ക്രൈസ്തവ സമൂഹങ്ങളുടെ ഐക്യം വത്തിക്കാന്‍ കൌണ്‍സിലിന്റെ പ്രഖ്യാപിത ലക്ഷ്യം: മാര്‍ പവ്വത്തില്‍
ക്രൈസ്തവ സമൂഹങ്ങളുടെ ഐക്യം വത്തിക്കാന്‍ കൌണ്‍സിലിന്റെ പ്രഖ്യാപിത ലക്ഷ്യം: മാര്‍ പവ്വത്തില്‍
Thursday, November 27, 2014 1:17 AM IST
വടവാതൂര്‍: വത്തിക്കാന്‍ കൌണ്‍സിലിന്റെ പ്രഖ്യാപിത ലക്ഷ്യം ക്രൈസ്തവ സമൂഹങ്ങളുടെ ഐക്യം ആയിരുന്നുവെന്ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍. വടവാതൂര്‍ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയില്‍ ആരംഭിച്ച അന്തര്‍ദേശീയ സഭൈക്യ ദൈവശാസ്ത്ര സിമ്പോസിയം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സഭാശാസ്ത്രത്തിന്റെ മൂലക്കല്ലായി രണ്ടാം വത്തിക്കാന്‍ സൂനഹദോസില്‍ അവതരിപ്പിച്ച സഭൈക്യം, പൌരസ്ത്യസഭകള്‍, തിരുസഭ എന്നീ പ്രമാണരേഖകളുടെ പ്രസാധനത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന വേളയില്‍ സഭകള്‍ തമ്മിലുള്ള ഐക്യം വളര്‍ന്ന് മതാത്മക ഐക്യദാര്‍ഢ്യത്തിലേയ്ക്കു കടക്കണമെന്ന് മാര്‍ പവ്വത്തില്‍ പറഞ്ഞു.

സമ്മേളനത്തില്‍ പൌരസ്ത്യ വിദ്യാപീഠം പ്രസിഡന്റ് റവ. ഡോ. വിന്‍സെന്റ് ആലപ്പാട്ട് സ്വാഗതവും സെമിനാരി റെക്ടര്‍ റവ. ഡോ. അലക്സ് താരാമംഗലം ആശംസയും റവ. ഡോ. ജോണ്‍സണ്‍ വടക്കുംചേരി നന്ദിയും പറഞ്ഞു. വിവിധ വിഷയങ്ങളില്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, റവ. ഡോ. അദ്ദായി ജേക്കബ്, പ്രഫ. ഡോ. കുഞ്ചെറിയ പത്തില്‍, റവ. ഡോ. പോളി മണിയാട്ട് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. കോട്ടയം സെന്റ് ആന്‍സ് സ്കൂള്‍, ഗിരിദീപം സ്കൂള്‍, ശ്രുതി മ്യൂസിക് സ്കൂള്‍ എന്നിവിടങ്ങളിലെ കലാകാരന്മാരുടെ കലാപരിപാടികള്‍ സിമ്പോസിയത്തിന് മിഴിവേകി. സമാപനദിനമായ ഇന്നു വിവിധ വിഷയങ്ങളെ അധികരിച്ച് ഡോ. കോശി വൈദ്യന്‍, ബിഷപ് ഏബ്രഹാം മാര്‍ യൂലിയോസ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.


വിവിധ ക്രൈസ്തവ സഭാ മേലധ്യക്ഷന്മാര്‍ പങ്കെടുക്കുന്ന സഭൈക്യ സമാപനസമ്മേളനത്തോടെ സിമ്പോസിയം അവസാനിക്കും. വടവാതൂര്‍ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിലെ വൈദികരും വൈദിക വിദ്യാര്‍ഥികളുമാണ് സിമ്പോസിയത്തിന് നേതൃത്വം നല്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.