എന്‍ട്രന്‍സ് പരീക്ഷ: വിദ്യാര്‍ഥികളുടെ പട്ടിക പ്രസിദ്ധപ്പെടുത്തണമെന്നു ഹൈക്കോടതി
എന്‍ട്രന്‍സ് പരീക്ഷ: വിദ്യാര്‍ഥികളുടെ പട്ടിക  പ്രസിദ്ധപ്പെടുത്തണമെന്നു ഹൈക്കോടതി
Thursday, November 27, 2014 1:05 AM IST
കൊച്ചി: സംസ്ഥാനത്തെ എന്‍ട്രന്‍സ് പരീക്ഷാ കമ്മീഷണര്‍ നടത്തുന്ന എല്ലാ പരീക്ഷകളുടെയും അലോട്ട്മെന്റിന്റെ ഓരോ ഘട്ടത്തിലും ആദ്യം സംവരണ ലിസ്റില്‍പ്പെടുകയും പിന്നീടു പൊതുലിസ്റില്‍ ഇടം നേടുകയും ചെയ്യുന്ന വിദ്യാര്‍ഥികളുടെ പട്ടിക പ്രസിദ്ധപ്പെടുത്തണമെന്നു ഹൈക്കോടതി ഉത്തരവിട്ടു.

പ്രവേശന പ്രക്രിയയുടെ സുതാര്യത ഉറപ്പാക്കാനാണിതെന്നു ജസ്റീസ് മുഹമ്മദ് മുഷ്താഖ് ഉത്തരവില്‍ പറഞ്ഞു. കമ്മീഷണറുടെ വെബ്സൈറ്റില്‍ പട്ടിക പ്രസിദ്ധീകരിക്കണം. എന്‍ട്രന്‍സ് പരീക്ഷയില്‍ പൊതുവിഭാഗത്തില്‍ ഉള്‍പ്പെടുത്തേണ്ട ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടവരെ സംവരണ ലിസ്റില്‍ ഉള്‍പ്പെടുത്തുക വഴി സംവരണത്തിന് അര്‍ഹരായവര്‍ക്കു പ്രവേശനം നിഷേധിക്കപ്പെടുന്നുവെന്നാരോപിച്ചു കാഞ്ഞിരപ്പള്ളി സ്വദേശി മാഹിന്‍ നൌഷാദ് നല്‍കിയ ഹര്‍ജിയിലാണു കോടതി ഉത്തരവ്.


എംബിബിഎസിനു പൊതുവിഭാഗത്തിലുള്ള 630 മെറിറ്റ് ലിസ്റില്‍ ഉള്‍പ്പെടുത്തേണ്ട മുസ്ലിം വിദ്യാര്‍ഥികളെ സംവരണ ക്വോട്ടയില്‍പെടുത്തുകവഴി സംവരണ ക്വോട്ടയില്‍ വരേണ്ടവര്‍ക്ക് അവസരം നഷ്ടപ്പെട്ടുവെന്നാണു ഹര്‍ജിക്കാരന്റെ ആരോപണം. ഓപ്പണ്‍ മെറിറ്റില്‍ പ്രവേശനത്തിന് അര്‍ഹതപ്പെട്ടവരെ ആരെയും മുസ്ലിം, ഈഴവ സംവരണ ക്വോട്ടയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നു ഹര്‍ജി പരിഗണിക്കവേ സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ സുതാര്യത വരുത്താനാണു കോടതിയുടെ നിര്‍ദേശം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.