റോഡ് വികസനത്തിന് ഒരു ലക്ഷം കോടിയുടെ പദ്ധതി വേണമെന്നു നിര്‍മിതി ഉച്ചകോടി
Tuesday, November 25, 2014 1:26 AM IST
കൊച്ചി: കേരളത്തിലെ സംസ്ഥാനപാത ഉള്‍പ്പെടെയുള്ള പ്രധാന റോഡുകളുടെ വികസനത്തിനായി അഞ്ചു വര്‍ഷത്തിനകം ഒരു ലക്ഷം കോടി രൂപയുടെ പദ്ധതികള്‍ ആവിഷ്ക്കരിക്കണമെന്നു കേരള ഗവണ്‍മെന്റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ സംഘടിപ്പിച്ച നിര്‍മിതി ഉച്ചകോടി ആവശ്യപ്പെട്ടു.

ഒരു ലക്ഷം കോടി രൂപയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് കണ്െടത്താനായി റോഡുനികുതിയുടെ 70 ശതമാനവും റോഡ് നിര്‍മാണത്തിനായി ഉപയോഗിക്കുക, ദേശീയ, അന്തര്‍ദേശീയ ഏജന്‍സികളുടെ ഫണ്ട് ലഭ്യമാക്കുക, ബജറ്റ് വിഹിതം വര്‍ധിപ്പിക്കുക, റോഡുകളില്‍നിന്നു ടോള്‍ പരിക്കുക, കടപ്പത്രത്തിലൂടെ 1,340 കോടി രൂപ സമാഹരിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ ഉച്ചകോടി മുന്നോട്ടുവച്ചു.

പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക് യോജന, കുട്ടനാട്- ഇടുക്കി പാക്കേജുകളുടെ തടസം പരിഹരിക്കാന്‍ മന്ത്രിസഭാ ഉപസമിതി രൂപീകരിക്കുക, പൊതുമരാമത്തു വകുപ്പിലെ അഴിമതി ഒഴിവാക്കാനായി ഇ-ടെന്‍ഡറിംഗ് നടപ്പാക്കുക, ഇന്ത്യയില്‍ എവിടെയും ജോലി ചെയ്യാന്‍ കഴിയുന്ന വിധത്തില്‍ ഏകീകൃത ലൈസന്‍സ് സമ്പ്രദായം ഏര്‍പ്പെടുത്തുക, നിര്‍മാണവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാന്‍ മെറ്റീരിയല്‍ കോര്‍പറേഷന്‍ രൂപീകരിച്ച് ടാര്‍, സ്റ്റീല്‍, സിമന്റ്, മെറ്റല്‍ തുടങ്ങിയവ സംഭരിക്കാന്‍ മുന്‍കൈയെടുക്കുക, ധനവകുപ്പിന്റെ ലെറ്റര്‍ ക്രെഡിറ്റ് സമ്പ്രദായം അവസാനിപ്പിച്ച് ഫണ്ട് വിതരണം ദേശസാല്‍ക്കൃത ബാങ്ക് വഴിയാക്കുക, കടല്‍ മണല്‍ ഖനനം നടപ്പാക്കുക, ദേശീയപാതകള്‍ക്കുവേണ്ടി കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് ആകര്‍ഷകമായ നഷ്ടപരിഹാരം നല്‍കുക, പൊതുമരാമത്തു വകുപ്പിലെ അശാസ്ത്രീയമായ നടപടികള്‍ അവസാനിപ്പിക്കുക, അനാവശ്യമായ തസ്തികകള്‍ ഒഴിവാക്കി ചെലവ് കുറയ്ക്കുക, ക്വാറികള്‍ക്കും ക്രഷുകള്‍ക്കും സുഗമമായി പ്രവര്‍ത്തിക്കാനുള്ള സൌകര്യമൊരുക്കുക തുടങ്ങിയ പ്രമേയങ്ങളും ത്രിദിന ഉച്ചകോടി അംഗീകരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.