ഐഎഎസില്‍ തിരിച്ചെത്തിയ കമല വര്‍ധന റാവുവിനു ടൂറിസം സെക്രട്ടറിയായി നിയമനം
Thursday, November 27, 2014 12:52 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: റവന്യു സെക്രട്ടറിയായിരിക്കെ ഐഎഎസില്‍നിന്നു രാജിവച്ച കമല വര്‍ധന റാവുവിനു ടൂറിസം സെക്രട്ടറിയായി പുനര്‍നിയമനം നല്‍കി. ഐഎഎസില്‍നിന്നു രാജിവച്ച ശേഷം തിരികെ നിയമനം നല്‍കിയ സംസ്ഥാനത്തെ അപൂര്‍വ സംഭവമാണിത്.

ടൂറിസം വകുപ്പിനൊപ്പം ഭക്ഷ്യ- പൊതുവിതരണ ഉപഭോക്തൃവകുപ്പിന്റെ അധികച്ചുമതലയും നല്‍കിയിട്ടുണ്ട്. കടകംപള്ളി ഭൂമിതട്ടിപ്പു കേസുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജിനെതിരേ റവന്യു സെക്രട്ടറിയായിരുന്ന കമല വര്‍ധന റാവു ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്നു സ്വയം വിരമിക്കല്‍ പദ്ധതി പ്രകാരം ഐഎഎസ് ഉപേക്ഷിക്കുകയായിരുന്നു. പിന്നീടു സ്വന്തം നാടായ ആന്ധ്രപ്രദേശിലെ സ്വകാര്യ ചാനലില്‍ ജോലിക്കു ചേര്‍ന്നു. ചാനലില്‍നിന്നു രാജിവച്ച ശേഷം ഐഎഎസിലേക്കു തിരികെ വരാന്‍ ചീഫ് സെക്രട്ടറി വഴി സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചുകൊണ്ടു കത്തു നല്‍കി മടങ്ങി വരികയായിരുന്നു.

സ്വയം വിരമിക്കല്‍ പദ്ധതി വഴി സര്‍വീസ് ഉപേക്ഷിച്ച ശേഷം മൂന്നു മാസത്തിനകം മടങ്ങിവരാന്‍ സര്‍ക്കാരിനു കത്തു നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര പൊതുഭരണ മന്ത്രാലയത്തിന്റെ അനുമതിയോടെ പുനര്‍നിയമനം നല്‍കുകയായിരുന്നുവെന്നു ചീഫ് സെക്രട്ടറി ഇ.കെ. ഭരത് ഭൂഷണ്‍ ദീപികയോടു പറഞ്ഞു. സംസ്ഥാന സര്‍വീസില്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെ കുറവ് അനുഭവപ്പെടുന്നതിനിടയിലാണു മടങ്ങിവരാന്‍ താല്‍പര്യം പ്രകടിപ്പിച്ചു സര്‍ക്കാരിനു കത്തു നല്‍കിയത്. ഇന്നലത്തെ മന്ത്രിസഭായോഗം ഇദ്ദേഹത്തിന്റെ പുനര്‍നിയമനം അംഗീകരിച്ചു വിനോദ സഞ്ചാര സെക്രട്ടറിയായി നിയമനം നല്‍കി.


സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസറായ നളിനി നെറ്റോയെ ആഭ്യന്തര-വിജിലന്‍സ് വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി നിയമിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ഇവരെ ഇലക്ടറല്‍ ഓഫീസര്‍ പദവിയില്‍നിന്നു വിടുതല്‍ ചെയ്യണമെന്ന് അഭ്യര്‍ഥിച്ചു കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനു കത്തു നല്‍കി. തെരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതി ലഭിക്കുന്ന മുറയ്ക്കായിരിക്കും ആഭ്യന്തര സെക്രട്ടറിയായി നിയമിക്കുന്നത്. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി നിവേദിതാ പി. ഹരന്‍ ഈ മാസം 30നു വിരമിക്കുന്ന ഒഴിവിലാണു നിയമനം.

ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.കെ.എം.ഏബ്രാഹാമിന് ഉദ്യോഗസ്ഥഭരണ പരിഷ്കാരം, ശാസ്ത്ര- സാങ്കേതിക വകുപ്പുകളുടെ അധികച്ചുമതല നല്‍കി. അനധികൃത സ്വത്തുസമ്പാദന കേസില്‍ വിജിലന്‍സ് കേസില്‍ കുടുങ്ങിയ പൊതുമരാമത്തു സെക്രട്ടറി ടി.ഒ. സൂരജിനു പകരം മുഹമ്മദ് ഹനീഷിനു കഴിഞ്ഞ ദിവസം നിയമനം നല്‍കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.