ഗ്രസ് നേതാക്കളും ഘടകകക്ഷികളില്‍പ്പെട്ട നേതാക്കളും സുധീരന്റെ പ്രസ്താവന യോടു വിയോജിച്ചുകൊണ്ടു രംഗത്തുവന്നു.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും സുധീരനോടു വിയോജിച്ചു. ആരുടെയും വോട്ട് വേണ്െടന്നു പറയില്ലെന്നായിരുന്നു കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി. സതീശന്റെ നിലപാട്. സുധീരന്റേതു വ്യക്തിപരമായ അഭിപ്രായമാണെന്ന് മന്ത്രി കെ. ബാബു അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ ലൈസന്‍സ് നല്‍കി മദ്യവ്യാപാരം നടത്തുന്നവരെ കളങ്കിതരെന്നു വിളിക്കുന്നതിന്റെ യുക്തിയും ബാബു ചോദ്യംചെയ്തു.

സുധീരന്റെ നിലപാട് അപക്വമാണെന്ന് കേരള കോണ്‍ഗ്രസ്-എം നേതാവ് ആന്റണി രാജു അഭിപ്രായപ്പെട്ടു. ആരുടെയെങ്കിലും വോട്ടു വേണ്െടന്നു പറയുന്നത് ജനാധിപത്യത്തോടുള്ള അവഹേളനമാണെന്ന് കേരള കോണ്‍ഗ്രസ് - ജേക്കബ് ചെയര്‍മാന്‍ ജോണി നെല്ലൂരും അഭിപ്രായപ്പെട്ടു.

ബാര്‍ ലൈസന്‍സ് പുതുക്കലിലും ബാര്‍ പൂട്ടലിലും തുടങ്ങിയ അഭിപ്രായവ്യത്യാസം മുന്നണിക്ക് ഇതുവരെ പരിഹരിക്കാന്‍ സാധിച്ചിട്ടില്ല. മദ്യത്തിനെതിരേ ശക്തമായ നിലപാടെടുത്തു എന്നു പറയുമ്പോള്‍തന്നെ ബാര്‍ പ്രശ്നം മുന്നണിക്കുള്ളില്‍ ശക്തമായ ചേരിതിരിവിനും അഭിപ്രായഭിന്നതയ് ക്കും രാഷ്ട്രീയ പ്രതിസന്ധിക്കും വരെ കാരണമായി എന്നതാണു വസ്തുത.

ബാര്‍പൂട്ടല്‍ നിയമപ്രശ്നമായി മാറിയതോടെ അടച്ചുപൂട്ടിയ ബാറുകളുടെ സ്ഥിതി എന്താകുമെന്ന് ആര്‍ക്കും തിട്ടമില്ലാത്ത സ്ഥിതിയാണിപ്പോള്‍. ബിയര്‍, വൈന്‍ പാര്‍ലറുകളുടെ ഭാവി സംബന്ധിച്ച തീരുമാനം ഇനിയും കൈക്കൊള്ളാന്‍ സാധിച്ചിട്ടുമില്ല. കഴിഞ്ഞ യുഡിഎഫ് യോഗത്തിലും ഇക്കാര്യത്തില്‍ തീരുമാനമായില്ല. സാമ്പത്തികവര്‍ഷത്തിന്റെ എട്ടുമാസം പിന്നിട്ടപ്പോഴും മദ്യത്തിന്റെ കാര്യത്തില്‍ സമ്പൂര്‍ണമായ നയം രൂപീകരിക്കാന്‍ സര്‍ക്കാരിനു സാധിച്ചിട്ടില്ല.

ബാര്‍ പ്രശ്നത്തില്‍ നേതാക്കളും പാര്‍ട്ടികളും തമ്മില്‍ പോരടിക്കുമ്പോള്‍ ബാര്‍ പൂട്ടുന്നതിനുള്ള തീരുമാനത്തിന്റെ ശോഭതന്നെയാണു നഷ്ടപ്പെടുന്നത്. ഇതിന്റെ പേരില്‍ യുഡിഎഫിനുണ്ടാകുമെന്നു യുഡിഎഫ് കേന്ദ്രങ്ങള്‍ അവകാശപ്പെട്ടിരുന്ന രാഷ്ട്രീയനേട്ടം ഇല്ലാതാകുകയാണു വിവാദങ്ങളിലൂടെ.

ബാര്‍ കോഴ ആരോപണം സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചുലച്ചെങ്കിലും മുന്നണി ഒറ്റക്കെട്ടായി ധനമന്ത്രി കെ.എം. മാണിക്കു പിന്നില്‍ അണിനിരന്നു. എങ്കിലും ഈ പ്രശ്നത്തിന്റെ പേരില്‍ മുന്നണിക്കുള്ളില്‍ അവിശ്വാസത്തിന്റെ അന്തരീക്ഷം നിലനില്‍ക്കുന്നു. അതു പരിഹരിക്കുക എളുപ്പവുമാകില്ല. അതുപോലെതന്നെ ഐഎഎസ് ഉദ്യോഗസ്ഥന്‍ ടി.ഒ. സൂരജിനെതിരേയുള്ള വിജിലന്‍സ് റെയ്ഡ് മുസ്ലിം ലീഗിനെതിരേയുള്ള നീക്കമെന്ന നിലയില്‍ വ്യാഖ്യാനിക്കപ്പെട്ടു. ലീഗ് നേതാക്കള്‍ ഇതു പുറമേ സമ്മതിക്കുന്നില്ലെങ്കിലും ലീഗിലും അസ്വസ്ഥതയുണ്ട്.


രാഷ്ട്രീയസാഹചര്യങ്ങള്‍ ഇങ്ങനെ സങ്കീര്‍ണമായി നില്‍ക്കുമ്പോള്‍ പല ഭരണനടപടികളും വിവാദമാകുകയാണ്. ഇതും സര്‍ക്കാരിന്റെ പ്രതിച്ഛായയെ സാരമായി ബാധിക്കുന്ന തലത്തിലേക്കു മാറിയിട്ടുമുണ്ട്. പ്ളസ് ടു ബാച്ചുകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ക്കൊടുവില്‍ സര്‍ക്കാരിന്റെ ലിസ്റ് കോടതി തള്ളി. പ്ളസ് ടു അനുവദിക്കപ്പെട്ട നിരവധി സ്കൂളുകള്‍ക്ക് അതു നിഷേധിക്കപ്പെട്ട സാഹചര്യമുണ്ടായി. ഒടുവില്‍ കോടതി പറഞ്ഞ വഴിക്കു സര്‍ക്കാര്‍ എത്തി. ഫ്ളക്സ് നിരോധിച്ചുകൊണ്ടു മന്ത്രിസഭ തീരുമാനമെടുത്തെങ്കിലും പിന്നീട് അതില്‍നിന്നു പിന്‍വാങ്ങേണ്ടി വന്നു. ആലോചനയില്ലാത്ത തീരുമാനമെന്ന നിലയില്‍ അതു വിമര്‍ശിക്കപ്പെടുകയും ചെയ്തു.

സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി വെള്ളക്കരവും നികുതിയുമെല്ലാം വര്‍ധിപ്പിച്ചെങ്കിലും അതില്‍ പലതും കുറയ്ക്കേണ്ടതായി വന്നു.

ബന്ധുക്കള്‍ തമ്മിലുള്ള വസ്തു ഇടപാടുകളിലുള്ള നിരക്കുകള്‍ വര്‍ധിപ്പിച്ചുകൊണ്ട് ഓര്‍ഡിനന്‍സ് ഇറക്കിയ സര്‍ക്കാര്‍ ഡിസംബര്‍ ഒന്നിന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ഇതു പഴയ നിരക്കിലേക്കു കൊണ്ടുപോകുവാന്‍ ബില്‍ കൊണ്ടുവരികയാണ്. എത്രയോ വര്‍ഷങ്ങളായി കാര്യമായ ആക്ഷേപങ്ങളില്ലാതെ നടന്നു വന്ന സ്കൂള്‍ കായികമേള ഇക്കുറി ആകെ അനിശ്ചിതത്വത്തിലാണ്. കായികാധ്യാപകരുമായുള്ള പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കാന്‍ വിദ്യാഭ്യാസ വകുപ്പിന് ഇത്രനാളായിട്ടും സാധിച്ചിട്ടില്ല.

തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് ഇനി ഒരു വര്‍ഷം തികച്ചില്ല. അതു കഴിഞ്ഞാല്‍ മാസങ്ങള്‍ക്കകം നിയമസഭാ തെരഞ്ഞെടുപ്പും വരും. എന്നിട്ടും മുന്നണിയില്‍ കാര്യങ്ങളുടെ പോക്ക് ശുഭകരമല്ല. മുന്നണിക്കുള്ളില്‍ ഇതിന്റെ അസ്വസ്ഥതയുമുണ്ട്. മുന്നണിയെയും സര്‍ക്കാരിനെയും വിവാദങ്ങള്‍ കുരുക്കുമ്പോഴും ഈ വിവാദങ്ങളെല്ലാം തന്നെ സ്വയം സൃഷ്ടിക്കുന്നതാണെന്നുള്ളതാണു കൌതുകകരമായ കാര്യം.

മറുവശത്ത് പ്രതിപക്ഷം ദുര്‍ബലമാണെന്നുള്ളതു മാത്രമാണ് യുഡിഎഫിനെ ആശ്വസിപ്പിക്കുന്നത്. ബാര്‍ കോഴ ആരോപണം വന്നപ്പോള്‍ പോലും തമ്മിലടിക്കുന്ന പ്രതിപക്ഷ മുന്നണിയെ ആണു ജനമധ്യത്തില്‍ കണ്ടത്. മുന്നണിയിലെ പ്രധാന കക്ഷികളായ സിപിഎമ്മും സിപിഐയും പരസ്പരം പോരടിച്ചുനില്‍ക്കുന്നു. ഒരുമിച്ചു സമരരംഗത്തിറങ്ങാന്‍ തന്നെ സമരം വേണ്ടിവന്ന സ്ഥിതിയാണ് അവിടെ. ഇടതുമുന്നണിയുടെ ദൌര്‍ബല്യത്തിന്റെ മാത്രം ബലത്തില്‍ ഭരണവുമായി മുന്നോട്ടുപോകുന്ന യുഡിഎഫ് തന്ത്രം ഇനിയെത്ര നാള്‍ വിലപ്പോകുമെന്നു കാത്തിരുന്നു കാണണം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.