ടൈറ്റാനിയം കേസ്: ചെന്നിത്തല ഹര്‍ജി നല്‍കി
ടൈറ്റാനിയം കേസ്: ചെന്നിത്തല ഹര്‍ജി നല്‍കി
Tuesday, November 25, 2014 1:11 AM IST
കൊച്ചി: ടൈറ്റാനിയം അഴിമതിക്കേസില്‍ തുടരന്വേഷണം നടത്തണമെന്ന വിജിലന്‍സ് കോടതിയുടെ ഉത്തരവിനെതിരേ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. താന്‍ കെപിസിസി പ്രസിഡന്റായത് 2005 ജൂണ്‍ 30നാണെന്നും ഇതിന് 41 ദിവസം മുമ്പു നടന്ന സംഭവത്തിലാണ് അഴിമതി ആരോപണം ഉയര്‍ന്നിരിക്കുന്നതെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. തനിക്കു പ്രത്യേക അധികാരം ഇല്ലാത്ത സമയത്താണ് അഴിമതി നടന്നുവെന്നു പറയുന്നത്. ഇതില്‍ ഒരു തരത്തിലും തനിക്ക് ഇടപെടാനാവില്ല. പരാതിയിലെ വാദം മുഴുവന്‍ അംഗീകരിച്ചാലും തന്നെ കുറ്റക്കാരനാക്കുന്നതിനുള്ള തെളിവില്ലെന്നും ചെന്നിത്തല ഹര്‍ജിയില്‍ പറയുന്നു.


ടൈറ്റാനിയം അഴിമതിക്കേസുമായി ബന്ധപ്പെട്ട വിജിലന്‍സ് കോടതി ഉത്തരവിലെ തുടര്‍നടപടികള്‍ ഹൈക്കോടതി സ്റേ ചെയ്തിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ രമേശ് ചെന്നിത്തല, വി.കെ. ഇബ്രാഹിംകുഞ്ഞ് എന്നിവരടക്കം 11 പേര്‍ക്കെതിരേ കേസടുത്തു തുടരന്വേഷണം നടത്തണമെന്ന തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്തു വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ടി. ബാലകൃഷ്ണന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു ഹൈക്കോടതി സ്റേ അനുവദിച്ചിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.