ഗുരുവായൂര്‍ ക്ഷേത്രം തന്ത്രിക്കെതിരേ ദേവസ്വം ഭരണസമിതി നടപടിക്ക്
Thursday, November 27, 2014 1:11 AM IST
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടിനെതിരേ ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി നടപടിക്കൊരുങ്ങുന്നു.

തന്ത്രിയുടെ വകയായി നടന്ന ഏകാദശി വിളക്കുദിവസം ക്ഷേത്രത്തില്‍ തൃപ്പുക കഴിഞ്ഞു നടതുറക്കുന്ന സമയത്തു തന്ത്രിയും കുടുംബവും അടുത്ത ബന്ധുക്കളും നാലമ്പലത്തിനകത്തു കയറി ദര്‍ശനം നടത്തിയിരുന്നു. ഈ ദര്‍ശനം അനുവദനീയമല്ലെന്ന കാരണം പറഞ്ഞാണു ഭരണസമിതി തന്ത്രിക്കെതിരേ നടപടിക്കൊരുങ്ങുന്നത്.

ചൊവ്വാഴ്ച ചേര്‍ന്ന ഭരണസമിതിയില്‍ വിഷയം ചൂടേറിയ ചര്‍ച്ചയായി. ഏതാനും ഭരണസമിതി അംഗങ്ങള്‍ തന്ത്രിക്കെതിരേ കര്‍ശന നടപടി വേണമെന്നാവശ്യപ്പെട്ടതായി അറിയുന്നു. എന്നാല്‍ താക്കീതു നല്കിയാല്‍ മതിയെന്ന നിലപാടിലാണു മറ്റംഗങ്ങള്‍.

പ്രധാന തന്ത്രിയും സ്ഥിരം ഭരണസമിതി അംഗവുമായ ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാടിന്റ അഭിപ്രായം തേടിയശേഷം നടപടിയെടുക്കാനാണത്രേ ഒടുവില്‍ തീരുമാനിച്ചത്. തന്ത്രി കുടുംബത്തില്‍പ്പെട്ടവരെല്ലാം ഗുരുവായൂര്‍ ക്ഷേത്രത്തിലെ തന്ത്രി സ്ഥാനീയരാണ്. ക്ഷേത്രത്തിലെ പ്രധാന ചടങ്ങുകളെല്ലാം നിര്‍വഹിക്കുന്നതും ഇവരാണ്. ഇവരുടെ തലമുതിര്‍ന്ന കാരണവരാണു സ്ഥിരം ഭരണസമിതി അംഗമാകുന്നത്. തന്ത്രി കുടുംബത്തിനു ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രത്യേക പരിഗണനയാണുള്ളത്.


മൂന്നു പതിറ്റാണ്ടു മുമ്പുവരെ തൃപ്പുക സമയത്തു നിയന്ത്രിതമായി ദര്‍ശനം അനുവദിച്ചിരുന്നു. ഈ ദര്‍ശനവുമായി ബന്ധപ്പെട്ടു ക്ഷേത്രത്തിനള്ളില്‍ ഒരു സംഘര്‍ഷം ഉണ്ടായതിനെ തുടര്‍ന്നാണു തൃപ്പുക ദര്‍ശനം ദേവസ്വം വേണ്െടന്നുവച്ചത്. തന്ത്രിക്കെതിരേ ദര്‍ശനവുമായി ബന്ധപ്പെട്ടു നടപടിക്കൊരുങ്ങുന്ന ഭരണസമിതി കഴിഞ്ഞ ഉത്സവത്തിനു പ്രധാന ചടങ്ങു നടക്കുന്ന സമയത്തു ഭക്തരെ അകത്തു പ്രവേശിപ്പിക്കാതെ വിവാദ തീരുമാനമെടുത്തിരുന്നു.

അന്നു നാലമ്പലത്തിനുള്ളില്‍ ഭരണസമിതിയംഗവും ക്ഷേത്രം മാനേജരുമായി അടിപിടിയുണ്ടാവുകയും ചെയ്തിരുന്നു. ഉത്സവബലി ദിവസം ദേവസ്വം ഭരണ സമിതി അംഗങ്ങളേയും കുടുംബക്കാരേയും മാത്രം നാലമ്പലത്തിനുള്ളില്‍ പ്രവേശിപ്പിച്ചാല്‍ മതിയെന്നു ഭരണസമിതി തീരുമാനം എടുത്തിരുന്നു.

ഇതിനു വിരുദ്ധമായി വിഐപിയെ നാലമ്പലത്തിനുള്ളില്‍ കയറ്റിയതു ചോദ്യം ചെയ്തതാണ് അന്ന് അടിപിടിയില്‍ കലാശിച്ചത്. ഇതു വിവാദമായിരുന്നു. ഇതിന്റെ അന്വേഷണം നടന്നു വരികയാണ്. കഴിഞ്ഞ തിങ്കളാഴ്ച ചെമ്പൈ സംഗീതോത്സവത്തില്‍ പ്രത്യേക കച്ചേരി സമയത്തു ദേവസ്വം ഭരണസമിതിയംഗം കച്ചേരി അവതരിപ്പിച്ചതും വിവാദമായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.