കെഎസ്ആര്‍ടിസിയെ സഹായിക്കാന്‍ കഴിയില്ലെന്നു സര്‍ക്കാര്‍
കെഎസ്ആര്‍ടിസിയെ സഹായിക്കാന്‍ കഴിയില്ലെന്നു സര്‍ക്കാര്‍
Thursday, November 27, 2014 1:05 AM IST
കൊച്ചി: കേരള സ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ (കെഎസ്ആര്‍ടിസി) ബാധ്യതകള്‍ ഏറ്റെടുക്കാനാവില്ലെന്നു സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ഇപ്പോഴത്തെ സാഹചര്യത്തില്‍ കെഎസ്ആര്‍ടിസിക്കു ധനസഹായം നല്‍കുന്നതു സംസ്ഥാനത്തെ ജനക്ഷേമ പദ്ധതികളെയും വികസന പദ്ധതികളെയും ബാധിക്കും. കോര്‍പറേഷന്‍ സ്വയം വഴികണ്െടത്തണം. പൊതുസേവനത്തിന്റെ പേരുപറഞ്ഞു സഹായം ആവശ്യപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്നു കോര്‍പറേഷനിലെ പെന്‍ഷന്‍ വിതരണവുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ ഗതാഗത വകുപ്പു ഡെപ്യൂട്ടി സെക്രട്ടറി സാലമ്മ ഏബ്രഹാം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

കെഎസ്ആര്‍ടിസി സ്വയം കാര്യങ്ങള്‍ നിര്‍വഹിക്കേണ്ട പൊതുമേഖലാ സ്ഥാപനമാണ്. സാമൂഹ്യആവശ്യങ്ങളും പൊതു ആവശ്യങ്ങളും നിറവേറ്റുന്ന മറ്റു പൊതുമേഖലാ സ്ഥാപനങ്ങളുമുണ്ട്. പൊതുസ്ഥാപനമെന്ന പേരില്‍ കെഎസ്ആര്‍ടിസിക്ക് ഇനിയും കൂടുതല്‍ സഹായം അനുവദിക്കാനാവില്ല. ഇനിയും സഹായം ചെയ്താല്‍ സംസ്ഥാനത്തെ ക്ഷേമപദ്ധതികള്‍ക്കു പണം നല്‍കാന്‍ കഴിയാതെ വരും. ദേശസാല്‍കൃത ബാങ്കുകളില്‍നിന്നു വായ്പയെടുക്കാന്‍ കെഎസ്ആര്‍ടിസി ശ്രമിക്കുന്നുണ്ട്. ഇത്തരം നടപടിയിലൂടെ 15-20 കോടി രൂപ പ്രതിമാസം ലാഭിക്കാനാവും. കെഎസ്ആര്‍ടിസിയുടെ പുനരുദ്ധാരണ പാക്കേജ് സംബന്ധിച്ചു സര്‍ക്കാര്‍ വിലയിരുത്തിവരികയാണ്. ജീവനക്കാരുടെ പെന്‍ഷന്‍ ബാധ്യത തീര്‍ക്കുന്നതുമായി ബന്ധപ്പെട്ടു കൂടിയാണു പുനരുദ്ധാരണ പാക്കേജ് പരിഗണിക്കുന്നത്. എന്നാല്‍, പെന്‍ഷന്‍ ബാധ്യത സര്‍ക്കാരും കോര്‍പറേഷനും തുല്യമായി പങ്കിടണമെന്ന നിര്‍ദേശം അംഗീകരിക്കാനാവില്ല. ഇക്കൊല്ലം മാത്രം കെഎസ്ആര്‍ടിസിക്കു പ്രവര്‍ത്തന മൂലധനമായി 150 കോടി രൂപ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഇതുവരെ 1,263.13 കോടി രൂപ സര്‍ക്കാര്‍ വായ്പാ ധനസഹായമായി നല്‍കിയിട്ടുണ്ട്. ഈ തുക വായ്പ ഓഹരിയായി കണക്കാക്കണമെന്നും പലിശ- പിഴപ്പലിശ എന്നിവ ഒഴിവാക്കണമെന്നുമുള്ള കോര്‍പറേഷന്‍ എംഡിയുടെ ശിപാര്‍ശ സര്‍ക്കാരിന്റെ പരിഗണനയിലാണ്. ഇനിയും കൂടുതല്‍ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാന്‍ സര്‍ക്കാരിനു കഴിയില്ല. പുതിയ ബാധ്യതകള്‍ ഏറ്റെടുക്കാന്‍ കഴിയാത്ത വിധം സര്‍ക്കാരിനു സാമ്പത്തിക പ്രതിസന്ധിയുണ്ട്.


സര്‍ക്കാര്‍ പുറപ്പെടുവിച്ച കെഎസ്ആര്‍ടിസി ഓര്‍ഡിനന്‍സിലെ സെക്ഷന്‍ മൂന്ന് അനുസരിച്ച് കെഎസ്ആര്‍ടിസിക്കു സെസ് ഈടാക്കാന്‍ അനുമതി ലഭിക്കും. ഇതിലൂടെ പ്രതിവര്‍ഷം 160 കോടി രൂപയുടെ അധിക വരുമാനം ഉണ്ടാക്കാനാകും. ചില പ്രത്യേക വിഭാഗങ്ങള്‍ക്കു സൌജന്യ യാത്രയും ടിക്കറ്റ് നിരക്കില്‍ ഇളവും അനുവദിക്കുന്നതാണു നഷ്ടത്തിന് ഇടയാക്കുന്നതെന്നാണു കെഎസ്ആര്‍ടിസി പറയുന്നത്. എന്നാല്‍, ഇതിന്റെ വ്യക്തമായ കണക്ക് കോര്‍പറേഷന്‍ നല്‍കുന്നില്ല. പാസ് കൈവശമുള്ളവര്‍ വര്‍ഷം മുഴുവനും യാത്ര ചെയ്യുന്നു എന്ന തരത്തിലാണു കെഎസ്ആര്‍ടിസി ചിത്രീകരിക്കുന്നത്. ഈ വാദം അംഗീകരിക്കാനാവില്ല. ശരിയായ ബാധ്യത അറിയിച്ചാല്‍ അതു പരിശോധിക്കാമെന്നും സത്യവാങ്മൂലം പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.