അട്ടപ്പാടിയില്‍ ഐഎംഎ സ്പെഷലിസ്റുകളുടെ സേവനം ലഭ്യമാക്കും
Tuesday, November 25, 2014 1:20 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: അട്ടപ്പാടി മേഖലയില്‍ നിലനില്‍ക്കുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് പഠനം നടത്തിയ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അവിടെ സ്പെഷ്യലിസ്റുകളുടെ സേവനം ലഭ്യമാക്കുമെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. ശ്രീജിത് എന്‍.കുമാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

അട്ടപ്പാടി ട്രൈബല്‍ സ്പെഷാലിറ്റി ആശുപത്രിയിലും അഗളിയിലും പ്രാന്തപ്രദേശങ്ങളിലുമുള്ള കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളിലാമാണ് ഐഎംഎ സ്പെഷലിസ്റുകളുടെ സേവനം ലഭ്യമാക്കുന്നത്. ഈ ആശുപത്രികളില്‍ അടുത്തയാഴ്ചമുതല്‍ അല്‍ട്രാസൌണ്ട് സ്കാനിംഗ് സംവിധാനം ആരംഭിക്കും. അട്ടപ്പാടിയിലെ നിലവിലെ മാനസിക ആരോഗ്യ പദ്ധതിയെ ഊര്‍ജിതപ്പെടുത്തും. ട്രൈബല്‍ സ്പെഷല്‍ ആശുപത്രിയിലെ ബ്ളഡ് സ്റോറേജ് സെന്ററില്‍ രക്തഘടകങ്ങള്‍ കൂടി സൂക്ഷിക്കാനുള്ള സൌകര്യം ഉണ്ടാക്കും.

എല്ലാ മാസവും അട്ടപ്പാടിയില്‍ പ്രത്യേക മള്‍ട്ടി സ്പെഷാലിറ്റി ക്യാമ്പുകളും ത്വക്രോഗ ചികിത്സാ ക്യാമ്പും സംഘടിപ്പിക്കും. അഗളി കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിനും ട്രൈബല്‍ സ്പെഷാലിറ്റി ആശുപത്രിക്കും അവിടെയുള്ള അംഗന്‍വാടികള്‍ക്കും ആവശ്യമുള്ള വിവിധ ഉപകരണങ്ങള്‍ വിതരണം ചെയ്യും. അട്ടപ്പാടിയിലെ ഡോക്ടര്‍മാര്‍ക്ക് സ്കാനിംഗ് പരിശീലനം, തുടര്‍വിദ്യാഭ്യാസ പരിപാടികള്‍ എന്നിവ സംഘടിപ്പിക്കും. അംഗന്‍വാടി പ്രവര്‍ത്തകര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമുള്ള പരിശീലന പരിപാടികളും തുടര്‍ച്ചയായി സംഘടിപ്പിക്കുമെന്ന് ഡോ. ശ്രീജിത് അറിയിച്ചു.


അട്ടപ്പാടിയില്‍ നിലനില്‍ക്കുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നിയോഗിച്ച ഡോ.ടി.എന്‍. ബാബു രവീന്ദ്രന്‍ ചെയര്‍മാനും ഡോ.വി.ജി.പ്രദീപ് കുമാര്‍ കണ്‍വീനറുമായ സമിതി തയാറാക്കിയ റിപ്പോര്‍ട്ട് ഐഎംഎ പ്രസിദ്ധീകരിച്ചു. അഗളി, അട്ടപ്പാടി ആശുപത്രികളില്‍ അടിയന്തരമായി ഗൈനക്കോളജിസ്റ്, റേഡിയോളജിസ്റ്, സൈക്യാട്രിസ്റ് തുടങ്ങിയ സ്പെഷലിസ്റ് ഡോക്ടര്‍മാരുടെ സേവനം അടിയന്തരമായി ലഭ്യമാക്കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫീല്‍ഡ് വര്‍ക്കര്‍മാരുടെ വിദഗ്ധ പരിശീലനവും മെച്ചപ്പെട്ട സേവനവും സര്‍ക്കാര്‍ ഉറപ്പുവരുത്തണം. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സേവനം ഏകോപിപ്പിച്ച് നടത്താനായി പ്രത്യേക സമിതി രൂപീകരിക്കണം. 192 ഊരുകളെ വിവിധ ഗ്രൂപ്പുകളായി വേര്‍തിരിച്ച് ഓരോ പ്രദേശത്തിനും പ്രത്യേക ആരോഗ്യ കോ-ഓര്‍ഡിനേറ്റര്‍മാരെ നിയമിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കൂടുതല്‍ പഠനങ്ങള്‍ ഐഎംഎ റിസര്‍ച്ച് സെല്ലിന്റെ നേതൃത്വത്തില്‍ നടത്തുമെന്ന് ഡോ. ശ്രീജിത് അറിയിച്ചു. പത്രസമ്മേളനത്തില്‍ പബ്ളിക് ഹെല്‍ത്ത് അഷ്വറന്‍സ് കമ്മറ്റി കണ്‍വീനര്‍ ഡോ. അല്‍ത്താഫ്, റിസര്‍ച്ച് സെല്‍ കണ്‍വീനര്‍ ഡോ.മുഹമ്മദ് ഷാഫി, ഐഎംഎ മാധ്യമ വിഭാഗം കോ-ഓര്‍ഡിനേറ്റര്‍ ഡോ.സുരേഷ് കുമാര്‍ എന്നിവരും പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.