കാല്പനികതയുടെ നവവസന്തം ഭാര്‍ഗവീനിലയത്തില്‍: ജോണ്‍ പോള്‍
കാല്പനികതയുടെ നവവസന്തം ഭാര്‍ഗവീനിലയത്തില്‍: ജോണ്‍ പോള്‍
Tuesday, November 25, 2014 1:26 AM IST
കൊച്ചി: മലയാള സിനിമയില്‍ കാല്പനികതയുടെ നവവസന്തം വിടര്‍ന്നത് ഭാര്‍ഗവീനിലയത്തിലാണെന്ന് തിരക്കഥാകൃത്ത് ജോണ്‍ പോള്‍. ബഷീറിനെക്കാള്‍ മികച്ചതായി ഇന്ത്യന്‍ സിനിമയില്‍ ആരും പ്രണയമെഴുതിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ബഷീര്‍ കഥയും സംഭാഷണവും രചിച്ചു പി.കെ. പരീക്കുട്ടി നിര്‍മിച്ച ഭാര്‍ഗവീനിലയത്തിന്റെ 50-ാം വാര്‍ഷികത്തോടനുബന്ധിച്ച് ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കൊച്ചി ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റിവല്‍ ഓഫ് ഇന്ത്യ, കൊച്ചിന്‍ ഫിലിം സൊസൈറ്റി, ജിസിഡിഎ എന്നിവ സംയുക്തമായി സംഘടിപ്പിച്ച അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ സിനിമയിലെ ആദ്യ പ്രേതസിനിമ മഹല്‍ ആണെങ്കില്‍ അതില്‍നിന്നു വ്യത്യസ്തമായി വര്‍ത്തമാനകാലത്തേക്ക് ഇറങ്ങിവന്ന പ്രേതസാന്നിധ്യമായിരുന്നു ഭാര്‍ഗവീനിലയത്തിലേത്. നമുക്കു കൂട്ടുകൂടാന്‍ ഇഷ്ടം തോന്നുന്ന പ്രേതസാന്നിധ്യം അനുഭവിച്ചറിയുന്നത് ഭാര്‍ഗവീനിലയത്തിലാണ്. വളരെ പരമിതമായ സാങ്കേതിക സൌകര്യങ്ങള്‍ ഉപയോഗിച്ചാണ് അത്തരമൊരു ചിത്രം അവര്‍ നമുക്കായി അണിയിച്ചൊരുക്കിയത്.

ഘടനാവൈശിഷ്ട്യമാണു ഭാര്‍ഗവീനിലയത്തിന്റെ സവിശേഷത. മികച്ച കുറ്റാന്വേഷണകഥ, അതോടൊപ്പം ഉദാത്തമായ പ്രണയകാവ്യം. ഒന്ന് മറ്റൊന്നിനു പൂരകമാകുന്ന കാഴ്ചയാണിവിടെ നാമനുഭവിക്കുന്നത്. ഭാര്‍ഗവിക്കുട്ടി അതിക്രൂരമായ കൊലയ്ക്ക് ഇരയായതു പ്രണയത്തോട് അവള്‍ കാണിച്ച ആത്മാര്‍ഥത മൂലമാണ്. വിന്‍സന്റ് മാസ്റര്‍ നിഴലും വെളിച്ചവുംകൊണ്ട് അനന്യമായ ദൃശ്യഭാഷ ചമയ്ക്കുകയായിരുന്നു അതില്‍.

രണ്ടാമതൊരിക്കല്‍ കൂടി ഭാര്‍ഗവീനിലയത്തെ അണിയിച്ചൊരുക്കാന്‍ താന്‍ നടത്തിയ പരിശ്രമങ്ങളും ജോണ്‍ പോള്‍ അനുസ്മരിച്ചു. തനിക്കു പകര്‍പ്പവകാശം ഉണ്ടായിരുന്നതാണതിന്. പല രംഗങ്ങളും മാറ്റണമെന്ന് ആലോചിച്ചിരുന്നു. ബഷീറിന്റെ ആത്മാവിനെ തൊട്ടറിയുന്ന ഭാസ്കരന്‍ മാഷിന്റെ ഗാനങ്ങള്‍ അതേപടി നിലനിര്‍ത്താനായിരുന്നു പദ്ധതി. ഇതിനായി എത്ര ദിവസം വേണമെങ്കിലും നീക്കിവയ്ക്കാന്‍ സംഗീതജ്ഞന്‍ എ.ആര്‍. റഹ്മാനും തയാറായിരുന്നു. കാരണം അദ്ദേഹത്തിന്റെ പിതാവ് ആര്‍.കെ. ശേഖറായിരുന്നു ഭാര്‍ഗവീനിലയത്തിന്റെ ഓര്‍ക്കസ്ട്രേഷന്‍ നിര്‍വഹിച്ചത്.


പരീക്കുട്ടിയുടെ മദ്രാസിലെ ഓഫീസ് മുറിയില്‍ ആഘോഷമായാണു സിനിമയുടെ തിരക്കഥാവേള കടന്നുപോയത്. മലയാള സിനിമയുടെ കച്ചവട സാധ്യതകളോടു നാം കടപ്പെട്ടിരിക്കുന്നത് പരീക്കുട്ടിയോടാണ്.

വിവിധ മേഖലകളില്‍ വ്യാപരിച്ച അദ്ദേഹം ഗവേഷണം അര്‍ഹിക്കുന്നുണ്ട്. അവര്‍ അവരുടെ ജീവിതം സമര്‍പ്പിച്ചാണു നമുക്കീ കഥ പറഞ്ഞുതന്നത്. അതില്‍ നഷ്ടത്തിന്റെയും പ്രണയത്തിന്റെയും ഒരുപാട് തേങ്ങലുകള്‍ കാണാനാകുമെന്നും ജോണ്‍ പോള്‍ പറഞ്ഞു.

സ്കൂള്‍ കാലഘട്ടത്തില്‍ തന്നെ ബഷീര്‍ കൃതികള്‍ മനപ്പാഠമാക്കിയിരുന്ന തനിക്ക് ആ കഥകള്‍ വായിച്ചതിനാല്‍ ക്ളാസില്‍ അധ്യാപകന്റെ തല്ലുകൊണ്ട ചരിത്രം ഓര്‍മിപ്പിച്ചാണു പ്രഫ. സി.ആര്‍. ഓമനക്കുട്ടന്‍ ഭാര്‍ഗവീനിലയത്തെ അനുസ്മരിച്ചത്.

ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചന്ദ്രാഹസന്‍ വടുതല അധ്യക്ഷത വഹിച്ച യോഗത്തില്‍ ടി.കെ. പരീക്കുട്ടിയുടെ സഹോദരപുത്രന്‍ മുഹമ്മദാലി, മിത്ത് സെക്രട്ടറി ശ്രീനി തുടങ്ങിയവര്‍ പ്രസംഗിച്ചു. കൊച്ചിന്‍ ഫിലിം സൊസൈറ്റി സെക്രട്ടറി അനില്‍വര്‍മ സ്വാഗതവും കൊച്ചി ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റിവല്‍ ഓഫ് ഇന്ത്യ സംഘാടക സമതിയംഗം എല്‍ദോ മാത്യു നന്ദിയും പറഞ്ഞു. തുടര്‍ന്ന് ചിത്രപ്രദര്‍ശനവും ഉണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.