ഗുരുവിനെക്കുറിച്ചു പുതിയ തലമുറ ആഴത്തില്‍ പഠിക്കണം: മുഖ്യമന്ത്രി
ഗുരുവിനെക്കുറിച്ചു പുതിയ തലമുറ ആഴത്തില്‍ പഠിക്കണം: മുഖ്യമന്ത്രി
Thursday, November 27, 2014 1:19 AM IST
തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിനെക്കുറിച്ചു പുതിയ തലമുറ ആഴത്തില്‍ പഠിക്കണമെന്നും അതിനായി പാഠ്യപദ്ധതിയില്‍ ദൈവദശകം ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ദൈവദശകം പകര്‍പ്പ് എല്ലാ സ്കൂളുകളിലും പ്രദര്‍ശിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശ്രീനാരായണ ഗുരു കുട്ടികള്‍ക്കായി രചിച്ച പ്രാര്‍ഥനാ ശ്ളോകം ദൈവദശകത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ചു പട്ടം ഗവണ്‍മെന്റ് ഗേള്‍സ് മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ശ്രീനാരായണ അന്തര്‍ദേശീയ പഠനകേന്ദ്രം സംഘടിപ്പിച്ച പഠന- പ്രചാരണ പരിപാടികളുടെ ഭാഗമായി ദൈവദശകം കോപ്പികളുടെ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

സാംസ്കാരിക മന്ത്രി കെ.സി.ജോസഫ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഹയര്‍സെക്കന്‍ഡറി മുതല്‍ യൂണിവേഴ്സിറ്റിതലം വരെ ദൈവശദശകം പഠനവിഷയമാക്കുമെന്നും മന്ത്രി പറഞ്ഞു. എസ്.ശര്‍മ എംഎല്‍എ കോപ്പി ഏറ്റുവാങ്ങി. ശ്രീനാരായണ അന്തര്‍ദേശീയ പഠനകേന്ദ്രം ഡയറക്ടര്‍ അഡ്വ.ടി.കെ.നാരായണദാസ്, ശ്രീനാരായണ ധര്‍മസംഘം ട്രസ്റ് ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, സാംസ്കാരിക സെക്രട്ടറി റാണി ജോര്‍ജ്, ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് അഡീഷണല്‍ ഡയറക്ടര്‍ സി.രമേശ് കുമാര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എസ്.സുജാത, പ്രിന്‍സിപ്പല്‍ സി.ജ്യോതി, പി.ടി.എ. പ്രസിഡന്റ് ജി.ബാലചന്ദ്രന്‍ നായര്‍, ഹെഡ്മിസ്ട്രസ് സാലി ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.