ടൈറ്റാനിയം അഴിമതിക്കേസ്: അന്വേഷണം തുടരാം, ആഭ്യന്തരമന്ത്രിയെ ചോദ്യം ചെയ്യരുതെന്നും ഹൈക്കോടതി
ടൈറ്റാനിയം അഴിമതിക്കേസ്: അന്വേഷണം തുടരാം, ആഭ്യന്തരമന്ത്രിയെ ചോദ്യം  ചെയ്യരുതെന്നും ഹൈക്കോടതി
Wednesday, November 26, 2014 11:25 PM IST
കൊച്ചി: ടൈറ്റാനിയം അഴിമതിക്കേസില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ അറസ്റ് ചെയ്യരുതെന്നും ചോദ്യംചെയ്യരുതെന്നും ഹൈക്കോടതി ഉത്തരവിട്ടു.

ടൈറ്റാനിയം കേസില്‍ തുടരന്വേഷണം നടത്തണമെന്ന വിജിലന്‍സ് കോടതിയുടെ ഉത്തരവിനെതിരേ ചെന്നിത്തല സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റീസ് പി. ഉബൈദിന്റെ ഉത്തരവ്. കേസില്‍ അന്വേഷണം തുടരാമെന്നും അന്വേഷണം തടയണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

2006ല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ടൈറ്റാനിയം അഴിമതിക്കേസെന്നു കോടതി ചൂണ്ടിക്കാട്ടി. ഈ പരാതിയില്‍ രമേശ് ചെന്നിത്തല കക്ഷിയല്ല. ഈ സാഹചര്യം കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ പരിഗണിക്കണം. കേസില്‍ ആരെയൊക്കെയാണു പ്രതി ചേര്‍ക്കേണ്ടതെന്നും ആരെയൊ ക്കെ ഒഴിവാക്കണമെന്നും തീരുമാനം എടുക്കേണ്ടത് അന്വേഷണ ഉദ്യോഗസ്ഥനാണ്.

ഹര്‍ജിക്കാരന്‍ സംഭവ സമയത്ത് കെപിസിസി പ്രസിഡന്റല്ല എന്നതു കൂടി അന്വേഷണ ഉദ്യോഗസ്ഥന്‍ പരിഗണിക്കണം.

അഴിമതിക്കേസുകളില്‍ അന്വേഷണം നടത്തുന്നതു തടയരുതെന്നു സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍, അന്വേഷണം സ്റേ ചെയ്യണമെന്ന ആവ ശ്യം അംഗീകരിക്കാനാവില്ലെന്നു കോടതി പറഞ്ഞു. ഹര്‍ജി ഹൈക്കോടതി പിന്നീട് പരിഗണിക്കും.

കീഴ്കോടതിയുടെ നടപടികള്‍ നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണ് ചെന്നിത്തല ഹര്‍ജി നല്‍കിയിരുന്നത്. താന്‍ കെപിസിസി പ്രസിഡന്റായത് 2005 ജൂണ്‍ 30നാണെന്നും ഇതിന് 41 ദിവസം മുമ്പ് നടന്ന സംഭവത്തിലാണ് അഴിമതി ആരോപണം ഉയര്‍ന്നിരിക്കുന്നതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.


തിരുവനന്തപുരത്തെ ട്രാവന്‍കൂര്‍ ടൈറ്റാനിയം ഫാക്ടറിയില്‍ 2005ല്‍ മലിനീകരണ നിയന്ത്രണ പ്ളാന്റ് സ്ഥാപിച്ചതില്‍ 256 കോടി രൂപയുടെ അഴിമതി നടന്നുവെന്നു കാണിച്ച് തിരുവനന്തപുരം സ്വദേശി ജി. സുനിലാണ് ആദ്യം പരാതി നല്‍കിയത്.

ഈ പരാതിയില്‍ മുഖ്യമന്ത്രിയോ മന്ത്രിമാരോ ഉള്‍പ്പെട്ടിരുന്നില്ല. പിന്നീട് ടൈറ്റാനിയം മുന്‍ ജീവനക്കാരന്‍ എസ്. ജയന്‍ നല്‍കിയ പരാതിയില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കതിരേ ആരോപണം ഉന്നയിച്ചിരുന്നു. അഴിമതി സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് സെബാസ്റ്യന്‍ ജോര്‍ജും പിന്നീട് പരാതി നല്‍കി. വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ ഗുഢാലോചനയും അഴിമതിയും കണ്െടത്താനായില്ല. അഴിമതിയില്‍ രാഷ്ട്രീയക്കാര്‍ക്കു പങ്കില്ലെന്ന വിജിലന്‍സിന്റെ പ്രാഥമിക റിപ്പോര്‍ട്ട് തള്ളിക്കൊണ്ടാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി ജഡ്ജി അന്വേഷണത്തിന് ഉത്തരവിട്ടത്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരേ കേസെടുക്കുന്നതിന് ഗവര്‍ണറുടെ മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്നും വിജിലന്‍സ് കോടതി അഭിപ്രായപ്പെട്ടിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ രമേശ് ചെന്നിത്തല, വി.കെ. ഇബ്രാഹിംകുഞ്ഞ് എന്നിവരടക്കം 11 പേര്‍ക്കെതിരേ കേസടുത്ത് തുടരന്വേഷണം നടത്തണമെന്ന ഉത്തരവിനെ ചോദ്യം ചെയ്ത് വ്യവസായ വകുപ്പ് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി. ബാലകൃഷ്ണന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി നേരത്ത സ്റേ അനുവദിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.