മദ്യവില്‍പനക്കാരുടെ വോട്ടും നോട്ടും വേണ്ട, മദ്യപര്‍ക്കു സീറ്റുമില്ല: വി.എം. സുധീരന്‍
മദ്യവില്‍പനക്കാരുടെ വോട്ടും നോട്ടും വേണ്ട, മദ്യപര്‍ക്കു സീറ്റുമില്ല: വി.എം. സുധീരന്‍
Tuesday, November 25, 2014 12:24 AM IST
കൊച്ചി: മദ്യവില്‍പനക്കാരുടെ പണം മാത്രമല്ല, വോട്ടും വേണ്െടന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. ഇതു സംബന്ധിച്ചു കോണ്‍ഗ്രസിന്റെ തീരുമാനം ഉണ്ടാകും. ഒരു കാരണവശാലും മദ്യവില്‍പനക്കാരുടെ വോട്ട് വേണ്െടന്നാണു തന്റെ നിലപാട്. സംഘടനയുടെ തീരുമാനം യോഗം ചേര്‍ന്നു കൈക്കൊള്ളുമെന്നും എറണാകുളം പ്രസ് ക്ളബ്ബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സുധീരന്‍ പറഞ്ഞു.

മദ്യവില്‍പനക്കാരുടെ പണം വേണ്െടന്നു തീരുമാനിച്ചിട്ടുണ്ട്. മദ്യപിക്കുന്നവര്‍ക്കു തെരഞ്ഞെടുപ്പില്‍ സീറ്റും നല്‍കില്ല. ഈ തീരുമാനവും കോണ്‍ഗ്രസ് നേരത്തേ തന്നെ കൈക്കൊണ്ടിട്ടുള്ളതാണ്. അടുത്ത തെരഞ്ഞെടുപ്പു മുതല്‍ ഇതു ശക്തമായി നടപ്പാക്കാനാണു തീരുമാനം. കളങ്കിതരായ ആളുകളുമായി ബന്ധപ്പെട്ടു പോകുന്നവരുമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ ബന്ധപ്പെടരുതെന്നും അദ്ദേഹം നിര്‍ദേശിച്ചു. മദ്യവര്‍ജനമല്ല, മദ്യനിരോധനമാണു യുഡിഎഫിന്റെ നയം. ഇക്കാര്യത്തില്‍ ഒരു അവ്യക്തതയുടെയും പ്രശ്നമില്ല. യുഡിഎഫ് ചെയര്‍മാനായ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി 10 വര്‍ഷംകൊണ്ടു ഘട്ടംഘട്ടമായി സമ്പൂര്‍ണ മദ്യനിരോധനം കൊണ്ടുവരുമെന്നു വ്യക്തമാക്കിയിട്ടുണ്ട്. ഇതു തന്നെയാണു യുഡിഎഫ് നിലപാട്. യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ മദ്യവര്‍ജനത്തെക്കുറിച്ചു പറഞ്ഞതിനെക്കുറിച്ച് അറിയില്ല.

വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയയ്ക്കെതിരായ കേസ് പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തെക്കുറിച്ചു ചോദിച്ചപ്പോള്‍, അതു സര്‍ക്കാരിന്റെ അവകാശമാണെന്നായിരുന്നു സുധീരന്റെ വിശദീകരണം. പ്രശ്നത്തില്‍ മുഖ്യമന്ത്രി വിശദീകരണം നല്‍കിയിട്ടുണ്ട്. അതേസമയം, ഇത്തരം കേസുകള്‍ പിന്‍വലിക്കുന്നതില്‍ സര്‍ക്കാര്‍ കുറേക്കൂടി ജാഗ്രത പുലര്‍ത്തണമെന്നും സുധീരന്‍ അഭിപ്രായപ്പെട്ടു.


ദേശീയപാതയോരത്തെ ബിവറേജസ് കോര്‍പറേഷന്റെ വില്‍പനശാലകള്‍ അടച്ചുപൂട്ടുന്നതിനു കൂടുതല്‍ സമയം തേടുന്നുവെന്ന കാര്യം തന്റെ ശ്രദ്ധയില്‍ വന്നിട്ടില്ല. മദ്യവില്‍പനശാലകള്‍ ദേശീയ പാതയോരത്തുനിന്നു മാറ്റി സ്ഥാപിക്കുന്നതിനു പ്രായോഗികമായി ചില പ്രശ്നങ്ങളുണ്െടന്നു വകുപ്പുമന്ത്രി അറിയിച്ചിരുന്നു. എന്നാല്‍, സമയബന്ധിതമായി മാറ്റി സ്ഥാപിക്കാന്‍ തന്നെയാണു തീരുമാനം.

മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി അധ്യക്ഷന്റെ നിലപാടു പക്ഷപാതപരവും ജനവിരുദ്ധവുമാണ്. നിഷ്പക്ഷമായി പ്രവര്‍ത്തിക്കേണ്ട സമിതിയുടെ അധ്യക്ഷന്റെ നിലപാടു രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തിനുതന്നെ ക്ഷതം വരുത്തും. തമിഴ്നാട് നടത്തുന്ന നീക്കങ്ങള്‍ക്കു സഹായകരമായ നിലപാടാണ് അദ്ദേഹത്തിന്റേത്. കേരളത്തിലെ ജനങ്ങളുടെ ആശങ്കകള്‍ പാടേ അവഗണിച്ചുകൊണ്ട് ജലവിതാനം ഏതു തരത്തിലും ഉയര്‍ത്തുക എന്ന നിലപാടിനെ സഹായിക്കുകയാണു മേല്‍നോട്ടസമിതി അധ്യക്ഷന്‍ ചെയ്യുന്നത്. വൈഗ അണക്കെട്ടിന്റെ ശേഷിയുടെ 30 ശതമാനം മാത്രമാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. അവിടേക്കു കൂടുതല്‍ ജലം കൊണ്ടുപോകാന്‍ നടപടി സ്വീകരിക്കണം.

മുല്ലപ്പെരിയാരിലെ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്നു കടുവാ സങ്കേതം ഉള്‍പ്പെടെയുള്ള വനപ്രദേശം കടുത്ത ഭീഷണിയിലാണ്. കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി പ്രശ്നത്തില്‍ ഇടപെടണമെന്നു സുധീരന്‍ ആവശ്യപ്പെട്ടു.

കേരളജനത കെപിസിസി നേതൃത്വം നല്‍കുന്ന ജനപക്ഷയാത്രയെ പൂര്‍ണമായും ഉള്‍ക്കൊണ്ടതായും സുധീരന്‍ പറഞ്ഞു. തിരുവനന്തപുരത്ത് അടുത്ത മാസം ഒന്‍പതിനു ജാഥയുടെ സമാപനത്തില്‍ എഐസിസി വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി സംബന്ധിക്കും. 10നു നടക്കുന്ന കെപിസിസി യോഗത്തിലും അദ്ദേഹം സംബന്ധിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.