ഡേവിസ് പൈനാടത്തിന് കേരളീയം മാധ്യമ പുരസ്കാരം
ഡേവിസ് പൈനാടത്തിന് കേരളീയം മാധ്യമ പുരസ്കാരം
Thursday, November 27, 2014 1:16 AM IST
തിരുവനന്തപുരം: ഗ്ളോബല്‍ കേരള ഇനിഷ്യേറ്റീവ് -കേരളീയം നല്കുന്ന 2014-ലെ വി.കെ. മാധവന്‍കുട്ടി സ്മാരക മാധ്യമ പുരസ്കാരത്തിനു ദീപിക തൃശൂര്‍ ന്യൂസ് എഡിറ്റര്‍ ഡേവിസ് പൈനാടത്ത് അര്‍ഹനായതായി മുന്‍ എംപി എം.എ. വഹാബ് പത്രസമ്മേളനത്തില്‍ അറിയിച്ചു. 30,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

കേരള സമൂഹത്തില്‍ ഏറെ സ്വാധീനം ചെലുത്തിയ കുടുംബശ്രീയുടെ പ്രവര്‍ത്തനം വിലയിരുത്തി തയാറാക്കിയ 'വികസനവഴിയിലെ വിജയശ്രീ' എന്ന പരമ്പരയാണു ഡേവിസിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്.

മനോരമ തിരുവനന്തപുരം ബ്യൂ റോ ചീഫ് റിപ്പോര്‍ട്ടര്‍ ജയന്‍ മേനോന്‍ അച്ചടിമാധ്യമ പുരസ്കാരം പങ്കിട്ടു. 'പഴ്സണലായിട്ടു പറയുവാ എന്ന പേരില്‍ പ്രസിദ്ധീകരിച്ച പരമ്പരയ്ക്കാണ് അവാര്‍ഡ്. ജയന്‍ മേനോനും 30,000 രൂപയും പ്രശസ്തിപത്രവും പുരസ്കാരമായി ലഭിക്കും. അങ്ങേയറ്റത്തെ മികവു പുലര്‍ത്തിയ രണ്ടു റിപ്പോര്‍ട്ടുകള്‍ക്കും അവാര്‍ഡ് നല്കാന്‍ ജൂറി ഏകകണ്ഠമായി തീരുമാനിച്ചതായി ജൂറി അംഗങ്ങള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ദൃശ്യമാധ്യമങ്ങളിലെ മികച്ച റിപ്പോര്‍ട്ടിംഗിനുള്ള പുരസ്കാരം ഏഷ്യാനെറ്റ് ന്യൂസ് തിരുവനന്തപുരം ബ്യൂറോ റിപ്പോര്‍ട്ടര്‍ പി.ആര്‍. പ്രവീണയും മനോരമ ന്യൂസ് പത്തനംതിട്ട ബ്യൂറോയിലെ റിപ്പോര്‍ട്ടര്‍ ബി.എല്‍. അരുണും പങ്കിട്ടു.

ഗ്ളോബല്‍ കേരള ഇനിഷ്യേറ്റീവ്- കേരളീയം സ്ഥാപക പ്രസിഡന്റും പ്രശസ്ത മാധ്യമപ്രവര്‍ത്തകനുമായിരുന്ന വി.കെ. മാധവന്‍കുട്ടിയുടെ സ്മരണാര്‍ഥമാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.


ഉന്നതവിദ്യാഭ്യാസ കൌണ്‍സില്‍ വൈസ് ചെയര്‍മാന്‍ ടി.പി. ശ്രീനിവാസന്‍ അധ്യക്ഷനും എസ്.ആര്‍. ശക്തിധരന്‍ മെമ്പര്‍ സെക്രട്ടറിയും ബിഎസ്എഫ് മുന്‍ ഡയറക്ടര്‍ ജനറല്‍ രമണ്‍ ശ്രീവാസ്തവ, മംഗളം അസോസിയേറ്റ് എഡിറ്റര്‍ ആര്‍. അജിത്കുമാര്‍, കേരള കൌമുദി ഡെപ്യൂട്ടി എഡിറ്റര്‍ എസ്. രാധാകൃഷ്ണന്‍ അംഗങ്ങളുമായ സമിതിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്.

പത്രസമ്മേളനത്തില്‍ എസ്.ആര്‍. ശക്തിധരന്‍, കര്‍ണാടക മുന്‍ ചീഫ് സെക്രട്ടറിയും മന്ത്രിയുമായിരുന്ന ഡോ. ജെ. അലക്സാണ്ടര്‍, ജി. രാജ്മോഹന്‍ ഉണ്ണിത്താന്‍ എന്നിവര്‍ പങ്കെടുത്തു. പ്രസ് കൌണ്‍സില്‍ ഓഫ് ഇന്ത്യയുടെ സ്ത്രീശക്തി അവാര്‍ഡ്, കേരള പ്രസ് അക്കാഡമിയുടെ മികച്ച അന്വേഷണാത്മക റിപ്പോര്‍ട്ടിനുള്ള ചൊവ്വര പരമേശ്വരന്‍ അവാര്‍ഡ്, കൊളംബിയര്‍ അവാര്‍ഡ് എന്നിവയും ഡേവിസ് പൈനാടത്തിന്റെ പരമ്പരയ്ക്കു ലഭിച്ചിരുന്നു.

കറുകുറ്റി പൈനാടത്ത് പരേതനായ വര്‍ഗീസിന്റെയും ത്രേസ്യക്കുട്ടിയുടെയും മകനായ ഡേവിസ് ഒല്ലൂരിലാണു താമസം. ഭാര്യ: ലീജ. മക്കള്‍: ഡോണ്‍ ഡേവിസ് (നിര്‍മലമാതാ സെന്‍ട്രല്‍ സ്കൂള്‍, തൃശൂര്‍), ദിയ റോസ് ഡേവിസ് (സെന്റ് പോള്‍സ് പബ്ളിക് സ്കൂള്‍, കുരിയച്ചിറ).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.