മുഖപ്രസംഗം: മുല്ലപ്പെരിയാര്‍ സംഘത്തില്‍നിന്നു ബിജെപി വിട്ടുനില്‍ക്കരുത്
Friday, November 28, 2014 11:20 PM IST
മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് കേരളത്തിന്റെ ആശങ്കകള്‍ പ്രധാനമന്ത്രിയെ അറിയിക്കാനുള്ള സര്‍വകക്ഷിസംഘം പ്രതിനിധിസംഘമായി ചുരുങ്ങിപ്പോയതു നിര്‍ഭാഗ്യകരമായി. ബിജെപി സംസ്ഥാനഘടകം സംഘത്തില്‍ ചേരാന്‍ വിസമ്മതിച്ചതാണ് ഇത്തരമൊരു സാഹചര്യം സംജാതമാക്കിയത്. പ്രധാനമന്ത്രിയെ കാണാനുള്ള പ്രതിനിധി സംഘത്തില്‍ ബിജെപി നേതാക്കളും ഉണ്ടാകണമെന്നു തിരുവനന്തപുരത്തു മുഖ്യമന്ത്രിയുടെയും പ്രതിപക്ഷനേതാവിന്റെയും സാന്നിധ്യത്തില്‍ നടന്ന സര്‍വകക്ഷിയോഗത്തില്‍ നിര്‍ദേശം ഉയര്‍ന്നിരുന്നു. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേരളത്തിന്റെ നിലപാടുകള്‍ ദുര്‍ബലമാണെന്നും കേന്ദ്രത്തിനുപോലും അതില്‍ ഇടപെടാനാവാത്ത സ്ഥിതിയാണെന്നും പറഞ്ഞാണു ബിജെപി പ്രതിനിധിസംഘത്തില്‍നിന്നു വിട്ടുനിന്നത്. കേന്ദ്രത്തില്‍ ഭരണം നടത്തുന്ന കക്ഷിയുടെ പ്രതിനിധികള്‍ സംസ്ഥാനത്തിന്റെ പൊതുവായ ആവശ്യത്തിനുവേണ്ടി പോകുന്ന സംഘത്തില്‍നിന്നു വിട്ടുനില്‍ക്കുന്നതു തികച്ചും അനുചിതമാണ്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷിതത്വത്തെക്കുറിച്ചു കേരളം ആശങ്കപ്പെടാന്‍ തുടങ്ങിയിട്ടു നാളുകളേറെയായി. അണക്കെട്ടിന്റെ താഴ്വാരങ്ങളിലുള്ള ജനങ്ങള്‍ ജീവഭയത്തോടെയാണ് അവിടെ കഴിയുന്നത്. പതിറ്റാണ്ടുകള്‍ക്കുശേഷം ആദ്യമായി 136 അടി പിന്നിട്ട ജലനിരപ്പ് 142 അടിവരെയാക്കി നിലനിര്‍ത്തിയശേഷമാണ് തമിഴ്നാട് ഇപ്പോള്‍ ജലം ഒഴുക്കിവിട്ടുകൊണ്ടിരിക്കുന്നത്. ജലനിരപ്പ് 142 അടി ആകാമെന്ന സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടിയായിരുന്നു കേരളത്തിന്റെ എതിര്‍പ്പുകളെയും ആശങ്കകളെയുമെല്ലാം തൃണവത്ഗണിച്ച് തമിഴ്നാട് ജലനിരപ്പു പരമാവധിയാക്കിയത്. ജലനിരപ്പ് ഇത്രയും ഉയര്‍ത്തിയതുകൊണ്ടു സുരക്ഷാ പ്രശ്നമൊന്നുമില്ലെന്നു കാട്ടാനുള്ള തന്ത്രംകൂടിയായിരുന്നു അത്. ജലനിരപ്പ് ഇനിയും ഉയര്‍ത്തണമെന്ന ആവശ്യം കോടതിമുമ്പാകെ അവര്‍ക്ക് ഉന്നയിക്കാനും ഇതു സഹായകമായേക്കും.

ജലനിരപ്പ് ഉയര്‍ന്നുനിന്നപ്പോള്‍ മേല്‍നോട്ട സമിതി അണക്കെട്ടില്‍ പരിശോധനയ്ക്കെത്തിയിരുന്നു. കേരളത്തിന്റെ പ്രതിനിധിയുടെ വാദങ്ങള്‍ മുഖവിലയ്ക്കെടുക്കാതെ അണക്കെട്ടു സുരക്ഷിതമാണെന്ന നിലപാടാണു സമിതി അധ്യക്ഷന്‍ എല്‍.എ.വി. നാഥന്‍ സ്വീകരിച്ചത്. ബേബി ഡാമിന്റെ ഭാഗത്തുള്ള ചോര്‍ച്ച കേരളത്തിന്റെ പ്രതിനിധി ചൂണ്ടിക്കാട്ടിയപ്പോള്‍ അത് അണക്കെട്ടിന്റെ വിയര്‍പ്പാണെന്നു പറഞ്ഞു നിസാരവത്കരിക്കാനായിരുന്നു തമിഴ്നാട് പ്രതിനിധിയുടെ ശ്രമം. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയെക്കുറിച്ചു കേരളം ആശങ്കപ്പെടുമ്പോഴെല്ലാം ഇത്തരം നിസാരവത്കരണ നീക്കങ്ങള്‍ തമിഴ്നാടിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാറുണ്ട്. 'തമിഴ്നാടിനു ജലം, കേരളത്തിനു സുരക്ഷ'’ എന്ന തികച്ചും ഉദാരവും ന്യായയുക്തവുമായ നിലപാടാണ് കേരളം മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ എക്കാലവും സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍, തമിഴ്നാട് നിലപാട് അങ്ങേയറ്റം സ്വാര്‍ഥപൂര്‍ണവും മാനുഷിക പരിഗണനപോലുമില്ലാത്തതുമാണ്.

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയിലെത്തിച്ചു വിജയശ്രീലാളിതരായി നില്‍ക്കുന്ന തമിഴ്നാട് അവിടെ കൂടുതല്‍ പിടിമുറുക്കാനുള്ള ശ്രമത്തിലാണ്. പൂര്‍ണമായും കേരളത്തിലൂടെ ഒഴുകുന്ന വെള്ളം കേരളത്തിനുള്ളില്‍ സ്ഥിതിചെയ്യുന്ന അണക്കെട്ടില്‍ സൂക്ഷിച്ച് തങ്ങള്‍ക്കു വേണ്ടപോലെ ചോര്‍ത്തിക്കൊണ്ടുപോകാന്‍ സാധിക്കുന്നതില്‍ തമിഴ്നാട് കേരളത്തോടു നന്ദികാട്ടുകയാണു വേണ്ടത്. അതിനുപകരം പഴകിദ്രവിച്ചൊരു കരാറിന്റെ സാങ്കേതികത്വം ഉയര്‍ത്തിപ്പിടിച്ച് ധാര്‍ഷ്ട്യം പ്രകടിപ്പിക്കുകയാണവര്‍. കേരളത്തിലെ ജനങ്ങളുടെ ആശങ്കയെക്കുറിച്ച് ആലോചിക്കാന്‍പോലും അവര്‍ തയാറാകുന്നില്ല. ഇത്തരമൊരു സാഹചര്യത്തില്‍, കേരളത്തിന്റെ ഇതുവരെയുള്ള നിലപാടു ദുര്‍ബലമായിരുന്നുവെന്ന കാരണം പറഞ്ഞു ബിജെപി സര്‍വകക്ഷി പ്രതിനിധിസംഘത്തില്‍നിന്നു മാറിനിന്നത് ഇനിയും ക്ഷീണമുണ്ടാക്കും. കേരളത്തിന്റെ നിലപാടുകളില്‍ എന്തെങ്കിലും വീഴ്ചകള്‍ ഉണ്ടായിട്ടുണ്െടങ്കില്‍ അവ പരിഹരിച്ചു കൂടുതല്‍ ജാഗ്രതയോടെ മുന്നോട്ടു പോകാനാണല്ലോ മുഖ്യമന്ത്രി സര്‍വകക്ഷിയോഗം വിളിച്ചുകൂട്ടിയത്.


മുല്ലപ്പെരിയാറിലെ ഇപ്പോഴത്തെ സാഹചര്യം കൂടുതല്‍ ഗൌരവമര്‍ഹിക്കുന്നതാണ്. കോടതിവിധിയുടെയും മേല്‍നോട്ടസമിതി പിന്തുണയുടെയും ബലത്തില്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കൂടുതല്‍ കടുത്ത നടപടികള്‍ സ്വീകരിക്കാനുള്ള തയാറടുപ്പിലാണു തമിഴ്നാട്. ഈ സാഹചര്യത്തില്‍ കേരളത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയകക്ഷികളും അഭിപ്രായവ്യത്യാസങ്ങള്‍ മറന്ന് ഒറ്റക്കെട്ടായി നില്‍ക്കുകയാണു വേണ്ടത്. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ രാഷ്ട്രീയ ഇടപെടലിന്റെ സാധ്യതയെക്കുറിച്ച് ഒരവസരത്തില്‍ സുപ്രീംകോടതിതന്നെ ചൂണ്ടിക്കാട്ടിയിരുന്നു. കോടതി ഉത്തരവുകള്‍ അവസാനവാക്കാണെന്നു കരുതി മുല്ലപ്പെരിയാര്‍ താഴ്വരയിലെ ജനങ്ങളെ അപകടത്തിലേക്കു തള്ളിവിടാന്‍ നമുക്കാവില്ല. അവരുടെ സംരക്ഷണത്തിനുള്ള പരമാവധി കാര്യങ്ങള്‍ ചെയ്യേണ്ടിയിരിക്കുന്നു. പ്രധാനമന്ത്രിയെ സന്ദര്‍ശിക്കുന്ന അവസരത്തില്‍ കേരളത്തിലെ എല്ലാ പാര്‍ട്ടികളുടെയും നേതാക്കള്‍ ഇല്ലാതെ പോകുന്നതു സംസ്ഥാനത്തിന്റെ താത്പര്യങ്ങളെ ദോഷകരമായി ബാധിക്കും. അതിനുള്ള സാഹചര്യം കേരളത്തിലെ ബിജെപി നേതൃത്വം സൃഷ്ടിക്കരുത്.

അണക്കെട്ടില്‍ ജലനിരപ്പ് 142 അടിയായപ്പോള്‍ സമീപ പ്രദേശത്തെ ആവാസവ്യവസ്ഥയ്ക്കും പരിസ്ഥിതിക്കും കാര്യമായ ക്ഷതം സംഭവിച്ചു. ഇക്കാര്യം ഹരിത ട്രൈബ്യൂണലിന്റെ മുമ്പാകെ ബോധിപ്പിക്കാന്‍ സര്‍വകക്ഷിയോഗം തീരുമാനിച്ചിട്ടുണ്ട്. ഇത്തരം പുതിയ സാഹചര്യങ്ങള്‍കൂടി പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരേണ്ടതാണ്. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ, പ്രത്യേകിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ, നിലപാടിനും തീരുമാനങ്ങള്‍ക്കും നിര്‍ണായക സ്വാധീനമുണ്ടാകാമെന്നിരിക്കേ, ബിജെപി സംസ്ഥാന നേതൃത്വം തങ്ങളുടെ നിലപാടു പുനഃപരിശോധനയ്ക്കു വിധേയമാക്കുകതന്നെ വേണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.