സ്കൂള്‍ ശാസ്ത്രോത്സവത്തിനു തിരൂരില്‍ തുടക്കമായി
സ്കൂള്‍ ശാസ്ത്രോത്സവത്തിനു തിരൂരില്‍ തുടക്കമായി
Thursday, November 27, 2014 1:06 AM IST
രഞ്ജിത് ജോണ്‍

തിരൂര്‍: സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തിനു തിരൂരില്‍ തുടക്കമായി. ഇനി നാലുനാള്‍ ശാസ്ത്രകൌതുകങ്ങളുടെ വിസ്മയകാഴ്ചകളൊരുക്കി കൌമാരപ്രതിഭകള്‍ മാറ്റുരയ്ക്കും. ഇന്നലെ രാവിലെ പത്തോടെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എല്‍. രാജന്‍ പതാകയുയര്‍ത്തിയതോടെയാണ് അറിവുകളുടെയും കൌതുകങ്ങളുടെയും ശാസ്ത്രജാലകം തുറന്നത്. തുടര്‍ന്നു മത്സരാര്‍ഥികളുടെ രജിസ്ട്രേഷന്‍ നടന്നു. ഇന്നു രാവിലെ 10ന് വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ് ശാസ്ത്രോത്സവം ഉദ്ഘാടനം ചെയ്യും. സി. മമ്മൂട്ടി എംഎല്‍എ അധ്യക്ഷത വഹിക്കും. വിദ്യാര്‍ഥികളിലെ ശാസ്ത്രപ്രതിഭ പോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ശാസ്ത്രമേള ഇത്തവണ ശാസ്ത്രോത്സവം എന്ന പേരിലാണ് നടക്കുന്നത്. ശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം, പ്രവൃത്തിപരിചയം, ഐടി മേള, വൊക്കേഷണല്‍ എക്സ്പോ, കരിയര്‍ ഫെസ്റ് എന്നീ വിഭാഗങ്ങളില്‍ അഞ്ചുവേദികളിലായാണ് ശാസ്ത്രോത്സവം അരങ്ങേറുന്നത്.

14 ജില്ലകളില്‍നിന്നും 220 മത്സരയിനങ്ങളില്‍ 10,000ത്തില്‍പരം വിദ്യാര്‍ഥികള്‍ മത്സരിക്കും. ശാസ്ത്രമേള, വൊക്കേഷണല്‍ എക്സ്പോ, കരിയര്‍ ഫെസ്റ് പ്രദര്‍ശനവും മൂല്യനിര്‍ണയവും മുഖ്യവേദിയായ ഗവ.ബോയ്സ് ഹൈസ്കൂളിലും ഗണിതശാസ്ത്രമേള, തത്സമയ മത്സരങ്ങള്‍, ടീച്ചിംഗ് എയ്ഡ് മത്സരങ്ങള്‍, ക്വിസ് എന്നിവ താനൂര്‍ ഗവ. ദേവാധാര്‍ ഹൈസ്കൂളിലാണ് നടക്കുന്നത്. പ്രവൃത്തിപരിചയ മേള ആലത്തിയൂര്‍ കെഎച്ച്എം ഹയര്‍സെക്കന്‍ഡറിയിലും ഐടി മേള തിരൂര്‍ എസ്എസ്എം പോളിടെക്നിക്കിലുമാണ്. നിറമരുതൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് സാമൂഹ്യശാസ്ത്രമേള. തിരൂര്‍ തുഞ്ചന്‍ പറമ്പ് ഓഡിറ്റോറിയത്തിലാണു ശാസ്ത്രനാടകം, ക്വിസ്, അധ്യാപകര്‍ക്കായുള്ള മത്സരങ്ങള്‍ എന്നിവ. 30ന് രാവിലെ 10.30നു സമാപനസമ്മേളനം മന്ത്രി എ.പി.അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും. തുഞ്ചത്തെഴുത്തച്ഛന്റെ നാടായ തിരൂരില്‍ ആദ്യമായെത്തുന്ന സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവം വിജയകരമാക്കാന്‍ വിപുലമായ തയാറെടുപ്പുകളാണ് നടത്തിയിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.